ആരാധകരുടെ അസ്ഥിക്ക് പിടിച്ച കോൾഡ് പ്ലേ; അമ്പരപ്പിച്ച് വിടവാങ്ങൽ

വളരെ പെട്ടെന്ന് ലോകം മുഴുവൻ പടർന്നു പിടിച്ച കൊറിയൻ മ്യൂസിക് ബാൻഡ് ബിടിഎസ് അപ്രതീക്ഷിതമായി പിരിച്ചു വിട്ടതിനു പിന്നാലെയാണ് ബ്രിട്ടിഷ് റോക്ക് ബാൻഡായ കോൾഡ് പ്ലേയും പിരിയാനൊരുങ്ങുന്നത്.

കുറച്ചു കാലമായി സംഗീതാസ്വാദകരെ മുഴുവൻ അടക്കി ‍ഭരിക്കുകയാണ് കോൾഡ് പ്ലേ... കാത്തിരുന്ന് കാത്തിരുന്ന് കോൾഡ് പ്ലേ ഇന്ത്യയിലെത്തിയപ്പോൾ കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പന വൻ വിവാദമായി മാറിയിരിക്കുകയാണ്. വിവാദം കൊഴുക്കുന്നതിനിടെ അടുത്ത രണ്ട് ആൽബങ്ങൾ കൂടി കഴിഞ്ഞാൽ ബാൻഡ് തന്നെ പിരിച്ചു വിടുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കോൾഡ് പ്ലേ.

മുംബൈയിലെ ഷോയ്ക്ക് 2500 രൂപ മുതൽ 35,000 രൂപ വരെ വിലയിട്ടിരിക്കുന്ന ടിക്കറ്റ് കരിഞ്ചന്തയിൽ 3 ലക്ഷം രൂപ വരെ നൽകിയാണ് പലരും സ്വന്തമാക്കിയത്. ഓൺ‌ലൈനിൽ ടിക്കറ്റ് വാങ്ങാനായി ആയിരക്കണക്കിന് പേർ ഇപ്പോഴും വെയ്റ്റിങ്ങിലാണ്. അതിനിടെയാണ് കരിഞ്ചന്തയിൽ ടിക്കറ്റ് സുലഭമായത്. കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയാണോ കോൾഡ് പ്ലേ ഗായകരെ ഇത്തരമൊരു തീരുമാനത്തിലെത്തിച്ചതെന്ന് വ്യക്തമല്ല. എങ്കിലും കോൾഡ് പ്ലേയുടെ പ്രഖ്യാപനം സംഗീതാസ്വാദകരെ നിരാശയിലാഴ്ത്തുകയാണ്.

വളരെ പെട്ടെന്ന് ലോകം മുഴുവൻ പടർന്നു പിടിച്ച കൊറിയൻ മ്യൂസിക് ബാൻഡ് ബിടിഎസ് അപ്രതീക്ഷിതമായി പിരിച്ചു വിട്ടതിനു പിന്നാലെയാണ് ബ്രിട്ടീഷ് റോക്ക് ബാൻഡായ കോൾഡ് പ്ലേയും പിരിയാനൊരുങ്ങുന്നത്.

കോൾഡ് പ്ലേയുടെ ചരിത്രം

1998ൽ രൂപീകരിച്ച ബ്രിട്ടീഷ് റോക്ക് ബാൻഡാണ് കോൾഡ് പ്ലേ. പിയാനിസ്റ്റും ഗായകനുമായ ക്രിസ് മാർട്ടിനും ഗിറ്റാറിസ്റ്റ് ജോണി ബക് ലാൻഡും ചേർന്ന് ലണ്ടനിലെ യൂണിവേഴ്സിറ്റി കോളെജിൽ വച്ചാണ് ബാൻഡ് രൂപപ്പെടുത്തിയത്. പെക്റ്ററൽസ് എന്നായിരുന്നു ആദ്യം ബാൻഡിനു നൽകിയ പേര്. പിന്നീട് ഗൈ ബെറിമാനും വിൽ ചാംപ്യനും ചേർന്നു. സ്റ്റാർ ഫിഷ്, ബിഗ് ഫാറ്റ് നോയ്സ് എന്നീ പേരുകളും പയറ്റി നോക്കിയിരുന്നു. ഒടുവിലാണ് കോൾഡ് പ്ലേ എന്ന പേരിൽ ഉറപ്പിച്ചത്.

