"മരുമോൻ അല്ല, മകനായിരുന്നു, നീറ്റൽ തന്നു പോയി": നവാസിനെ ഓർത്ത് ഭാര്യാപിതാവ്

കലാഭവൻ നവാസ് രചനയും സംവിധാനവും നിർവഹിച്ച നാടകത്തിന്‍റെ അവതരണ വേദിയിൽ വെച്ചാണ് ഹസ്സനാർ വികാരാധീനനായത്
cochin hassanar about late actor kalabhavan navaz

കൊച്ചിൻ ഹസ്സനാർ, കലാഭവൻ നവാസ് 

Updated on

മലയാള സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് നടൻ കലാഭവൻ നവാസ് വിടപറഞ്ഞത്. താരത്തിന്‍റെ വേർപാട് തീർത്ത വേദനയിൽ നിന്ന് പുറത്തുകടക്കാൻ കുടുംബത്തിനായിട്ടില്ല. ഇപ്പോൾ ശ്രദ്ധനേടുന്നത് നവാസിനെക്കുറിച്ച് ഭാര്യാപിതാവും നാടക പ്രവർത്തകനുമായ കൊച്ചിൻ ഹസ്സനാർ പറഞ്ഞ വാക്കുകളാണ്. തന്‍റെ മരുമോൻ അല്ല മകൻ തന്നെയായിരുന്നു നവാസ് എന്നാണ് ഹസ്സനാർ പറഞ്ഞത്. കലാഭവൻ നവാസ് രചനയും സംവിധാനവും നിർവഹിച്ച നാടകത്തിന്‍റെ അവതരണ വേദിയിൽ വെച്ചാണ് ഹസ്സനാർ വികാരാധീനനായത്.

‘എനിക്ക് രണ്ട് പെൺകുട്ടികൾ ആണ്. അതിൽ ഇളയ ആളാണ് രഹന. വീട്ടിലേക്കു വന്നു കയറിയ പുത്രന്മാർ രണ്ടുപേരും നല്ല പുത്രന്മാരായിരുന്നു. 22 വർഷമായി എന്‍റെ കൂടെ ആയിരുന്നു എന്‍റെ മരുമോൻ. മരുമോൻ അല്ലായിരുന്നു, മകനായിരുന്നു. എല്ലാം അറിഞ്ഞു ചെയ്യുന്ന ആളായിരുന്നു. ഇതുവരെ ഒരാളെ പറ്റി പോലും മോശം പറഞ്ഞിട്ടില്ല. നവാസ്.. . പുതിയ നാടകം എഴുതിക്കൊണ്ടിരിക്കുകയായിരുന്നു. 12 പേജോളം എഴുതി. എന്നോട് കഥ പറഞ്ഞു തന്നു. ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന നാടകം മാറ്റി ഇതു ചെയ്യാമെന്നു പറഞ്ഞു. പക്ഷേ, അവൻ പോയി.’ ഹസ്സനാർ പറഞ്ഞു.

നവാസ് അവസാനമായി അഭിനയിച്ച പ്രകമ്പനം സിനിമയെക്കുറിച്ച് പരാമർശിച്ച് സംസാരിക്കുന്നതിന് ഇടയിൽ കൊച്ചിൻ ഹസ്സനാരുടെ വാക്കുകൾ ഇടറി. ‘എന്റെ മകൻ അവസാനമായി അഭിനയിച്ച സിനിമ പ്രകമ്പനം റിലീസ് ആവുകയാണ്. എല്ലാവരും കാണണം. തിയറ്ററിൽ പോയി തന്നെ കാണണം,’ കൊച്ചിൻ ഹസ്സനാർ പറഞ്ഞു. ഇനിയൊരു സിനിമയിൽ അദ്ദേഹത്തെ കാണാൻ കഴിയില്ലല്ലോ എന്നൊരു ദുഃഖവും ഹസ്സനാർ പങ്കുവച്ചു. കലാഭവൻ‍ നവാസ് രചനയും സംവിധാനവും നിർവഹിച്ച ‘ഇന്ന്’ എന്ന നാടകം കാണാൻ കുടുംബാംഗങ്ങൾക്കു പുറമെ അടുത്ത സുഹൃത്തുക്കളും എത്തിയിരുന്നു. സിനിമ താരങ്ങളായ രമേഷ് പിഷാരടി, ടിനി ടോം, കോട്ടയം നസീർ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com