‘ദായ്റ’ ട്രെയ്‌ലർ പുറത്ത്; ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ അന്വേഷണം നടത്തുന്ന കരീന, നിയമവും നീതിയും തമ്മിലുള്ള പോരാട്ടവുമായി പൃഥ്വിരാജ്

മേഘ്ന ഗുൽസാർ സംവിധാനം ചെയ്ത ചിത്രം കുറ്റകൃത്യം, നീതി, ശിക്ഷ എന്നിവ തമ്മിലുള്ള സങ്കീർണ ബന്ധമാണ് ചർച്ച ചെയ്യുന്നത്
Prithviraj and Kareena Kapoor in *Daayra*

ദായ്റയിൽ പൃഥിരാജ്, കരീന കപൂർ എന്നിവർ

Updated on

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ബോളിവുഡ് ചിത്രം ‘ദായ്റ’യുടെ ട്രെയ്‌ലർ തിങ്കളാഴ്ച പുറത്തിറങ്ങി. മേഘ്ന ഗുൽസാർ സംവിധാനം ചെയ്ത ചിത്രം കുറ്റകൃത്യം, നീതി, ശിക്ഷ എന്നിവ തമ്മിലുള്ള സങ്കീർണ ബന്ധമാണ് ചർച്ച ചെയ്യുന്നത്. യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ക്രൈം ത്രില്ലറായ ‘ദായ്റ’യിൽ പൊലീസ് ഉദ്യോഗസ്ഥരായ ഡിസിപി അജൂനി കോഹ്‌ലി, ഡിസിപി രാമൻ കുമാർ എന്നീ കഥാപാത്രങ്ങളെയാണ് കരീനയും പൃഥ്വിരാജും അവതരിപ്പിക്കുന്നത്. ഒരു പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് പരിഭ്രാന്തയായ അമ്മയുടെ അന്വേഷണത്തോടെയാണ് ട്രെയ്‌ലർ ആരംഭിക്കുന്നത്. തുടർന്ന് കൂട്ടബലാത്സംഗക്കേസിലെ പ്രതികളായ പ്രായപൂർത്തിയാകാത്തവരെ പൃഥ്വിരാജിന്‍റെ കഥാപാത്രം വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി വെടിവച്ച് കൊല്ലുന്നതിന്‍റെ ദൃശ്യങ്ങൾ കാണാം. പിന്നീട് സംഭവം ഏറ്റുമുട്ടൽ കൊലയായി അവതരിപ്പിക്കപ്പെടുന്നു.

പൃഥ്വിരാജിന്‍റെ കഥാപാത്രം മുൻപ് സ്വയരക്ഷയുടെ പേരിൽ നടത്തിയ മൂന്ന് ഏറ്റുമുട്ടൽ കൊലപാതകങ്ങളെയും കരീനയുടെ കഥാപാത്രം ചോദ്യം ചെയ്യുന്നു. ഇതോടെയാണ് അന്വേഷണത്തിന് തുടക്കമാകുന്നത്. കുറ്റകൃത്യം പുനഃസൃഷ്ടിച്ചും തെളിവുകൾ പരിശോധിച്ചും അന്വേഷണം മുന്നോട്ടുപോകുന്നു.

നിയമത്തിന്‍റെ പരിധിക്കുള്ളിൽ നിന്നാണ് താൻ പ്രവർത്തിക്കുന്നതെന്ന് കരീനയുടെ കഥാപാത്രം വ്യക്തമാക്കുമ്പോൾ, ഇത്രയും ഗുരുതരമായ കുറ്റകൃത്യം ചെയ്യാൻ കഴിയുന്ന പ്രായപൂർത്തിയാകാത്ത ഒരാളെ ജുവനൈൽ സംരക്ഷണ നിയമത്തിന്‍റെ പേരിൽ എങ്ങനെ സംരക്ഷിക്കാനാകുമെന്ന ചോദ്യമാണ് പൃഥ്വിരാജിന്‍റെ കഥാപാത്രം ഉയർത്തുന്നത്. നിയമത്തിന്‍റെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് മാത്രമാണോ എല്ലായ്പ്പോഴും നീതി നടപ്പാക്കാനാകുക? എന്ന ചോദ്യമാണ് ട്രെയ്‌ലർ പ്രേക്ഷകരുടെ മുന്നിൽ ഉയർത്തുന്നത്. ചിത്രം സെപ്റ്റംബർ 18ന് തിയെറ്ററുകളിലെത്തും.

logo
Metro Vaartha
www.metrovaartha.com