
രജനി ഫാൻസിനെ നിരാശപ്പെടുത്താതെ 'കൂലി'; തകർത്തഭിനയിച്ച് സൗബിൻ
രജനി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് കൂലി. ലോകേഷ് കനകരാജിന്‍റെ സംവിധാനത്തില്‍ തലൈവര്‍ എത്തുമ്പോള്‍ ഹിറ്റില്‍ കുറഞ്ഞതൊന്നും ആരാധകര്‍ പ്രതീക്ഷിച്ചിട്ടുമില്ല. സിനിമയുടെ റിലിസീന് മുന്‍പേ ഒരുപാട് ഫാന്‍ തിയറികള്‍ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ആ തിയറി കേട്ട് പോകുന്നവര്‍ക്കും പ്രതീക്ഷയുടെ അമിതഭാരവുമായി പോകുന്നവര്‍ക്കും ചിത്രം ഇഷ്ടപ്പെടാതിരിക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ രജനി ആരാധകരെ തൃപ്തിപ്പെടുത്താനുള്ളതെല്ലാം ചിത്രത്തിലുണ്ട്.
രജനീകാന്ത്, നാഗാര്‍ജുന, സൗബിന്‍, സത്യരാജ് തുടങ്ങി സിനിമയില്‍ പ്രധാനവേഷങ്ങളിലെത്തിയ എല്ലാവരും മികച്ച രീതിയില്‍ തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. പൊതുവില്‍ രജനീകാന്തിനെ എതിരെ നില്‍ക്കുന്ന വില്ലന്മാരുടെ പ്രകടനം മോശം ആയാല്‍ ചിത്രത്തെ അപ്പാടെ മോശമായി ബാധിക്കുന്നതായിരുന്നു സമീപകാലത്തെ രജനിചിത്രങ്ങളുടെ സ്ഥിതി.
വില്ലന്‍ മികച്ചതായതോടെ ഹിറ്റടിച്ച ജയിലര്‍ ഒഴിച്ച് നിര്‍ത്തിയാല്‍ മറ്റ് ചിത്രങ്ങളിലെ പോരായ്മ വില്ലന്മാരുടെ പ്രകടനം ആയിരുന്നു. എന്നാല്‍ കൂലിയില്‍ ഗംഭീര പ്രകടനം തന്നെയാണ് വില്ലന്മാരായ സൗബിനും നാഗാര്‍ജുനയും നടത്തുന്നത്.
താരപ്പൊലിമയ്ക്ക് ചേര്‍ന്ന വിധമാണ് നാഗാര്‍ജുന തന്‍റെ കഥാപാത്രത്തെ കൈകാര്യം ചെയ്തിരിക്കുന്നത്. വില്ലനാണെങ്കിലും കണ്ട് നില്‍ക്കുന്നവര്‍ക്ക് ഇഷ്ടം തോന്നിപോകുന്ന കഥാപാത്രമാണ് സൈമണ്‍. തന്‍റെ കരിയറില്‍ രജനിക്ക് വില്ലനായി അഭിനയിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതും കഥാപാത്രത്തിന്‍റെ സവിശേഷതയാകാം. ഗസ്റ്റ് റോളിലെത്തിയ അമിര്‍ ഖാന്‍ ഇടി വാങ്ങാന്‍ വേണ്ടിയെത്തുന്ന വില്ലനല്ല. രജനി ആരാധകന്‍ തന്നെയായാണ് അദ്ദേഹത്തെ അവതരിപ്പിച്ചിരിക്കുന്നത്. ചെറുപ്പം മുതലേ താന്‍ ഹീറോയായി കാണുന്ന താരത്തെ കൂടുതല്‍ ഉയരത്തില്‍ പ്രതിഷ്ടിക്കുന്ന വിധത്തിലാണ് അദ്ദേഹത്തിന്‍റെ കഥാപാത്രം.
കൊച്ചിരാജാവിലെ തലൈവരെ നീങ്കളാ എന്ന ട്രോളൊക്കെ വിവിധ പേജുകളില്‍ കളിയാക്കി വരുന്നുണ്ടെങ്കിലും രജനി ചിത്രത്തില്‍ നിന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നത് സിനിമയിലാെരുക്കിയിട്ടുണ്ട്. എന്നാല്‍ ലോകേഷിന്‍റെ സ്ഥിരം പാറ്റേണിലല്ല ചിത്രമെന്നത് കടുത്ത ലോകേഷ് ഫാന്‍സിന് നിരാശയും സമ്മാനിക്കും.
കഴിഞ്ഞ 5 പതിറ്റാണ്ടായി സ്‌ക്രീനില്‍ നിറഞ്ഞാടുന്ന രജനിയുടെ ചെറുപ്പം അതേ ആവേശത്തോടെ തന്നെ ചിത്രത്തില്‍ കാണിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ഗിരിഷ് ഗംഗാധര്‍ ഛായാഗ്രഹണം നിര്‍മിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് അനിരുദ്ധാണ്.വിക്രം , കൈതി തുടങ്ങിയ ചിത്രങ്ങളുമായി താരതമ്യം ചെയ്യാതിരുന്നാല്‍ കണ്ടിരിക്കാവുന്ന ചിത്രം തന്നെയാണ് കൂലി.