

പ്രഥമ ബിച്ചു തിരുമല പുരസ്കാരം മധുവിന്.
തിരുവനന്തപുരം: സ്നേഹമലർ കൊണ്ട് ഗാനവസന്തം തീർത്ത ദേശീയ ബാലതരംഗം രക്ഷാധികാരി കൂടിയായിരുന്ന ബിച്ചു തിരുമലയുടെ സ്മരണാർഥം ഏർപ്പെടുത്തിയ പ്രഥമ ബിച്ചു തിരുമല പുരസ്കാരം ചലച്ചിത്ര നടൻ മധുവിന്.
ഡോ. ജോർജ് ഓണക്കൂർ, ബാലു കിരിയത്ത്, ഡോ. എം.ആർ. തമ്പാൻ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാവിനെ നിശ്ചയിച്ചത്. ഒരു ലക്ഷത്തി ഒന്ന് (1,00001) രൂപയും ആർട്ടിസ്റ്റ് നമ്പൂതിരി രൂപകൽപ്പന ചെയ്ത ഉപഹാരവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്കാരം.
ബിച്ചു തിരുമലയുടെ അഞ്ചാം ചരമവാർഷിക ദിനമായ നവംബർ 26-ന് തിരുവനന്തപുരം സെനറ്റ് ഹാളിൽ, മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്ന ദേശീയ ബാലതരംഗത്തിന്റെ 'രാകേന്ദു കിരണങ്ങൾ' എന്ന സ്മൃതി സായാഹ്ന പരിപാടിയിൽ വച്ചാണ് പുരസ്കാരം സമർപ്പിക്കുന്നത്. മന്ത്രിമാരായ കെ. മുരളീധരൻ, പി.സി. വിഷ്ണനാഥ്, സി.പി. ജോൺ തുടങ്ങി സാമൂഹിക, സാംസ്കാരിക, ചലച്ചിത്ര മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും. ദേശീയ ബാലതരംഗം സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
അനുസ്മരണ സമ്മേളനത്തെ തുടർന്ന് ബിച്ചു തിരുമലയുടെ തെരഞ്ഞെടുത്ത ജനപ്രിയ ഗാനങ്ങൾ കോർത്തിണക്കി റിഗാറ്റ ഗിരിജ നേതൃത്വം നൽകുന്ന നൃത്താവിഷ്കാരവും മധു ബാലകൃഷ്ണൻ, കൃഷ്ണചന്ദ്രൻ, കല്ലറ ഗോപൻ, രാകേഷ് ബ്രഹ്മാനന്ദൻ, പന്തളം ബാലൻ, അഖില ആനന്ദ്, പ്രീത, ലക്ഷ്മി രംഗൻ, അപർണ രാജീവ്, വൃന്ദ മേനോൻ, അൽക്ക അഷ്കർ തുടങ്ങിയയവർ നയിക്കുന്ന ഗാനാഞ്ജലിയും ഉണ്ടായിരിക്കും.
കെ. മുരളീധരൻ ചെയർമാനായും ദേശീയ ബാലതരംഗം ചെയർമാൻ അഡ്വ. ടി. ശരത്ചന്ദ്രപ്രസാദ് ജനറൽ കൺവീനറും ചലച്ചിത്ര സംവിധായകൻ ടി എസ് സുരേഷ് ബാബു പ്രോഗ്രാം ഡയറക്ടറായും കല്ലിയൂർ ശശി പ്രോഗ്രാം കോ- ഓർഡിനേറ്ററായും രാകേഷ് ബ്രഹ്മാനന്ദൻ മ്യൂസിക് കോ-ഓർഡിനേറ്ററായും അജയ് തുണ്ടത്തിൽ പിആർഒ ആയും 'രാകേന്ദു കിരണങ്ങൾ' സ്വാഗതസംഘം രൂപീകരിച്ചു.