പ്രണയിക്കുന്ന കൈവിരലുകളുടെ ഉടമ...

ഒരു വ്യാഴവട്ടക്കാലം മുൻപേ ഫിംഗർ ഡാൻസ് എന്ന കലാരൂപത്തെ ഇന്ത്യയിൽ പരിചയപ്പെടുത്തിയ നൃത്ത സംവിധായകൻ, ഇംതിയാസ് അബൂബക്കറുടെ കൈവിരലുകളാണ് ഗാനരംഗത്തിൽ പ്രണയ ജോഡികളായി നൃത്തം ചെയ്യുന്നത്.

വി.കെ. സഞ്ജു

നാദിർഷാ സംവിധാനം ചെയ്ത, 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി' എന്ന സിനിമയിലെ ഒരു ഗാനരംഗം ഇതിനകം ശ്രദ്ധേയമായിട്ടുണ്ട്. ''പണ്ടേ പണ്ടേ എന്നോടലിഞ്ഞേ നീ...'' എന്നു തുടങ്ങു ടൈറ്റിൽ സോങ്ങ്. ആ പാട്ടിൽ നൃത്തം ചെയ്യുന്നതാകട്ടെ, വിരലുകൾ മാത്രമാണ്; കഥാപാത്രങ്ങളുടെ മുഖം വരച്ചുചേർത്ത കൈവിരലുകൾ.

ആ വിരലുകളുടെ ഉടമയുടെ പേരാണ് ഇംതിയാസ് അബൂബക്കർ; ഒരു വ്യാഴവട്ടക്കാലം മുൻപേ ഫിംഗർ ഡാൻസ് എന്ന കലാരൂപത്തെ ഇന്ത്യയിൽ ആദ്യമായി പരിചയപ്പെടുത്തിയ നൃത്ത സംവിധായകൻ.

ഇംതിയാസ് അബൂബക്കറുമായി നടത്തിയ സംഭാഷണത്തിൽ നിന്ന്:

Q

ടൈറ്റിൽ സോങ്ങായി ഫിംഗർ ഡാൻസ് ഉപയോഗിക്കുക എന്ന ആശയത്തിലേക്ക് എങ്ങനെയാണ് എത്തുന്നത്?

ടൈറ്റിൽ സോങ് ചിത്രീകരണത്തിനിടെ സംവിധായകൻ നാദിർ ഷായോടൊപ്പം ഇംതിയാസ് അബൂബക്കർ.
ടൈറ്റിൽ സോങ് ചിത്രീകരണത്തിനിടെ സംവിധായകൻ നാദിർ ഷായോടൊപ്പം ഇംതിയാസ് അബൂബക്കർ.
A

പന്ത്രണ്ട് വർഷം മുൻപാണ് ഫിംഗർ ഡാൻസിനെക്കുറിച്ച് ആദ്യമായി നാദിർഷായുമായി ഞാൻ സംസാരിക്കുന്നത്. കഴിഞ്ഞ ജനുവരിയിൽ അദ്ദേഹത്തിന്‍റെ ഒരു കോൾ വരുന്നു. പുതിയ സിനിമയുടെ ടൈറ്റിൽ സോങ്ങിന് ഫിംഗർ ഡാൻസ് ഉപയോഗിച്ച് കോറിയോഗ്രാഫി ചെയ്യാൻ പറ്റുമോ എന്നായിരുന്നു അദ്ദേഹത്തിന് അറിയേണ്ടത്. പാട്ട് അയച്ചു തന്നു. അതു കേട്ട് ഓക്കെ പറഞ്ഞു.

ദൃശ്യങ്ങളിൽ പ്രണയമാണ് പ്രമേയമാകേണ്ടതെന്നായിരുന്നു നിർദേശം. സിനിമയുടെ കഥാതന്തുവുമായി ബന്ധപ്പെടുത്തി, നായികാനായകൻമാരുടെ പ്രണയാർദ്രമായ ഭൂതകാലം വിശദീകരിക്കും വിധം അതു ചെയ്യുക എന്ന ദൗത്യമാണ് എന്നെ ഏൽപ്പിച്ചത്.

