താരമായി പുനർജനിച്ച താരപുത്രൻ

ബോബി ഡിയോൾ: 30 വർഷത്തെ കരിയർ, പരാജയവും തിരിച്ചുവരവും, 'ആനിമൽ', 'ആശ്രമം' പോലുള്ള ഹിറ്റുകൾ. ഷാരൂഖ്, സൽമാൻ എന്നിവരുടെ പിന്തുണയെക്കുറിച്ചും മോശം സമയങ്ങളെക്കുറിച്ചും താരം സംസാരിക്കുന്നു.
താരമായി പുനർജനിച്ച താരപുത്രൻ; ബോബി ഡിയോൾ | Bobby Deol fall and rise of 30 years

ബോബി ഡിയോൾ

Updated on
Summary

സിനിമാ ജീവിതത്തിൽ 30 വർഷം പൂർത്തിയാക്കിയ ബോളിവുഡ് താരം ബോബി ഡിയോളിൻ്റെ ജീവിതത്തിലെ ഉയർച്ചകളും താഴ്ചകളും തിരിച്ചുവരവും. 'ബർസാത്തി'ലൂടെ അരങ്ങേറ്റം കുറിച്ച ശേഷം, തുടർച്ചയായ ഹിറ്റുകൾക്കു പിന്നാലെ വലിയ പരാജയങ്ങളുടെ ഘട്ടം. 'ആശ്രമം', 'ആനിമൽ' എന്നീ പ്രോജക്റ്റുകളിലെ ശ്രദ്ധേയമായ വില്ലൻ വേഷങ്ങളിലൂടെ പുനർജനി. കരിയർ പ്രതിസന്ധിയിലായിരുന്നപ്പോൾ സഹായിച്ച ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ എന്നിവരോടുള്ള നന്ദിയും, കുടുംബത്തിൻ്റെ പിന്തുണയെക്കുറിച്ചും അദ്ദേഹം വിവരിക്കുന്നു.

''ഹം കോ സിർഫ് തും സെ പ്യാർ ഹേ...'' എന്നു കേട്ടാൽ മനസിലാകാനുള്ള ഹിന്ദിയൊക്കെ 'ബംഗാളികൾ' വരും മുൻപേ മലയാളിക്കറിയാം. കേരളത്തിൽ ബോളിവുഡ് സിനിമകൾക്ക് വൻ നഗരങ്ങളിൽ മാത്രം റിലീസുള്ള തൊണ്ണൂറുകളിൽ ദൂരദർശനിലൂടെ മലയാളികൾ ഏറ്റെടുത്ത പാട്ടായിരുന്നു അത്. ചിത്രഹാറിൽ ഈയാഴ്ച ഹം കോ സിർഫ് തും സെ പ്യാർ ഹേ വന്നാൽ അടുത്ത ആഴ്ച ''നഹീ യേ ഹോ നഹീ സക്താ കി തേരി യാദ് നാ ആയേ...'' ഉണ്ടാവും, അതു കുമാർ സാനു ഫാൻസിന്‍റെ ഒരു വിശ്വാസമായിരുന്നു.

അമിതാഭ് ബച്ചന്‍റെയും രാജേഷ് ഖന്നയുടെയുമൊക്കെ താരപ്പൊലിമ കുറഞ്ഞ്, ഖാൻ ത്രയം ബോളിവുഡ് താരചക്രവർത്തിമാരായി ചുവടുറപ്പിക്കുന്ന കാലം. ആ സമയത്താണ്- കൃത്യമായി പറഞ്ഞാൽ 1995 ഒക്റ്റോബർ ആറിന്, ഒരു പുതുമുഖ ചിത്രം റിലീസ് ചെയ്യുന്നത് - ആധുനിക സിനിമാ ഭാഷയിൽ പറഞ്ഞാൽ, രണ്ടു നെപ്പോ കിഡ്സ് അരങ്ങേറ്റം കുറിച്ച ചിത്രം; ബർസാത്.

