
''ബീഫ് കഴിക്കുന്നവനെ രാമനാക്കി!'', രാമായണം സിനിമക്കെതിരേ പുതിയ ആരോപണം
മുംബൈ: നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണം സിനിമയെ ലക്ഷ്യമിട്ട് പുതിയ ആരോപണം. ബീഫ് കഴിക്കുന്ന ശീലമുള്ള രൺബീർ കപൂറിനെ രാമനായി അഭിനയിപ്പിക്കുന്നത് ശരിയല്ലെന്നാണ് സോഷ്യൽ മീഡിയ വഴി നടക്കുന്ന പ്രചരണം. സായ് പല്ലവിക്കുന്ന സീതയായി അഭിനയിക്കാനുള്ള സൗന്ദര്യമില്ലെന്ന പ്രചാരണങ്ങൾക്കു പിന്നാലെയാണ് പുതിയ വിവാദത്തിനുള്ള ശ്രമം.
എന്നാൽ, സായ് പല്ലവിയിൽ നിന്നു വ്യത്യസ്തമായി രൺബീർ കപൂറിന്‍റെ കാര്യത്തിൽ കൂടുതൽ സരസമായ പ്രതികരണങ്ങളാണ് പ്രചാരണത്തിനു ലഭിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യത്ത് രാമനാകാൻ ബീഫ് കഴിക്കുന്ന ആൾ തന്നെയാണു നല്ലതെന്ന് ഒരു മറുപടി.
ബീഫ് കഴിക്കുന്ന ആൾ തന്നെയാണ് സിനിമയ്ക്ക് സംഗീതവും നൽകുന്നതെന്ന്, എ.ആർ. റഹ്മാന്‍റെ പേരെടുത്തു പറയാതെ മറ്റൊരാൾ പ്രതികരിച്ചിട്ടുണ്ട്.
എന്നാൽ, ബോളിവുഡിന് കാര്യമായി എന്തോ സംഭവിച്ചിരിക്കുന്നു എന്ന മട്ടിലാണ് തീവ്ര ഹിന്ദുത്വവാദികളുടെ പ്രതികരണങ്ങൾ. പഴയൊരു അഭിമുഖത്തിലാണ് താൻ ബീഫ് കഴിക്കാറുണ്ടെന്ന് രൺബീർ വെളിപ്പെടുത്തിയത്. ഇതാണ് ഇപ്പോൾ പലർക്കും പ്രകോപനമായിരിക്കുന്നത്.
ബലാത്സംഗ കേസിൽ ശിക്ഷ അനുഭവിക്കുന്ന സന്ന്യാസിക്ക് പരോൾ കിട്ടുന്ന രാജ്യത്ത് ബീഫ് കഴിക്കുന്നതാണോ വലിയ പ്രശ്നമെന്ന് ഗായിക ചിന്മയി ശ്രീപദ ചോദിക്കുന്നു.