മാര്‍പാപ്പ തെരഞ്ഞെടുപ്പിന്‍റെ രാഷ്ട്രീയവും നിഗൂഢതയും ചർച്ചയാക്കി 'കോണ്‍ക്ലേവ്'

മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിലെ രാഷ്ട്രീയവും നിഗൂഢതയും അപ്രതീക്ഷിതമായ വഴിത്തിരിവുകളും നിറഞ്ഞ ഒരു ക്ലാസിക് ത്രില്ലര്‍ ചിത്രമാണ് ജര്‍മന്‍ സംവിധായകനായ എഡ്വേര്‍ഡ് ബെര്‍ജറിന്‍റെ 'കോണ്‍ക്ലേവ്'
മാര്‍പാപ്പ തെരഞ്ഞെടുപ്പിന്‍റെ രാഷ്ട്രീയവും നിഗൂഢതയും ചർച്ചയാക്കി 'കോണ്‍ക്ലേവ്' | conclave movie review IFFK
മാര്‍പാപ്പ തെരഞ്ഞെടുപ്പിന്‍റെ രാഷ്ട്രീയവും നിഗൂഢതയും ചർച്ചയാക്കി 'കോണ്‍ക്ലേവ്'
Updated on

സ്വന്തം ലേഖകൻ

മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിലെ രാഷ്ട്രീയവും നിഗൂഢതയും അപ്രതീക്ഷിതമായ വഴിത്തിരിവുകളും നിറഞ്ഞ ഒരു ക്ലാസിക് ത്രില്ലര്‍ ചിത്രമാണ് ജര്‍മന്‍ സംവിധായകനായ എഡ്വേര്‍ഡ് ബെര്‍ജറിന്‍റെ 'കോണ്‍ക്ലേവ് '. ഒരു മാര്‍പ്പാപ്പയുടെ മരണം മുതല്‍ മറ്റൊരു മാര്‍പ്പാപ്പ അധികാരമേറ്റടുക്കുന്നത് വരെയുള്ള പ്രക്രിയകള്‍, സമീപകാല രാഷ്ട്രീയ തെരഞ്ഞെടുപ്പുകളിലെ അധികാരത്തിന്‍റെ തന്ത്രങ്ങളും കുതന്ത്രങ്ങളും എല്ലായിടത്തും ഒരുപോലെയെന്ന് തെളിയിക്കുന്നതാണ് സിനിമയുടെ പ്രമേയം.

2016ല്‍ പുറത്തിറങ്ങിയ റോബര്‍ട്ട് ഹാരിസിന്‍റെ ബെസ്റ്റ് സെല്ലര്‍ പുസ്തകമായ 'കോണ്‍ക്ലേവി'നെ അടിസ്ഥാനമാക്കിയാണ് സിനിമ എടുത്തിരിക്കുന്നത്. മാര്‍പ്പാപ്പ ഹൃദയാഘാതം മൂലം മരിക്കുന്നിടത്തുനിന്നാണ് സിനിമ തുടങ്ങുന്നത്. സിസ്‌റ്റൈന്‍ ചാപ്പലിലെ നിഗുഢമായ ഇടവഴികളിലും കോണ്‍ക്ലേവിലെ കർദിനാള്‍മാരുടെ അടക്കം പറച്ചിലുകളും വ്യക്തമാക്കുന്ന കഥാതന്തു സിനിമ പ്രേക്ഷകന് ഒരു മികച്ച അനുഭവമാണ് നല്‍കുന്നത്.

റാല്‍ഫ് ഫിയന്നസ് ബ്രിട്ടീഷ് കർദിനാള്‍ തോമസ് ലോറന്‍സിന്‍റെ വേഷത്തില്‍ അസാമാന്യ പ്രകടനം കാഴ്ച വച്ചിരിക്കുന്നു. ഇസബെല്ല റോസെല്ലിനി സിസ്റ്റര്‍ ആഗ്നസായും കടുത്ത കത്തോലിക്കാ പാരമ്പര്യവാദിയായ കര്‍ദിനാള്‍ ടെഡെസ്‌കോയെ അവതരിപ്പിച്ച സെര്‍ജിയോ കാസ്റ്റെലിറ്റോയും കുടാതെ സ്റ്റാന്‍ലി ടുച്ചി, ലൂസിയന്‍ എംസാമതി എന്നിവരും ശ്രദ്ധേമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മികച്ച ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും ശബ്ദവും വെളിച്ചവും സിനിമയുടെ ആസ്വാദന നിലവാരം ഉയര്‍ത്തുന്നു.

മാര്‍പ്പാപ്പയുടെ മരണത്തെ തുടര്‍ന്ന് സിസ്റ്റൈന്‍ ചാപ്പലിലെ സിസ്റ്റര്‍ ആഗ്നസ് ഉയര്‍ത്തിയ ചെറിയ സംശയം സിനിമയിലുടനീളം കഥാപാത്രങ്ങളെയെന്ന പോലെ പ്രേക്ഷകനെയും മുന്നോട്ടുകൊണ്ടു പോകുന്നു. മാര്‍പ്പാപ്പ എന്നത് കേവലം കത്തോലിക്കാ സഭയുടെ നേതാവ് മാത്രമല്ലെന്നും ലോകത്തിലെ അധികാരകേന്ദ്രങ്ങളിലെ പ്രധാന സ്ഥാനമാണെന്നും തിരിച്ചറിഞ്ഞ് ഓരോ കര്‍ദിനാള്‍മാരും വാക്കിലൂടെയും നോക്കിലൂടെയും നിശ്വാസങ്ങളിലൂടെയും വരെ കരുക്കള്‍ നീക്കുന്നതും തന്ത്രം മെനയുന്നതും സംവിധായകന്‍ മനോഹരമായി സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നു.

ബ്രിട്ടീഷ് കർദിനാളായ തോമസ് ലോറന്‍സിനെ കേന്ദ്ര സ്ഥാനത്തുനിര്‍ത്തിയാണ് കഥ മുന്നോട്ടുനീങ്ങുന്നത്. പുതിയ മാര്‍പ്പാപ്പയെ തെരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവിന്‍റെ ചുമതല തോമസ് ലോറന്‍സിനാണ്. മാര്‍പ്പാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള ചുമതലയുള്ള ഗ്രൂപ്പായ കർദിനാള്‍സ് കോളേജിന്‍റെ ഡീനായി വാക്കിലും നോക്കിലും റാല്‍ഫ് ഫിയന്നസ് ജീവിക്കുന്നു.

ചിത്രത്തിലെ ഓരോ കഥാപാത്രവും അഭിനയത്തിന്‍റെ റഫറന്‍സ് ബുക്കായി മാറുന്നതാണ് സിനിമയില്‍ കാണുന്നത്. മാര്‍പ്പാപ്പയുടെ മരണത്തിലെ സംശയത്തില്‍ തുടങ്ങി കത്തോലിക്കാ സഭ മുന്നോട്ടുവയ്ക്കുന്ന പാരമ്പര്യ സദാചാരങ്ങളെ വെല്ലുവിളിച്ച് അവസാനിക്കുന്നതാണ് സിനിമയുടെ പ്രമേയം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com