

സംസ്ഥാനത്ത് വൈദ്യുത നിയന്ത്രണം തുടരുന്നത് ജനങ്ങളെ ദുരിതത്തിലാക്കുകയാണ്. പല സ്ഥലങ്ങളിലും മണിക്കൂറുകളോളമാണ് വൈദ്യുത നിയന്ത്രണമുള്ളത്. ഇപ്പോൾ പവർക്കട്ടിന് എതിരേ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. പൊതുജനങ്ങളുടെ ദുരിതങ്ങൾ വ്യക്തമാക്കുന്ന വിഡിയോകളും കുറിപ്പുകളും പങ്കുവച്ചാണ് അവർ സർക്കാരിനെതിരേ രംഗത്തെത്തിയത്.
സോഷ്യൽ മീഡിയയിൽ ആളുകൾ വൈദ്യുതി നിയന്ത്രണത്തിനെതിരേ പങ്കുവച്ച വിഡിയോകളാണ് ഭാഗ്യലക്ഷ്മി തന്‍റെ അക്കൗണ്ടിൽ ഷെയർ ചെയ്തിരിക്കുന്നത്. ഉറക്കം നഷ്ടപ്പെട്ട് കരയുന്ന കൈ കുഞ്ഞുങ്ങളുമായി ഇരിക്കുന്ന അമ്മമാരേയും പഠിക്കാനാവാതെ ഇരിക്കുന്ന വിദ്യാർഥിയേയുമെല്ലാം വിഡിയോയിൽ കാണാം. മന്ത്രിമാർക്ക് ജനറേറ്ററും ഇൻവർട്ടറുമുള്ളതുകൊണ്ട് ഒന്നും അറിയണ്ട.. എന്നും ഭാഗ്യലക്ഷ്മി കുറിക്കുന്നുണ്ട്.
കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയെക്കുറിച്ചും കറന്‍റ് ചാർജ് വർധനവിനെക്കുറിച്ചും വി.ഡി. സതീശൻ നിയമസഭയിൽ നടത്തിയ പ്രസംഗത്തിന്‍റെ വിഡിയോ പങ്കുവച്ച് ഇപ്പോൾ കറണ്ട് എവിടെ എന്ന് ചോദിക്കുന്ന വിഡിയോയും ഭാഗ്യലക്ഷ്മി പങ്കുവച്ചിട്ടുണ്ട്. കൂടാതെ എല്ലാ മലയാളികൾക്കും സ്നേഹത്തിന്‍റേയും ഐശ്വര്യത്തിന്‍റേയും ഇന്ദിരാ പവർകട്ട് ആശംസകൾ എന്ന പോസ്റ്ററും ഭാഗ്യലക്ഷ്മി സ്റ്റോറിയാക്കി.