"മോഹൻലാലിനെ കണ്ട് കൊതി തീരില്ല, ആരാധന കാരണം മുടി വരെ സൂക്ഷിച്ചുവച്ചിട്ടുണ്ട്": ചാലി പാല

"പണ്ട് ഒരുമിച്ചിരുന്നു മദ്യപിച്ചിട്ടുണ്ട്. പുള്ളി എനിക്ക് ഗ്ലാസിൽ ഒഴിച്ചുവരെ തന്നിട്ടുണ്ട്. അത് അദ്ദേഹത്തിന്‍റെ മാന്യത"
chali pala about mohanlal

ചാലി പാലയും മോഹൻലാലും

Updated on: 

വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ചാലി പാല. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ അദ്ദേഹം ഭാഗമായിട്ടുണ്ട്. ഇപ്പോൾ മോഹൻലാലിനോടുള്ള ആരാധനയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹം. മോഹൻലാലിനോടുള്ള ആരാധന കാരണം അദ്ദേഹത്തിന്‍റെ മുടി താൻ സൂക്ഷിച്ചുവച്ചിട്ടുണ്ട് എന്നാണ് ഒരു അഭിമുഖത്തിൽ ചാലി പാല പറഞ്ഞത്.

"അന്നത്തെ കാലത്ത് അദ്ദേഹത്തെ കണ്ടാൽ കൊതി തീരില്ല. അദ്ദേഹം എന്തു കാണിച്ചാലും നമുക്ക് ഇഷ്ടമാണ്. ആരാധന കാരണം അദ്ദേഹത്തിന്‍റെ മുടി ഞാൻ സൂക്ഷിച്ചിട്ടുണ്ട്. സ്ഫടികം ചിത്രീകരണത്തിനിടെയാണ് സെറ്റിൽവച്ച് അദ്ദേഹത്തിന്‍റെ മുടി വെട്ടിയത്. അത് ഞാൻ ഒരു ഫോറിൻ ഡപ്പിയിൽ സൂക്ഷിച്ചുവച്ചിരുന്നു. ഈ അടുത്താണ് അത് ഇരുന്ന് ദ്രവിച്ചത്. അദ്ദേഹത്തിനു പോലും അത് അറിയില്ല. നമ്മൾ അത്രയും ആരാധിക്കുന്നുണ്ട്."- ചാലി പാല പറഞ്ഞു.

അടുത്തിടെ മോഹൻലാലുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചും അദ്ദേഹം വാചാലനായി. കുറച്ചു ദിവസം മുൻപ് മോഹൻലാലിനെ കാണണമെന്ന് തോന്നി. അദ്ദേഹത്തിന് തന്നെക്കുറിച്ച് തോന്നലുണ്ടാകാൻ കർത്താവിനോട് പ്രാർഥിച്ചു. പിന്നാലെയാണ് തന്നെ ഞെട്ടിച്ചുകൊണ്ട് ഒരു കോൾ വരുന്നത്. തന്‍റെ കൂടെ നിന്നിരുന്ന ഒരു പയ്യൻ 10-12 കൊല്ലമായി മോഹൻലാലിനൊപ്പമാണ്. അവനാണ് മോഹൻലാൽ പറഞ്ഞിട്ട് തന്നെ വിളിച്ചത്. തൊടുപുഴ പോയി അടുത്തദിവസം തന്നെ മോഹൻലാലിനെ കണ്ടു എന്നാണ് അദ്ദേഹം പറഞ്ഞത്.

ചുമ്മാ കാണാൻ വിളിച്ചതാണ്. എന്നെ അത്രയ്ക്ക് ഇഷ്ടമാണ്. പണ്ട് ഒരുമിച്ചിരുന്നു മദ്യപിച്ചിട്ടുണ്ട്. പുള്ളി എനിക്ക് ഗ്ലാസിൽ ഒഴിച്ചുവരെ തന്നിട്ടുണ്ട്. അത് അദ്ദേഹത്തിന്‍റെ മാന്യത. ഞാൻ ആരാണ്? അദ്ദേഹം ആരാണ് ? അദ്ദേഹം ആനയും ഞാൻ ഉറുമ്പുമാണ്.- ചാലി പാല പറഞ്ഞു.