

അസൂയയ്ക്ക് മരുന്നില്ലെന്ന് അനുമോൾ, പിആർ രക്ഷിക്കട്ടേ എന്ന് അനീഷ്; ഇപ്പോഴാണോ പോരടിക്കാൻ സമയം കിട്ടിയതെന്ന് നെറ്റിസൺസ്
മലയാളം ബിഗ് ബോസ് വിജയിയും ഫസ്റ്റ് റണ്ണറപ്പുമായ അനുമോളും അനീഷും തമ്മിൽ വാക്പോര്. ഷോയുടെ ഫൈനലിന് പിന്നാലെ അനുമോളല്ല അനീഷാണ് യഥാർഥ വിജയ് എന്നും അനുമോളുടെ വിജയം പിആറിന്‍റെ ബലത്തിലാണെന്നുമെല്ലാം വലിയ വാഗവാദങ്ങൾ പ്രേക്ഷകർക്കിടയിൽ ഉണ്ടായിരുന്നു. എന്നാൽ അനുമോൾക്ക് അർഹിച്ച അംഗീകാരമാണ് ലഭിച്ചതെന്ന് പറഞ്ഞ് നിരവധി ആരാധകർ രംഗത്തെത്തിയതും മലയാളികൾ കണ്ടതാണ്.
ഇപ്പോഴിതാ ഷോ കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിരിക്കുമ്പോൾ സോഷ്യൽ മീഡിയയിൽ പോരടിക്കുകയാണ് അനീഷും അനുമോളും. കഴിഞ്ഞ ദിവസം നടന്നൊരു അവാർഡ് ചടങ്ങിൽ അനീഷും അനുമോളും പങ്കെടുത്തിരുന്നു. അനീഷിന് ആയിരുന്നു പുരസ്കാരം. ശേഷം അനീഷ് ഫെയ്സ്ബുക്കിലിട്ട പോസ്റ്റിലെ വരികളാണ് പുതിയ ചർച്ചകൾക്ക് വഴിവച്ചത്. 'ടെലിവിഷൻ കോമഡി പ്രോഗ്രാമുകളിൽ പങ്കെടുത്തിരുന്ന അനുമോളുമാണ് പുരസ്‌കാരം നൽകിയത്', എന്നതായിരുന്നു ആ വാചകം. അനീഷിന് ഇപ്പോഴും അനുമോൾ വിജയി ആയെന്ന് വിശ്വസിക്കാനായിട്ടില്ലെന്നും താനാണ് വിജയി എന്ന് പറഞ്ഞ് നടക്കുകയാണെന്നും പിന്നാലെ വിമർശനങ്ങളുയർന്നു.
വിമർശനങ്ങൾക്ക് പിന്നാലെ അനുമോൾ പ്രതികരണവുമായി രംഗത്ത് എത്തി. "വിജയിച്ചവര്‍ മുന്നോട്ട് പോകും. ജയിക്കാന്‍ പറ്റാത്തവര്‍ പഴയ കഥകള്‍ പറഞ്ഞോണ്ടിരിക്കും. നമ്മളെ ചെറുതാക്കി കാണിക്കാന്‍ ചിലര്‍ ശ്രമിക്കും. പക്ഷേ സത്യമായ കഴിവ് ഒരാളുടെ വാക്കുകളില്‍ അല്ല, ആളുകളുടെ മനസിലാണ് തെളിയുന്നത്. എന്നെ ചെറുതാക്കി എഴുതാം. പക്ഷേ പതിനാറ് ലക്ഷം വോട്ടുകള്‍ ചെറുതാക്കാന്‍ ആരാലും കഴിയില്ല.
വിജയം ആരുടേയും കൃപയല്ല. അത് ജനങ്ങള്‍ നല്‍കുന്ന അംഗീകാരമാണ്. അതിന് അസൂയപ്പെട്ടിട്ട് ഒരു കാര്യവുമില്ല.എനിക്ക് കിട്ടേണ്ടത് എല്ലാം കിട്ടി. ട്രോഫി, കാര്‍, പ്രൈസ് മണി. അതിലും വലിയത് ജനങ്ങളുടെ സ്നേഹം. ഞാന്‍ എന്‍റെ യാത്രയില്‍ മുന്നോട്ട് പോകുന്നു. ചിലര്‍ ഇപ്പോഴും പഴയ മത്സരത്തില്‍ തന്നെ കുടുങ്ങിയിരിക്കുന്നു. ബിഗ് ബോസ് കഴിഞ്ഞിട്ട് 4 മാസം ആയി.. ഞാന്‍ മുന്നോട്ട് പോയി. പിആര്‍ കൊണ്ടല്ല.16 ലക്ഷം ആളുകളുടെ സ്നേഹമാണ് എന്നെ വിന്നറാക്കിയത്." എന്നായിരുന്നു അനുമോളുടെ പ്രതികരണം.
എന്നാലെ അനീഷുമെത്തി. "ആര്‍ക്കോ നന്നായി പൊള്ളുന്നുണ്ടല്ലോ.. അയ്യോ, ചിലര്‍ എല്ലാ മാസവും വീതം വെച്ച് കൊടുക്കുന്നതല്ലേ.. ആ റോബോട്ടിക് പിആറുകളും, പെയ്ഡ് പിആറുകളും രക്ഷക്കെത്തട്ടെ", എന്നായിരുന്നു അനീഷിന്‍റെ പ്രതികരണം.
എന്തായാലും ഇരുവരുടെയും പോര് സോഷ്യലിടത്ത് വലിയ ചർച്ചയായി മാറിയിട്ടുണ്ട്. ഇത്ര മാസം കഴിഞ്ഞിട്ടാണോ പോരടിക്കാൻ സമയം കിട്ടയതെന്നാണ് നെറ്റിസൺസ് ചോദിക്കുന്നത്. അനുമോളെ അനുകൂലിച്ചും അനീഷിനെ അനുകൂലിച്ചും പ്രേക്ഷകർ പക്ഷം ചേർന്ന് കമന്‍റ് ബോക്സുകളിൽ പോരടിക്കുന്നുമുണ്ട്.