നായിക, രാജേഷ് ഖന്നയുടെയും ഡിംപിൾ കപാഡിയയുടെയും മകൾ- ട്വിങ്കിൾ ഖന്ന; ഇപ്പോൾ എഴുത്തുകാരിയും ഇന്‍റീരിയർ ഡിസൈനറുമൊക്കെയാണ്, അക്ഷയ് കുമാറിന്‍റെ ഭാര്യയെന്നു പറഞ്ഞാൽ പെട്ടെന്നറിയാം. നായികയോളം തന്നെ മുടി നീട്ടി വളർത്തിയിരുന്നു ബർസാത്തിലെ നായകനും; ധർമേന്ദ്രയുടെ ഇളയ മകനാണ്- പേര് വിജയ് സിങ് ഡിയോൾ. പക്ഷേ, സ്ക്രീൻ നെയിം മറ്റൊന്നായിരുന്നു- ബോബി ഡിയോൾ...!

മലയാളത്തിൽ കുഞ്ചാക്കോ ബോബനെയോ ഫഹദ് ഫാസിലിനെയോ പൊലെയൊക്കെ രണ്ടു ഘട്ടങ്ങളുള്ള കരിയറാണ് ബോളിവുഡിൽ ബോബിയുടേതും. താരപുത്രന്‍റെ പ്രിവിലെജുകളുണ്ടായിരുന്നിട്ടും ധർമേന്ദ്രയുടെ മകൻ എന്നതു മാത്രമായിരുന്നു ആദ്യ ഘട്ടത്തിലെ മേൽവിലാസം; അന്നത്തെ പതിവ് ബോളിവുഡ് ചോക്ലേറ്റ് ബോയ് ഇമേജും. പക്ഷേ, ആനിമൽ എന്ന സിനിമയിൽ നായകൻ രൺബീർ കപൂറിനെ കവച്ചു വച്ച വില്ലൻ വേഷം അയാൾക്കു മറ്റൊരു പരിവേഷം നൽകി. പിന്നെ, ഒടിടിയിൽ വന്ന 'ആശ്രം' എന്ന സീരീസിലെ കപട സന്ന്യാസിയായും, ഇപ്പോൾ 'ദി ബാ***ഡ്സ് ഓഫ് ബോളിവുഡി'ലെ കോംപ്ലിക്കേറ്റഡ് സൂപ്പർസ്റ്റാറായും നിറഞ്ഞാടിയ ബോബിയായിരുന്നു എന്നു ബർസാതിലെ നായകനെന്നു പുതിയ തലമുറ വിശ്വസിക്കാൻ മടിക്കുന്നതു പോലൊരു മേക്കോവർ!

ബോബി ഡിയോളിന്‍റെ, മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കിയ സിനിമാ ജീവിതം ശരിക്കുമൊരു ത്രില്ലർ സിനിമ പോലെ ട്വിസ്റ്റുകൾ നിറഞ്ഞതാണ്. സിനിമയിൽ ജോലിയില്ലാതിരുന്ന കാലത്തെക്കുറിച്ചും, തന്‍റെ ജീവിതത്തിലെ 'ഭീകരമായ അവസ്ഥ'യെക്കുറിച്ചും തുറന്നു സംസാരിക്കാൻ അദ്ദേഹത്തിനു മടിയില്ല. ഇപ്പോഴും, താൻ സംതൃപ്തനല്ലെന്നും ബോബി തുറന്നു പറയുന്നു.

''അച്ഛനും അമ്മയും എനിക്കു തരുന്ന സ്നേഹം, അതാണെന്‍റെ ഊർജം... എന്നെ കാണുകയോ സംസാരിക്കുകയോ ചെയ്യാതെ തന്നെ. നമ്മുടെ മോശം സമയത്തിലൂടെ കടന്നുപോവുകയും തിരിച്ചു വരുകയും ചെയ്യുമ്പോൾ മാത്രമേ ഇത് പൂർണമായി മനസിലാക്കാൻ കഴിയൂ'', ബോബി പറയുന്നു.

എങ്കിലും പഴയ ബോബിയെക്കുറിച്ച് അദ്ദേഹത്തിന് കുറ്റബോധമില്ല. ''ആ പ്രായത്തിൽ സ്വന്തം തെറ്റുകളിൽ നിന്ന് പഠിക്കേണ്ടി വന്നു. എന്‍റെ യാത്ര എന്തായിരിക്കണം എന്നതിന്‍റെ മുഴുവൻ പ്രക്രിയയിലൂടെയും കടന്നു പോകണമായിരുന്നു. സ്വന്തം ചെറുപ്പകാലത്ത് സ്വയം ഇങ്ങനെ ചെയ്യണം, അങ്ങനെയല്ല ചെയ്യേണ്ടത് എന്നൊന്നും പറഞ്ഞു മനസിലാക്കാൻ കഴിയില്ല''- 56 വയസിന്‍റെ പാകതയിൽ അദ്ദേഹം തന്‍റെ ചെറുപ്പത്തെ വിലയിരുത്തുന്നു.

