
#പീറ്റർ ജയിംസ്
ഇടുക്കി ഉപ്പുതറ സ്വദേശി ബിബിൻ ജോയ്ക്ക് പഠനാനന്തരം സിനിമ മാത്രമായിരുന്നു ലക്ഷ്യം. എന്നാൽ സിനിമാ തലസ്ഥാനമായ കൊച്ചിയിലേക്ക് പറിച്ചുനടപ്പെടണമെന്ന ആഗ്രഹം. മാധ്യമപ്രവർത്തനമാണ് സിനിമയിലേക്കുള്ള ആദ്യ പടിയെന്ന് ഏങ്ങനെയോ മനസിൽ കയറിപ്പറ്റി. അങ്ങനെ മാധ്യമപ്രവർത്തകനായി തിരുവനന്തപുരത്തേക്ക്. ഇവിടെ നിന്ന് ചില മാധ്യമങ്ങളിൽ റിപ്പോർട്ടർ, ക്യാമറാമാൻ, എഡിറ്റർ തുടങ്ങിയ പോസ്റ്റുകളിൽ ജോലി ചെയ്തു. എന്നാൽ സിനിമയിലേക്കുള്ള പ്രവേശനത്തിന് പലവാതിലുകളിൽ മുട്ടിത്തുടങ്ങി.
സിനിമ പഠിക്കാത്തതുകൊണ്ട് ആരും കൂടെ നിർത്താൻ തയാറായില്ല. എന്ത് ചെയ്യുമെന്ന് ആലോചിച്ചിരിക്കെയാണ് സ്ക്രിപ്റ്റ് എഴുത്താണ് മറ്റൊരു വഴിയെന്ന് മനസിലാക്കുന്നത്. പിന്നാലെ ഒന്ന് രണ്ട് വർക്കുകൾ പൂർത്തിയാക്കി കഴിഞ്ഞപ്പോഴാണ് കുടുംബ സുഹൃത്തായ നടൻ അനിൽ നെടുമങ്ങാടുമായി ചില കൂടിക്കാഴ്ചകൾക്ക് വഴിയൊരുങ്ങുന്നത്. അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ഒരു കഥ സിനിമയാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
സ്വപ്നങ്ങൾ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ആരംഭച്ചിരിക്കെയാണ് അനിലിന്റെ അകാലത്തിലുള്ള വേർപാട്. അത് ബിബിനേയും കുടുംബത്തേയും ഏറെ തളർത്തി. കണ്ട സ്വപ്നത്തിലേക്ക് കാൽവയ്ക്കാൻ തയാറെടുത്തപ്പോൾ തന്നെ അത് നഷ്ടമാകുക. അഞ്ച് മാസത്തോളം മാനസികമായി തളർന്നുള്ള ഇരിപ്പ്. പിന്നാലെ എഴുതിയ "മറിയം' ഒടുവിൽ നാളെ അഭ്രപാളിയിലേക്ക് എത്തുന്നു. സിനിമാ വിശേഷങ്ങളുമായെത്തുകയാണ് ബിബിൻ ജോയ്- ഷിഹാ ബിബിൻ ദമ്പതികൾ.
എന്താണ് മറിയം
ഒരു പ്രതീക്ഷിത സാഹചര്യത്തെ തുടർന്ന് തികച്ചും അപരിചിതമായ ഒരു ചുറ്റുപാടിലേക്ക് എത്തിപ്പെടുന്ന മറിയം എന്ന പെൺകുട്ടിയുടെ അതിജീവനത്തിന്റെ കഥയാണിത്. വാടിപ്പോയ മൺകരുത്ത് പ്രകൃതിയുടെ ലാളനയിൽ ഉയർത്തെഴുന്നേൽക്കുന്ന അതിജീവനത്തിന്റെ കഥ പറയുന്ന മറിയം. സമകാലിക സമൂഹത്തിലെ മരവിച്ച പെൺമനസുകൾക്കു ഉണർവേകുന്ന ചിത്രമാണ്. പ്രകൃതിയോടും മണ്ണിനോടും മാനവരാശി ഇഴകി ജീവിക്കേണ്ടതിന്റെ ആവശ്യകതയും മനുഷ്യ മനസിന്റെ വേലിയേറ്റങ്ങളെ നിയന്ത്രണാധീനമാക്കാനും അവനെ പ്രചോദിപ്പിക്കാനുള്ള പ്രകൃതിയുടെ അത്ഭുതശക്തിയെയും ചിത്രം വരച്ചുകാട്ടുന്നു.
ഒരു സ്ത്രീപക്ഷ സിനിമ
മറിയം ഒരു സ്ത്രീ പക്ഷ സിനിമയാണ്. ഒരു അതിജീവനത്തിന്റെ കഥയാണിത്. ഒരു പ്രതിസന്ധിയെ സ്ത്രീ അതിജീവിക്കാൻ ശ്രമിക്കുന്നതാണ് സിനിമ. ചിലപ്പോൾ ഒരു ഫോൺകോളോ, ഒരു വ്യക്തിയോ, ഒരുനിമിഷത്തെ കാഴ്ചകളോ, പ്രകൃതിയുടെ നേർത്ത ഇടപെടലുകളോ അവളെ അതിജീവിക്കാൻ പ്രേരിപ്പിക്കാറുണ്ട്. അങ്ങനെ അതിജീവിക്കുന്ന മറിയത്തിന്റെ കഥയാണിത്. ഇന്ത്യയിലും വിദേശത്തുനിന്നുമായി 32 അവാർഡുകൾ ഇതിനകം ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. സ്ത്രീകളുടെ പരിമിധികളല്ല പറയുന്നത് മറിച്ച് ഇതിനെ എങ്ങനെ മറികടക്കാമെന്നാണ് മറിയം പറയുന്നത്.