Q

സിനിമയുടെ സംവിധായകൻ തന്ന ആശയത്തെ ഇപ്പോൾ കാണുന്ന റിസൽറ്റിലേക്ക് എത്തിച്ചതിനു പിന്നിലുള്ള അധ്വാനത്തെക്കുറിച്ച്?

A

കാണുന്നവർക്ക് വിരലിന്‍റെ ചലനം ഈസിയായി തോന്നും. പക്ഷേ, സാധാരണ നൃത്തം ചെയ്യുന്നതിന്‍റെ പല മടങ്ങ് കായികാധ്വാനം ആവശ്യമുള്ള കാര്യമാണത്. തല കീഴായി തൂങ്ങിക്കിടന്നും മറ്റുമാണ് വിരലുകൾ കൃത്യമായി ഫ്രെയിമിൽ കൊണ്ടുവരുന്നത്. മൂക്കിൽ കൂടി രക്തം വരും. ഒരാഴ്ചയോളം കിടപ്പായ അവസ്ഥ വരെയുണ്ടായി. ആ സമയത്തൊക്കെ കുടുംബത്തിന്‍റെ മുഴുവൻ പിന്തുണ കൊണ്ടാണ് പിടിച്ചുനിന്നത്.

മറ്റൊരു പ്രതിസന്ധി, ഇതിനാവശ്യമായ സാധനങ്ങൾ സംഘടിപ്പിക്കുന്നതിലായിരുന്നു. ഡ്രസ് തയാറാക്കാനൊക്കെ അഞ്ച് കോസ്റ്റ്യൂമർമാരുടെ സേവനം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഷൂസ് കിട്ടാനായിരുന്നു കൂടുതൽ ബുദ്ധിമുട്ട്. പലതും യുഎസിൽ നിന്ന് ഓർഡർ ചെയ്ത് ദുബായിലെത്തിച്ച്, അവിടെനിന്ന് ഇങ്ങോട്ട് കൊണ്ടുവരുകയാണ് ചെയ്തത്. രണ്ടു മൂന്നു പെയറുകൾ മാത്രം ഇവിടെ ഉണ്ടാക്കിയെടുത്തു.

ആർട്ട് വർക്കുകൾ പൂർത്തിയാക്കാൻ മാത്രം രണ്ടാഴ്ച വേണ്ടിവന്നു. തൂങ്ങിക്കിടന്നും മറ്റു ചിത്രീകരണം നടത്തേണ്ടതിനാൽ ഫൈറ്റ് മാസ്റ്ററുടെ സേവനം പോലും ഉപയോഗിച്ചിട്ടുണ്ട്. ഒരു മാസമെടുത്താണ് ചിത്രീകരണം പൂർത്തിയാക്കി ഫൈനൽ പ്രൊഡക്റ്റ് പൂർണമാകുന്നത്.

അപ്പോഴും ഇങ്ങനെ ഒരു ആശയം മുന്നോട്ടു വച്ച ശ്രീ നാദിർഷയ്ക്ക് തന്നെയാണ് ഞാൻ വലിയ ക്രെഡിറ്റ് കൊടുക്കുന്നത്. ഇങ്ങനെയൊരു ചിന്ത അദ്ദേഹം പങ്കുവച്ചില്ലെങ്കിൽ ഇതൊന്നും യാഥാർഥ്യമാകില്ലായിരുന്നു. അതിന് അദ്ദേഹത്തോട് ആത്മാർഥമായി നന്ദി പറയുന്നു.

Q

സിനിമയുടെ സന്നാഹങ്ങൾ തന്നെയാണോ ടൈറ്റിൽ സോങ് ചിത്രീകരണത്തിലും ഉപയോഗിച്ചത്?

A

സിനിമയിൽ ഞങ്ങളുടെ ടീമിനു മുഴുവൻ പ്രത്യേകം ക്രെഡിറ്റ് തന്നെ നൽകിയിട്ടുണ്ട്. അതിനു കാരണം, ഈ ഭാഗം ഞാൻ സംവിധാനം ചെയ്ത്, പൂർണമായും എന്‍റെ ടീമാണ് തയാറാക്കിയിരിക്കുന്നത്. നായകനായും നായികയായും അഭിനയിക്കുന്നത് എന്‍റെ രണ്ടു കൈകൾ തന്നെയാണ്.

