
കഴിഞ്ഞ തവണത്തെ ഓസ്കർ പുരസ്കാരച്ചടങ്ങിലാണു നടൻ വിൽ സ്മിത്ത് അവതാരകനായ ക്രിസ് റോക്കിനെ ചെകിട്ടത്തടിച്ചത്. ഓസ്കറിന്‍റെ ചരിത്രത്തിൽ തന്നെ അത്തരമൊരു സംഭവം ആദ്യമായിരുന്നു. ഭാര്യയെ കളിയാക്കിയതാണു വിൽ സ്മിത്തിനെ പ്രകോപിപ്പിച്ചത്. എന്തായാലും അത്തരം സാഹചര്യങ്ങൾ നേരിടാൻ ഇത്തവണ ഒരു ക്രൈസിസ് ടീം ഓസ്കർ അവാർഡ്ദാന ചടങ്ങിൽ ഉണ്ടാകും.
കഴിഞ്ഞ തവണത്തെ അനുഭവങ്ങൾ മുൻനിർത്തിയാണു ക്രൈസിസ് ടീമിനെ പരിചയപ്പെടുത്തുന്നതെന്ന് അക്കാഡമി ചീഫ് എക്സിക്യുട്ടിവ് ബിൽ ക്രാമർ പറഞ്ഞു. സമാനമായ സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ പ്രാപ്തിയുള്ള, എന്തിനും തയാറായ ആളുകളായിരിക്കും ക്രൈസിസ് ടീമിൽ ഉണ്ടാവുക. ഇത്തരം കാര്യങ്ങളിൽ പെട്ടെന്നു തന്നെ പ്രതികരിച്ച്, സാഹചര്യങ്ങൾ നിയന്ത്രണത്തിൽ കൊണ്ടുവരാൻ സാധിക്കുന്നതാണു ക്രൈസിസ് ടീം.
2022-ലെ ഓസ്കർ വേദിയിലെ ചെകിടത്തടി ഏറെ ചർച്ചകൾക്കു വഴിവച്ചിരുന്നു. ഓസ്കർ പുരസ്കാരച്ചടങ്ങിൽ നിന്നും വിൽ സ്മിത്തിനു പത്തു വർഷത്തെ വിലക്കും ഏർപ്പെടുത്തി.