സിനിമ പറയുന്ന വീട്
സിനിമകളെ കുറിച്ച് മാത്രം സംസാരിക്കുന്ന ഒരു വീടാണ് എന്റേത്. അങ്ങനെ മറിയം എഴുതാൻ തുടങ്ങിയപ്പോൾ സ്ത്രീകൾക്ക് മാത്രം മനസിലാകുന്ന ചില വികാരങ്ങളുണ്ട്. അതിനെ കുറിച്ച് ഞാൻ ഭാര്യ ഷിഹയോട് സംസാരിച്ചു. അപ്പോൾ കൃത്യമായ അഭിപ്രായങ്ങൾ അവരുടെ ഭാഗത്ത് നിന്നുണ്ടായി അങ്ങനെ ഒരു ഘട്ടം കഴിഞ്ഞപ്പോൾ ചിത്രത്തിനോട് സഹകരിക്കാമോ എന്ന് ചോദ്യത്തിന് "അതിനെന്താണ്' എന്നായിരുന്നു മറുപടി. അങ്ങനെ ഒരു സംവിധായക ദമ്പതികളാകാൻ തീരുമാനിക്കുകയായിരുന്നു. പുറത്ത് നിന്നൊരാൾ ഒപ്പം നിൽക്കുന്നതിലും ഏറ്റവും നല്ലത് വീട്ടിലൊരാളാകുന്നതാണെന്നാണ് ബിബിന്റെ അഭിപ്രായം.
വാർത്തകളിൽ നിന്ന് സിനിമ
നിരന്തരം മാധ്യമങ്ങളിൽ വരുന്ന വാർത്തകളിൽ പറഞ്ഞുപോകുന്ന ഇര, അതിജീവിത തുടങ്ങിയ വാക്കുകളിൽ നിന്നാണ് മറിയത്തിന്റെ വൺലൈനിലേക്ക് എത്തുന്നത്. പുതിയ കഥയെ കുറിച്ച് ആലോചിച്ചപ്പോൾ തന്നെ സുഹൃത്ത് മഞ്ചു കപൂറുമായി ഇതു പങ്കുവച്ചു. മറ്റൊന്നും ആലോചിക്കാതെ സിനിമ ചെയ്യാൻ സഹായത്തിന് എത്തതുമെന്ന് അവർ പറഞ്ഞു. അതുകൊണ്ട് തന്നെ എഴുതി പൂർത്തിയാക്കി ഒരു മാസത്തിനുള്ളിൽ സിനിമയുടെ വർക്ക് തുടങ്ങാനായി.
പുതുമുഖങ്ങൾ
മറിയത്തിന് വേണ്ടി ആദ്യം എത്തിയ നടിക്ക് ആ കഥാപാത്രത്തെ അവതരിപ്പിക്കാനായില്ല. അങ്ങനെയിരിക്കെയാണ് മൃണാളിനിയിലേക്ക് എത്തുന്നത്. പതിനെട്ടാം പടിയിലൂടെ മലയാള സിനിമയിലെത്തിയ മൃണാളിനി സൂസൻ ജോർജ്. ചട്ടമ്പി, ജല്ലിക്കെട്ട്, അപ്പൻ (ബാലൻമാഷ്) തുടങ്ങിയ ചിത്രങ്ങളിലൂടെ സിനിമയിലെത്തിയ ജോസഫ് ചിലമ്പൻ മികച്ചൊരു വേഷത്തിൽ എത്തിയിട്ടുണ്ട്. ക്രിസ് വേണുഗോപാൽ, പ്രസാദ് കണ്ണൻ, അനിക്സ് ബൈജു, രേഖ ലക്ഷ്മി, ജോണി ഇ വി. സുനിൽ, എബി ചാണ്ടി, ബോബിൻ ജോയി, അരുൺ ചാക്കോ, മെൽബിൻ ബേബി, ചിന്നു മൃദുൽ, ശ്രീനിക്, അരുൺ കുമരകം, വൈഷ്ണവി, ഷിബു ഇടുക്കി, സെബാസ്റ്റ്യൻ പെരുമ്പാവൂർ, ദീപു, വിജീഷ്, ഷാമോൻ എന്നിവരും ചിത്രത്തിലെ കഥാപാത്രങ്ങളാകുന്നു.
കൊവിഡും ചിത്രീകരണവും
കൊവിഡ് അതിരൂക്ഷമായ സമയത്താണ് ചിത്രീകരണം നടക്കുന്നത്. സിനിമയ്ക്ക് ഒരു വീട് വേണമായിരുന്നു. കൂടാതെ ഒരുകുട്ടനാടൻ പ്രതീതിയും. അങ്ങനെയാണ് കുമരകത്തേക്ക് എത്തുന്നത്. കൂടാതെ ലോക്ഡൗണിന്റെ സമയത്ത് ക്രൂ കോട്ടയത്ത് കുടുങ്ങിപ്പോയിരുന്നു. പൊലീസിന്റെ കടുത്ത നിയന്ത്രണത്തിലാണ് ചിത്രീകരണം നടത്തിയത്. ചിത്രാഞ്ജലിയിലാണ് പ്രീപ്രൊഡക്ഷൻ വർക്ക് നടന്നത്. അവിടെ ഷെഡ്യൂൾ ചെയ്ത ചില വർക്കുകൾ തീർന്നതിന് ശേഷമാണ് മറിയത്തിലേക്ക് കടന്നത്. എന്നാൽ കാലതാമസമൊന്നും സിനിമയെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് വിശ്വാസം.