2000ത്തിൽ ഇറങ്ങിയ യെല്ലോ എന്ന സിംഗിൾസ് വൻ ഹിറ്റായി മാറിയിരുന്നു. പിന്നീട് ബാൻഡിന്‍റെ ആദ്യ ഗാനമായ പാരച്യൂട്സ് പുറത്തിറങ്ങി. ഗാനം വൻ ഹിറ്റായിരുന്നു. ആദ്യ ഗ്രാമി പുരസ്കാരവും പാരച്യൂട്ടിന് ലഭിച്ചു. പിന്നീട് എ റഷ് ഒഫ് ബ്ലഡ് ടു ദി ഹെഡ്, വിവ ലാ വിദാ ഓർ ഡെത്ത് ആൻഡ് ഓൾ ഹിസ് ഫ്രണ്ട്സ്, എക്സ് ആൻഡ് വൈ, ഗോസ്റ്റ് സ്റ്റോറീസ്, എ ഹെഡ് ഫുൾ ഒഫ് ഡ്രീംസ് ഫിക്സ് യു, വിവ ലാ വിദാ, മൈ ലോ സൈലോട്ടോ, മ്യൂസിക് ഒഫ് ദി സ്പിയേഴ്സ് തുടങ്ങിയ ആൽബങ്ങളെല്ലാം സൂപ്പർഹിറ്റായി മാറി. ലോകമെമ്പാടുമായി 100 മില്യണിൽ അധികം ആൽബങ്ങളാണ് വിറ്റഴിക്കപ്പെട്ടിരിക്കുന്നത്. ഇക്കാലത്തിനിടെ 9 ബ്രിട്ട് അവാർഡുകൾ, അഞ്ച് എം ടിവി വീഡിയോ മ്യൂസി് അവാർഡുകൾ, 7 ഗ്രാമി പുരസ്കാരങ്ങൾ എന്നിവയാണ് കോൾഡ് പ്ലേ നേടിയത്. മാർട്ടിന്‍റെ സുഹൃത്തായ ഫിൽ ഹാർവേയാണ് ബാൻഡിലെ അഞ്ചാമനും ബാൻഡിന്‍റെ മാനേജറും.

കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയും വിവാദവും

2025 ജനുവരിയിലാണ് മുംബൈയിൽ കോൾഡ് പ്ലേ കൺസേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് പേർ ടിക്കറ്റിനു വേണ്ടി ശ്രമിക്കുന്നതിനിടെയാണ് കരിഞ്ചന്തയിൽ ടിക്കറ്റ് വിൽപ്പന വ്യാപകമായത്. ജനുവരി 18,29,21 തിയതികളിലായി നവി മുംബൈയിൽ മൂന്നു ഷോകളാണ് ഒരുക്കുന്നത്. മ്യൂസിക് ഓഫ് ദി സ്ഫിയേഴ്സ് വേൾഡ് ടൂർ 2025 ന്‍റെ ഭാഗമായുള്ള ഷോയാണിത്. 2022 ൽ കോസ്റ്റാറിക്കയിൽ നിന്നാണ് കോൾഡ് പ്ലേയുടെ മ്യൂസിക് ഓഫ് ദി സ്ഫിയേഴ്സ് വേൾഡ് ടൂർ ആരംഭിച്ചത്.2025 സെപ്റ്റംബർ 8ന് ലണ്ടനിലെ ഷോയോടു കൂടി ടൂർ അവസാനിക്കും.

മൂൺ എത്തി ...ഇനി രണ്ട് ആൽബങ്ങൾ കൂടി

വിവാദങ്ങൾ കനക്കുന്നതിനിടെ വെള്ളിയാഴ്ച പത്താമത്തെ ആൽബമായ മൂൺ മ്യൂസിക് കോൾ‌ഡ് പ്ലേ പുറത്തു വിട്ടിരുന്നു. ആകെ 12 ആൽബങ്ങൾ ചെയ്യാനാണ് തങ്ങൾ ഉദ്ദേശിച്ചിരുന്നതെന്ന് കോൾഡ് പ്ലേ ഗായകൻ ക്രിസ് മാർട്ടിൻ പറയുന്നു. അതിൽ 10 എണ്ണം പൂർത്തിയായി. ഇനി രണ്ടെണ്ണം കൂടിയേ ബാൻഡിന്‍റേതായി പുറത്തിറങ്ങുകയുള്ളൂ എന്നാണ് മാർട്ടിൻ പ്രഖ്യാപിച്ചിരിക്കുന്നത്.

പന്ത്രണ്ടോളം ആൽബങ്ങളാണ് ബീറ്റിൽസ് ചെയ്തത്, എകദേശം അത്രത്തോളം തന്നേയെ ബോബ് മാർളിയും ചെയ്തിട്ടുള്ളൂ. ഹാരി പോട്ടർ സീരീസിൽ 7 എണ്ണ മേ ഉള്ളൂ..ഇവരൊക്കെയാണ് ഞങ്ങളുടെ ഹീറോസ്. സ്വയം പരിധി നിശ്ചയിക്കുന്നതിലൂടെ ഗുണനിലവാരം ഉറപ്പാക്കാൻ സാധിക്കും. മാർട്ടിൻ പറയുന്നു.

വിമർശനങ്ങൾ

ലോകം മുഴുവനും ആരാധകരുണ്ടെങ്കിലും കോൾഡ് പ്ലേയെ നിശിതമായി വിമർശിക്കുന്നവരും നിരവധിയാണ്. പോസിറ്റിവിറ്റിയും ഗുഡ് വൈബും കുത്തി നിറച്ചവയാണ് കോൾഡ് പ്ലേയുടെ ഗാനങ്ങൾ എന്നതാണ് അതിലേറ്റവും രൂക്ഷമായ വിമർശനം. സ്റ്റേഡിയത്തിൽ പെർഫോം ചെയ്യാൻ വേണ്ടി മാത്രമായി സൃഷ്ടിക്കുന്ന ഗാനങ്ങളാണെന്നും കൃത്രിമമായി മധുരം ചേർത്ത പോലുള്ള മെലഡികളാണെന്നും വേണ്ടത്ര ഭാവന ഇല്ലെന്നുമെല്ലാം വിമർശനമുണ്ട്.

Trending

No stories found.

More Videos

No stories found.