'ന്നാ താൻ കേസ് കൊടുക്കണ്ട', വിവാദ സിനിമയ്ക്ക് 7 അവാർഡ്

'സർക്കാർ വിരുദ്ധ വിവാദ'ത്തിൽ ഉൾപ്പെട്ട സിനിമയ്ക്ക് ഏഴ് അവാർഡ്
ന്നാ താൻ കേസ് കൊട് എന്ന സിനിമയുടെ വിവാദമായ പോസ്റ്റർ.
ന്നാ താൻ കേസ് കൊട് എന്ന സിനിമയുടെ വിവാദമായ പോസ്റ്റർ.
Updated on

കൊച്ചി: സംസ്ഥാന സിനിമാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഏറ്റവും വലിയ നേട്ടം ന്നാ താൻ കേസ് കൊട് എന്ന 'വിവാദ' ചിത്രത്തിന്. 'റോഡിലെ കുഴി' പരാമർശം ഉൾപ്പെട്ട പരസ്യം സംസ്ഥാന സർക്കാരിനെതിരാണെന്ന വ്യാഖ്യാനമാണ് സിനിമയെ വിവാദ കേന്ദ്രമാക്കിയത്. എന്നാൽ, തിയെറ്ററിൽ മികച്ച പ്രതികരണം കിട്ടിയ സിനിമ, അവാർഡ് നിർണയത്തിലും ഉജ്ജ്വല പ്രകടനം തന്നെ കാഴ്ചവച്ചു. രാഷ്‌ട്രീയവും സിനിമയും കൂട്ടിക്കുഴയ്ക്കാത്ത അവാർഡ് പ്രഖ്യാപനമെന്ന വിശേഷണവും ഗൗതം ഘോഷ് നേതൃത്വം നൽകിയ ജൂറിക്ക് അവകാശപ്പെടാം.

ജനപ്രീതിയും കലാമേന്മയുമുള്ള സിനിമ എന്ന പുരസ്കാരം തന്നെ സിനിമയുടെ സമഗ്ര മികവിനുള്ള ഉദാഹരണം. ചിത്രത്തിലെ മികവുറ്റ പ്രകടനത്തിന് നിർമാതാവ് കൂടിയായ കുഞ്ചാക്കോ ബോബൻ മികച്ച നടനുള്ള മത്സരത്തിന്‍റെ അവസാന റൗണ്ട് വരെയെത്തിയിരുന്നെങ്കിലും, നൻപകൽ നേരത്ത് മയക്കം എന്ന സിനിമയിലെ മമ്മൂട്ടിയുടെ അസാമാന്യ പ്രകടനത്തിനു മുന്നിൽ, പ്രത്യേക പരാമർശത്തിൽ ഒതുങ്ങിപ്പോയി.

ലിജോ ജോസ് പല്ലിശ്ശേരിയുടെ അസാധ്യ ചലച്ചിത്ര നിർമിതിയുമായി മത്സരിക്കേണ്ടി വന്നു എന്നതു തന്നെയാകാം, കുഞ്ചാക്കോ എന്ന പോലെ അപ്പൻ എന്ന സിനിമയിൽ കരിയർ ബെസ്റ്റ് പ്രകടനം നടത്തിയ അലൻസിയർ ലെ ലോപ്പസിനെയും പ്രത്യേക പരാമർശത്തിൽ ഒതുത്തിക്കളഞ്ഞത്.

സൗണ്ട് മിക്സിങ് (വിപിൻ നായർ), കലാസംവിധാനം (ജ്യോതിഷ് ചന്ദ്രൻ), പശ്ചാത്തല സംഗീതം (ഡോൺ വിൻസന്‍റ്), തിരക്കഥ (രതീഷ് ബാലകൃഷ്ണൻ പൊതുവാൾ), സ്വഭാവ നടൻ (വി.പി. കുഞ്ഞികൃഷ്ണൻ) എന്നീ ഇനങ്ങളിലും ന്നാ താൻ കേസ് കൊട് എന്ന സിനിമ പുരസ്കാരങ്ങൾ നേടി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com