കൊറോണച്ചിരിയുമായി ലുക്‌മാനും ശ്രീനാഥ് ഭാസിയും; ട്രെയ്‌ലറിലെ ലിപ് ലോക്ക് വൈറൽ
മലയാളി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന കൊറോണ ധവാന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ലുക്‌മാനും ശ്രീനാഥ് ഭാസിയും ജോണി ആന്‍റണിയും മറ്റും മുഖ്യവേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്‍റെ ട്രെയിലറിനു മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.
ആനത്തടം എന്ന ഗ്രാമത്തിലെ മദ്യം ഇഷ്ടപ്പെടുന്ന ഒരുപറ്റം ആളുകളുടെ ജീവിതം കൊറോണയുടെ വരവോടെ എങ്ങനെ മാറിമറിയുന്നു എന്നതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ഹാസ്യത്തിന്‍റെ മേമ്പൊടിയോടെയാണ് ചിത്രം സംവിധായകന്‍ സി.സി ഒരുക്കിയിരിക്കുന്നത്.
കോമഡി രംഗങ്ങളെപ്പോലെ പ്രണയരംഗങ്ങളാലും സമ്പുഷ്ടമാണ് കൊറോണ ധവാന്‍റെ ട്രെയിലര്‍. ഈ ചിത്രത്തിന്‍റെ റിലീസോടെ മലയാളത്തിലെ നിത്യഹരിത പ്രണയജോഡികളുടെ കൂട്ടത്തിലേക്ക് ലുക്‌മാനും ശ്രുതി ജയനും കടന്നുകയറുമെന്നു പോലും പ്രവചിക്കുന്നവരുണ്ട്. ഇരുവരുടെയും ലിപ് ലോക്ക് രംഗവും ട്രെയിലറിൽ ശ്രദ്ധേയമായിട്ടുണ്ട്.
നവാഗതനായ സി.സി സംവിധാനം ചെയ്തിരിക്കുന്ന കൊറോണ ധവാന്‍ ജെയിംസ് & ജെറോം പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജെയിംസും ജെറോമും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. രചന നിര്‍വഹിച്ചിരിക്കുന്നത് സുജയ് മോഹന്‍രാജ്. ലിസ്റ്റിൻ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസാണ് ചിത്രം തീയറ്ററുകളിലേക്ക് എത്തിക്കുന്നത്.