സ്റ്റുഡിയോ ഫ്ളോറെടുത്ത് ഞങ്ങൾ തന്നെ ഷൂട്ട് ചെയ്ത് കളറിങ് അടക്കം കൈമാറുകയായിരുന്നു. സിനിമാറ്റോഗ്രഫറായ പ്രകാശ് വേലായുധനാണ് ക്യാമറ കൈകാര്യം ചെയ്തത്. മിനിയേച്ചർ ഷൂട്ടിനു പറ്റുന്ന മാക്രോ ലെൻസും, അതിൽ തന്നെ ക്ലോസപ്പ് ഷോട്ടുകൾ എടുക്കാൻ സഹായിക്കുന്ന പ്രോബ് ലെൻസുമാണ് ഉപയോഗിച്ചിരിക്കുന്നത്.

Q

നേരത്തെ തന്നെ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളാണ്. ഇപ്പോൾ ഫിംഗർ ഡാൻസ് മുഖേനയുള്ള അനുഭവം എന്താണ്?

A

സിനിമയിൽ പ്രധാനമായും ഡയറക്റ്റർ ഓഫ് കോറിയോഗ്രഫി (DoC), അസോസിയേറ്റ് ഡയറക്റ്റർ എന്നീ നിലകളിലാണ് പ്രവർത്തിച്ചു വരുന്നത്. പക്ഷേ, സിനിമയിൽ ഞാൻ ഫിംഗർ ഡാൻസ് ഉപയോഗിക്കുന്നത് ഇതാദ്യവുമല്ല. 2012ലാണ് ആദ്യമായി ചെയ്യുന്നത്, 'ആറ് സുന്ദരിമാരുടെ കഥ' എന്ന സിനിമയ്ക്കു വേണ്ടി. അന്നത് ദേശീയ റെക്കോഡായിരുന്നു. വളരെ പരിമിതമായി മാത്രമാണ് ആ സമയത്ത് ഫിംഗർ ഡാൻസ് ഉപയോഗിച്ചത്. ആ കാലത്തിന്‍റേതായ സാങ്കേതികമായ പരിമിതികളും ഉണ്ടായിരുന്നു. ഇപ്പോൾ വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചിയുടെ ടൈറ്റിൽ സോങ്ങിൽ വിപുലമായി തന്നെ ഉപയോഗിക്കാൻ സാധിച്ചിട്ടുണ്ട്. ലോകത്തു തന്നെ ആദ്യമായാണ് ഒരു സിനിമയുടെ ടൈറ്റിൽ സോങ് ഫിംഗർ ഡാൻസിലൂടെ അവതരിപ്പിക്കുന്നത്.

പ്രണയിക്കുന്ന കൈവിരലുകളുടെ ഉടമ...
മനസ് തൊടുന്ന വിരൽത്തുമ്പുകൾ
Q

ഫിംഗർ ഡാൻസിന്‍റെ മറ്റു സാധ്യതകളെക്കുറിച്ച്?

A

ഓട്ടിസ്റ്റിക്കായ കുട്ടികൾക്കു വേണ്ടി മൈൻഡ് മൂവ്സ് എന്നൊരു പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്. എനിക്കവർ സൂപ്പർ ഹീറോകളാണ്. വിരലുകളുടെ വ്യായാമം ഈ സൂപ്പർ ഹീറോകളുടെ തലച്ചോറിൽ ഗുണപരമായ പല മാറ്റങ്ങളും വരുത്താൻ സഹായിക്കും എന്നു മനസിലാക്കിയാണ് ആ വഴിക്കു പ്രവർത്തിക്കാൻ തീരുമാനിച്ചത്. കൊച്ചി നഗരപരിധിയിലുള്ള വിവിധ സ്പെഷ്യൽ സ്കൂളുകളിൽ മൈൻഡ് മൂവ്സ് പരിശീലന പരിപാടി നടത്തുന്നുണ്ട്. ഇതു കൂടുതൽ വ്യാപകമാക്കണമെന്നാണ് ആഗ്രഹം.

Trending

No stories found.

More Videos

No stories found.