യഥാർഥത്തിൽ ഒട്ടും മോശമായിരുന്നില്ല ബോബിയുടെ കരിയറിന്‍റെ തുടക്കം. ബർസാത്ത് അദ്ദേഹത്തിന് മികച്ച നവാഗത നടനുള്ള ഫിലിം ഫെയർ പുരസ്കാരം നേടിക്കൊടുത്തു. പിന്നാലെ, 'ഗുപ്ത്', 'സോൾജിയർ', 'ബിച്ഛൂ', 'അജ്‌നബി' തുടങ്ങിയ ഹിറ്റുകൾ വന്നു. അതിനു ശേഷമായിരുന്നു തുടർ പരാജയങ്ങളുടെ കാലഘട്ടം.

''നിങ്ങളുടെ ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ടുവെന്നും, നിങ്ങളെ സഹായിക്കാൻ ആരുമില്ലെന്നും എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? അതാണ് എനിക്കു സംഭവിച്ചത്. ജീവിതത്തിലെ ആ ഘട്ടത്തിൽ അതു ഭീകരമായ ഒരവസ്ഥയായിരുന്നു,'' അദ്ദേഹം പറഞ്ഞു. അതിനു സ്വയം കുറ്റപ്പെടുത്താമെന്നല്ലാതെ മറ്റാരെയും പഴിക്കാനും അദ്ദേഹം തയാറല്ല.

''വീഴ്ചകളിൽ നിന്നു സ്വന്തം കാലിൽ എഴുന്നേറ്റു നിൽക്കേണ്ടി വരും. കാരണം, നിങ്ങളെ കൈപിടിച്ചു മുന്നോട്ടു നടത്താൻ മറ്റൊരാൾക്കും കഴിയില്ല. ഞാൻ എന്‍റെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചു. ചിലപ്പോൾ ആളുകൾക്ക് അത്തരം അനുഭവങ്ങളിൽനിന്നു പഠിക്കാനാവില്ല. പക്ഷേ, എനിക്കായി. അതുകൊണ്ടാണ് എനിക്കിപ്പോൾ എന്‍റെ 30 വർഷങ്ങളെക്കുറിച്ചു സംസാരിക്കാൻ സാധിക്കുന്നതെന്നു ഞാൻ കരുതുന്നു.''

അഭിനയം എപ്പോഴും തന്‍റെ യഥാർഥ പാഷനായിരുന്നു എന്നും ബോബി പറഞ്ഞു: ''അന്നെനിക്ക് മറ്റ് പ്ലാനുകളൊന്നുമുണ്ടായിരുന്നില്ല - എനിക്ക് ഒരു നടനാകണംമെന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ. സിനിമകൾ കണ്ടും, സ്ക്രീനിൽ എന്‍റെ അച്ഛനെ കണ്ടുമാണ് ഞാൻ വളർന്നത്, എങ്ങനെയോ ആ മാസ്മരികത എന്‍റെ സിസ്റ്റത്തിലേക്കു കയറിക്കൂടി. ഹിന്ദി സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ചിലത് നൽകിയത് എന്‍റെ അച്ഛനായിരുന്നു. എനിക്ക് അഭിനയിക്കണമെന്നു പറഞ്ഞപ്പോൾ അദ്ദേഹം രണ്ടാമതൊന്ന് ആലോചിച്ചില്ല - 'മുന്നോട്ട് പോകുക' എന്നു മാത്രമാണു പറഞ്ഞത്. ആ വിശ്വാസം ഇത്രയും വർഷമായി എന്നോടൊപ്പമുണ്ട്,'' ബോബി പറഞ്ഞു.

സിനിമയിൽ വർക്ക് കിട്ടാതെ ബുദ്ധിമുട്ടിയ സമയത്ത് ഷാരുഖ് ഖാനും സൽമാൻ ഖാനുമാണ് സഹായത്തിനെത്തിയതെന്നും ബോബി നന്ദിയോടെ അനുസ്മരിക്കുന്നു.

