

മോഹൻലാൽ, ദിലീപ്
ധനഞ്ജയ് ശങ്കറിന്‍റെ സംവിധാനത്തിൽ ദിലീപിനെ നായകനാക്കി വലിയ ഹൈപ്പോടെ ഡിസംബർ 18ന് തിയെറ്ററിലെത്തിയ ചിത്രമാണ് ഭഭബ. ദിലീപിനു പുറമെ മലയാളികളുടെ സ്വന്തം മോഹൻലാൽ കാമിയോ റോളിൽ എത്തുമെന്ന വിവരം പുറത്തായതോടെ ആരാധകരുടെ പ്രതീക്ഷകൾ വർധിച്ചു.
ചിത്രം റിലീസായതിനു ശേഷമുള്ള ആദ‍്യ മൂന്നു ദിവസം കൊണ്ട് 33 കോടി രൂപ ലഭിച്ചെങ്കിലും പിന്നീട് ചിത്രത്തിന് വേണ്ടത്ര സീക്വാര‍്യത ലഭിച്ചില്ല. എന്നാലിപ്പോൾ ഒടിടി റിലീസായതിനു പിന്നാലെ വലിയ തോതിലുള്ള വിമർശനമാണ് ചിത്രം ഏറ്റുവാങ്ങിയിരിക്കുന്നത്. സമൂഹമാധ‍്യമങ്ങളിൽ മോഹൻലാലിനെതിരേയാണ് ട്രോളുകൾ ഏറെയും.
ഫാൻ ബോയ് ആണെന്ന് കാണിക്കാൻ വേണ്ടി മുണ്ട് മടക്കിക്കൽ, മീശ പിരിപ്പിക്കൽ, മുണ്ട് ഊരി അടിക്കൽ തുടങ്ങി എണ്ണമറ്റ കലാപരിപാടികൾ വേറെ. മോഹൻലാൽ സ്വയം കോമാളിയാവുന്നു. എന്തൊരു മോശം അഭിനയം ആണ്. ഇതിനും ഭേദം ബാലയ്യയുടെ അഖണ്ഡ ആയിരുന്നു. എന്നിങ്ങനെ നീളുന്നു കമന്‍റുകൾ.
ബോക്സ് ഓഫിസിൽ ചിത്രം 45.85 കോടി രൂപ നേടിയതായാണ് റിപ്പോർട്ടുകൾ. ദിലീപിനും മോഹൻലാലിനും പുറമെ ധ‍്യാൻ ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ, സിദ്ധാർഥ് ഭരതൻ, ബൈജു സന്തോഷ്, ബാലു വർഗീസ്, സലിം കുമാർ, അശോകൻ, ദേവൻ, ബിജു പപ്പൻ, തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.