ബിഗ് ബോസ് കണ്ട് ബസ് ഓടിച്ച് ഡ്രൈവര്‍: വിഡിയോ വൈറല്‍, ജോലി തെറിച്ചു|VIDEO

മുംബൈയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള രാത്രികാല യാത്രയിലായിരുന്നു ഡ്രൈവറിന്റെ സാഹസം
bus driver watches Bigg Boss

ബിഗ് ബോസ് കണ്ട് ബസ് ഓടിച്ച് ഡ്രൈവര്‍

Updated on

മുംബൈ: ബസ് ഓടിക്കുന്നതിനിടെ ഫോണില്‍ ബിഗ് ബോസ് കാണുന്ന ബസ് ഡ്രൈവറുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മുംബൈയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള രാത്രികാല യാത്രയിലായിരുന്നു ഡ്രൈവറിന്റെ സാഹസം. ഡ്രൈവര്‍ വിഡിയോ കാണുന്നതിന്റെ ദൃശ്യങ്ങള്‍ ബസ്സിലെ യാത്രികനായ കണ്ടന്റ് ക്രിയേറ്റര്‍ നാഗേഷ് മാനെ ആണ് പങ്കുവച്ചത്.

അപകടങ്ങള്‍ സംഭവിക്കാനുള്ള കാരണങ്ങളില്‍ ഒന്ന് എന്ന കുറിപ്പിനൊപ്പമായിരുന്നു വിഡിയോ പോസ്റ്റ് ചെയ്തത്. ഒക്‌റ്റോബര്‍ 27ന് മുംബൈയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രയിലാണ് വിഡിയോ പകര്‍ത്തിയതെന്നും നാഗേഷ് വ്യക്തമാക്കിയിട്ടുണ്ട്. മണിക്കൂറില്‍ 80 കിലോമീറ്റര്‍ സ്പീഡില്‍ പോകുന്നതിനിടെയാണ് ഡ്രൈവര്‍ റിയാലിറ്റി ഷോ കാണുന്നതെന്നും വിഡിയോയില്‍ വ്യക്തമാണ്. വിഡിയോ വൈറലായതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളാണ് ഉയരുന്നത്.

ഡ്രൈവറിനെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നതിനൊപ്പം തന്നെ പിന്തുണയുമായി നിരവധി പേരാണ് എത്തുന്നത്. ദീര്‍ഘദൂര യാത്രകള്‍ നടത്തുന്ന ഡ്രൈവര്‍മാര്‍ ഉറങ്ങാതിരിക്കാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ വിഡിയോകള്‍ കാണുന്നത് എന്നാണ് ഒരു വിഭാഗം പറയുന്നത്. അതിനിടെ ഒരു വര്‍ഷം മുന്‍പ് ഇതേ ബസ് കമ്പനിയില്‍ നിന്ന് തന്റെ അച്ഛനുണ്ടായ മോശം അനുഭവം പങ്കുവച്ച് ഒരു യുവാവ് രംഗത്തെത്തി. ബസ്സിന്റെ അമിതവേഗതയെ തുടര്‍ന്നുണ്ടായ അപകടത്തില്‍ അച്ഛന് നട്ടെല്ലിന് പരുക്കേറ്റു എന്നായിരുന്നു വിമര്‍ശനം.

വിഡിയോ വൈറലായതിനു പിന്നാലെ ക്ഷമാപണവുമായി ബസ് ഉടമകളായ വിജയാനന്ദ് ട്രാവല്‍സ് രംഗത്തെത്തി. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് തങ്ങള്‍ പ്രാധാന്യം കൊടുക്കുന്നതെന്ന് പത്രക്കുറിപ്പിലൂടെ കമ്പനി വ്യക്തമാക്കി. കൂടാതെ ആഭ്യന്തര അന്വേഷണത്തിനു പിന്നാലെ ഡ്രൈവറെ ജോലിയില്‍ നിന്ന് പിരിച്ചു വിടുകയും ചെയ്‌തെന്നും കുറിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com