

ബ്രയാൻ ക്രാൻസ്റ്റണും ആർജെ മിറ്റിയും
ബ്രേക്കിങ് ബാഡ് താരം ആർജെ മിറ്റിയുടെ വിയോഗം സിനിമാപ്രേമികളെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. 34ാം വയസിലാണ് മിറ്റി വിടപറഞ്ഞത്. ആത്മഹത്യയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇപ്പോൾ മിറ്റിയുടെ വിയോഗത്തിൽ വേദന പങ്കുവച്ചിരിക്കുകയാണ് നടൻ ബ്രയാൻ ക്രാൻസ്റ്റൺ. ബ്രേക്കിങ് ബാഡിൽ ബ്രയാന്‍റെ മകന്‍റെ വേഷത്തിലാണ് മിറ്റി എത്തിയത്.
മിറ്റി ജീവനൊടുക്കി എന്നറിഞ്ഞപ്പോൾ തകർന്നുപോയെന്നും എന്തിനാണ് അവൻ അങ്ങനെ ചെയ്തതെന്നുമാണ് ബ്രയാൻ ചോദിക്കുന്നത്. 14 വയസു മുതലാണ് മിറ്റിയെ താൻ കാണുന്നത്. അന്നു മുതൽ അടുത്ത ബന്ധമാണ്. ആഴ്ചകൾക്ക് മുൻപ് ഒന്നിച്ച് ലഞ്ച് കഴിക്കാൻ തീരുമാനിച്ചിരുന്നു. അന്ന് കണ്ടിരുന്നെങ്കിൽ അവന്‍റെ ഭാവി മാറ്റാൻ തനിക്ക് കഴിയുമായിരുന്നോ എന്ന് അറിയില്ലെന്നും അദ്ദേഹം കുറിച്ചു. മിറ്റിക്കൊപ്പമുള്ള ചിത്രങ്ങളും ബ്രയാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.
ബ്രയാൻ ക്രാൻസ്റ്റണിന്‍റെ കുറിപ്പ്
കടുത്ത വേദനയോടെയാണ് ഞാനിത് എഴുതുന്നത്. ബ്രേക്കിങ് ബാഡിലെ എന്‍റെ പ്രിയപ്പെട്ട മകൻ മരിച്ചു. അവന് 14 വയസുള്ളപ്പോഴാണ് ഞാൻ അവനെ ആദ്യമായി കാണുന്നത്. വാൾട്ടർ വൈറ്റ് ജൂനിയർ എന്ന കഥാപാത്രത്തെ വളരെ സന്തോഷത്തോടെയും ഉത്സാഹത്തോടെയുമാണ് അവൻ അവതരിപ്പിച്ചത്. സെറിബ്രൽ പാൾസി ബാധിതനായിരുന്നെങ്കിൽ, ആ വെല്ലുവിളിയെ ഒന്നിനുമുള്ള ഒഴിവുകഴിവായി അവൻ കണ്ടില്ല. വളരെ ആത്മാർഥതയോടെ കൃത്യമായി അവൻ ഷൂട്ടിങ്ങിനെത്തി. ടിവി പാരന്‍റ്സായ ഞാനും അന്ന ഗണ്ണും പറയുന്നത് അവൻ കേട്ടു. പക്ഷേ കൗമാരക്കാരെപ്പോലെ ചില സമയത്ത് പറഞ്ഞതു കേൾക്കാതെ കഠിനമായ വഴികൾ തെരഞ്ഞെടുത്തു. ഹിറ്റ് ടിവി ഷോയിലെ താരങ്ങളിലൊരാളായിരുന്നു അവൻ. പക്ഷേ എന്നിട്ടും കുട്ടിയായിരുന്നു.
2007 ഫെബ്രുവരിയിൽ പൈലറ്റ് സീൻ ഷൂട്ട് ചെയ്യുമ്പോൾ അവൻ അത്ര മികച്ച പ്രകടനമല്ല കാഴിചവെച്ചത്. പക്ഷേ പിന്നീട് മികച്ച നടനായി മാറുന്നത് ഞങ്ങൾ കണ്ടു. ഷോയിൽ അഭിനയിച്ചതിലൂടെ അവൻ നേടിയെടുത്ത പ്രശസ്തി അവൻ ഉപയോഗിച്ചത് അംഗവൈകല്യമുള്ളവർക്കുവേണ്ടി പ്രവർത്തിക്കാനാണ്. അവൻ സ്വയം ജീവനൊടുക്കിയതാണെന്ന് അറിഞ്ഞപ്പോൾ കൂടുതൽ തകർന്നുപോയി. എന്തിനാണ് അത് ചെയ്തത്? കുറച്ച് ആഴ്ചകൾക്ക് മുൻപുവരെ ഞങ്ങൾ മെസേജ് അയച്ചിരുന്നു. ഉച്ചഭക്ഷണത്തിന് കാണുന്നതിനെക്കുറിച്ചാണ് ഞങ്ങൾ സംസാരിച്ചത്. ആ ലഞ്ച് അവന്‍റെ ഭാവി മാറ്റുമായിരുന്നോ എന്ന് എനിക്കറിയില്ല. പക്ഷേ ഒന്നറിയാം ഞാൻ അവനെ ഇഷ്ടപ്പെടുന്നു. അവനൊപ്പം സമയം ചെലവഴിക്കാൻ ഇഷ്ടപ്പെട്ടിരുന്നു. മകനെ നിന്നെ ഞാൻ മിസ് ചെയ്യും.