

മുംബൈ: ഷീന ബോറ വധക്കേസിലെ മുഖ്യപ്രതിയായ ഇന്ദ്രാണി മുഖർജിയെക്കുറിച്ചുള്ള നെറ്റ്ഫ്ലിക്സ് ഡോക്യുമെന്‍ററി സീരീസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിബിഐ സിബിഐ ശനിയാഴ്ച മുംബൈയിലെ പ്രത്യേക കോടതിയിൽ അപേക്ഷ നൽകി. ഫെബ്രുവരി 23 ന് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിൽ പ്രീമിയർ ചെയ്യാനിരിക്കുന്ന 'ദി ഇന്ദ്രാണി മുഖർജി സ്റ്റോറി: ദി ബറീഡ് ട്രൂത്ത്' എന്ന ഡോക്യു-സീരീസ് 25 കാരിയായ ഷീന ബോറയുടെ തിരോധാനത്തിന്‍റെ കാണാക്കഥകളാണ് പരിശോധിക്കുന്നത്.
പബ്ലിക് പ്രോസിക്യൂട്ടർ സി.ജെ. നന്ദോഡ് മുഖേന സമർപ്പിച്ച അപേക്ഷയിൽ, നെറ്റ്ഫ്ലിക്സിന്‍റെ ഡോക്യുമെന്‍ററിയില്‍ പ്രതികളുടെയും കേസുമായി ബന്ധപ്പെട്ട വ്യക്തികളുടെയും ചില ഭാഗങ്ങളുണ്ട്, ഇത് കേസിനെ ബാധിക്കുമെന്നും അതിനാല്‍ സീരിസ് സ്റ്റേ ചെയ്യണമെന്നുമാണ് സിബിഐ കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലുള്ള വിചാരണയുടെ അവസാനിക്കുന്നതു വരെ ഒരു പ്ലാറ്റ്‌ഫോമിലും ഡോക്യുമെന്‍ററി സംപ്രേഷണം നടത്തരുതെന്നും സിബിഐ ആവശ്യപ്പെട്ടു. സിബിഐയുടെ ഹര്‍ജിയില്‍ നെറ്റ്ഫ്ലിക്സിനും മറ്റുള്ളവർക്കും സിബിഐ പ്രത്യേക ജഡ്ജി എസ്പി നായിക് നിംബാൽക്കർ നോട്ടീസ് അയച്ചു. വാദം കേൾക്കൽ ഫെബ്രുവരി 20ലേക്ക് മാറ്റി.
2012 ഏപ്രിലിൽ ഇന്ദ്രാണി മുഖർജിയുടെ സ്വന്തം മകൾ ഷീന ബോറയെ (24) തട്ടിക്കൊണ്ടുപോയി കാറിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. ഇന്ദ്രാണിയുടെ മുൻ ബന്ധത്തിലെ മകളായിരുന്നു ബോറ. 2015ൽ മറ്റൊരു കേസിൽ അറസ്റ്റിലായതിന് പിന്നാലെ ഡ്രൈവർ ശ്യാംവർ റായ് സംഭവതെക്കുറിച്ചു നടത്തിയ വെളിപ്പെടുത്തലോടെയാണ് ബോറയുടെ കൊലപാതകം പുറത്തറിഞ്ഞത്. 2015 ഓഗസ്റ്റിൽ അറസ്റ്റിലായ ഇന്ദ്രാണി 2022 മേയ് മാസം മുതല്‍ ജാമ്യത്തിലാണ്. കേസിന്‍റെ വിചാരണ ഇപ്പോഴും നടക്കുകയാണ്.