

സൽമാൻ ഖാനും കത്രീന കൈഫും
പുരി ജഗന്നാഥിന്‍റെ പോക്കിരി എന്ന തെലുങ്ക് ചിത്രത്തിന്‍റെ ഹിന്ദി റീമേക്കാണ് വാണ്ടഡ് എന്ന സൽമാൻ ഖാൻ ചിത്രം. പ്രഭുദേവയുടെ സംവിധാനത്തിൽ 2009 സെപ്റ്റംബർ 18ന് പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫിസിൽ ആഗോള തലത്തിൽ 100 കോടി രൂപ കളക്ഷൻ നേടിയിരുന്നു.
ഇപ്പോഴിതാ ചിത്രത്തിൽ നായികയായി കത്രീന കൈഫ് വേണമെന്നായിരുന്നു സൽമാൻ ഖാന്‍റെ ആവശ‍്യമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നിർമാതാവ് ബോണി കപൂർ. സൽമാൻ ഖാൻ പോക്കിരി കാണണമെന്നായിരുന്നു തനിക്കെന്നും അതിനായി രണ്ട് പ്രിവ‍്യൂ ഷോകൾ ഒരുക്കിയെങ്കിലും തിരക്കേറിയ ഷെഡ‍്യൂൾ കാരണം താരത്തിന് ചിത്രം കാണാനായില്ലെന്നും ബോണി കപൂർ ഓർത്തെടുത്തു.
സൽമാൻ ഖാനും അയേഷ ടാക്കിയയും
ചിത്രത്തിന്‍റെ തമിഴ് റീമേക്ക് തിയെറ്ററിൽ റിലീസ് ചെയ്യുമോയെന്നും പോക്കിരി പോലെ വലിയ ഹിറ്റാകുമോയെന്നും തനിക്ക് ആശങ്കയുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. മറ്റൊരു നടനോ നിർമാതാവോ പോക്കിരിയുടെ ഹിന്ദി റീമേക്ക് അവകാശത്തിന് താത്പര‍്യം പ്രകടിപ്പിച്ചേക്കാമെന്നും ഗജിനി പോലെ തനിക്ക് പോക്കിരിയും നഷ്ടമാകുമെന്ന് കരുതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൽമാൻ ഖാൻ ഒടുവിൽ ചിത്രം കണ്ടതായും ഹിന്ദി റീമേക്കിന് സമ്മതിക്കുകയും ചെയ്തു. സൽമാനൊപ്പം പുതുമുഖത്തെ നായികയായി അവതരിപ്പിക്കാനായിരുന്നു ബോണി കപൂറിന്‍റെ താത്പര‍്യം. എന്നാൽ സൽമാൻ കത്രീന കൈഫിന്‍റെ പേര് നിർദേശിക്കുകയായിരുന്നുവെന്നാണ് ബോണി കപൂർ പറയുന്നത്.
സൽമാനൊപ്പം മുൻപ് അഭിനയിച്ചിട്ടില്ലാത്ത താരത്തെ അവതരിപ്പിക്കുന്നതാണ് നല്ലതെന്ന് കരുതിയെന്നും ജെനീലിയ ഡിസൂസ മുതൽ അയേഷ ടാക്കിയ മുതൽ നിരവധി പേർ പരിഗണനയിലുണ്ടായിരുന്നതായും ബോണി കപൂർ വ‍്യക്തമാക്കി. ആ സമയം സൽമാനും കത്രീനയും ഡേറ്റിങ്ങിലായിരുന്നു. എന്നാൽ ഒടുവിൽ അയേഷയെ തന്നെ പ്രധാന വേഷത്തിലേക്ക് തെരഞ്ഞെടുക്കുകയായിരുന്നു.