''എന്‍റെ കരിയറിലെ ഏറ്റവും വലിയ സിനിമകളിലൊന്നായ 'റേസ് 3' സൽമാൻ എനിക്ക് വാഗ്ദാനം ചെയ്തത് ഞാൻ ഓർക്കുന്നു. സിനിമയ്ക്കു ശേഷം, എന്നിൽ വിശ്വസിച്ചതിനു ഞാനദ്ദേഹത്തോടു നന്ദി പറഞ്ഞു.''

പൊലീസ് അക്കാഡമിയിലെ ഡീനായി ബോബി അഭിനയിച്ച 2020-ലെ 'ക്ലാസ് ഓഫ് '83' എന്ന പൊലീസ് ത്രില്ലറാണ് അദ്ദേഹത്തിന്‍റെ തിരിച്ചുവരവിനു നാന്ദി കുറിച്ചത്. ഈ സിനിമ ഷാരൂഖിന്‍റെ റെഡ് ചില്ലീസ് എന്‍റർടെയ്ൻമെന്‍റാണ് നിർമിച്ചത്.

2022ൽ റെഡ് ചില്ലീസ് നിർമിച്ച ക്രൈം ത്രില്ലറായ 'ലവ് ഹോസ്റ്റലി'ലും ബോബി അഭിനയിച്ചു. അതിൽ യുവ ദമ്പതികളെ നിരന്തരം പിന്തുടരുന്ന ക്രൂരനായ കൊലയാളിയായി അദ്ദേഹം അഭിനയത്തികവിന്‍റെ മറ്റൊരു വശം തന്നെയാണ് പ്രകാശിപ്പിച്ചത്.

നെറ്റ്ഫ്ലിക്സ് സീരീസായ 'ദി ബാ***ഡ്സ് ഓഫ് ബോളിവുഡ്', ഷാരൂഖിന്‍റെ മകൻ ആര്യൻ ഖാന്‍റെ സംവിധാന അരങ്ങേറ്റമായിരുന്നു.

''റെഡ് ചില്ലീസുമായുള്ള എന്‍റെ മൂന്നാമത്തെ പ്രോജക്റ്റാണ്, ഇതു വളരെ സവിശേഷമായി തോന്നുന്നു. ഒരു നടൻ എന്ന നിലയിൽ ഞാൻ എന്നെത്തന്നെ വീണ്ടും കണ്ടെത്താൻ ശ്രമിക്കുന്ന സമയത്ത് ഷാരൂഖ് എന്‍റെ കരിയറിൽ സുപ്രധാന പങ്ക് വഹിച്ചു. എന്നിലർപ്പിച്ച ആ വിശ്വാസത്തിന് ഞാൻ എന്നും കടപ്പെട്ടിരിക്കും,'' അദ്ദേഹം പറഞ്ഞു.

''ആര്യന്‍റെ അരങ്ങേറ്റ പ്രോജക്റ്റിനായി അവർ എന്നെ ഓർത്തതിൽ വലിയ സന്തോഷമുണ്ട്.''

'ആശ്രം', സന്ദീപ് റെഡ്ഡി വാംഗയുടെ 'ആനിമൽ' തുടങ്ങിയ പ്രോജക്റ്റുകളും അദ്ദേഹത്തിന്‍റെ താരമൂല്യം കുതിച്ചുയരാൻ സഹായിച്ചു..

'ആനിമലി'ന് അഭിനന്ദനമറിയിച്ച ആദ്യത്തെ ആളുകളിൽ ഒരാളാണ് ആമിർ ഖാൻ എന്നും അദ്ദേഹം പറഞ്ഞു.

ബോബിയുടെ കൂടുതൽ ആവശേകരമായ വേഷങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. അനുരാഗ് കശ്യപിന്‍റെ 'ബന്ദർ', ആലിയ ഭട്ടിനൊപ്പമുള്ള 'ആൽഫ', തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയ്‌ക്കൊപ്പമുള്ള 'ജനായകൻ' എന്നിവ അവയിൽ ചിലതു മാത്രം.

(Courtesy: Ravi Bansal | PTI)

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com