കരിക്ക് മുതൽ രാസലീല വരെ: കൃഷ്ണദാസ് മുരളി സംസാരിക്കുന്നു

ഭരതനാട്യം, മോഹിനിയാട്ടം എന്നീ സിനിമകളുടെ സംവിധായകൻ കൃഷ്ണദാസ് മുരളി തന്‍റെ സിനിമ യാത്രയെക്കുറിച്ച് സംസാരിക്കുന്നു
Bharthanatyam, Mohiniyattam director Krishnadas Murali interview

മോഹിനിയാട്ടത്തിന്‍റെ സെറ്റിൽ കൃഷ്ണദാസ് മുരളിയും സൈജു കുറുപ്പും.

Published on

പി.ജി.എസ്. സൂരജ്

നിത്യജീവിതത്തിലെ സംസാരങ്ങളിൽപ്പോലും എപ്പോഴെങ്കിലും കണ്ട സിനിമകളിലെ ഡയലോഗുകളും റഫറൻസുകളും കൂട്ടിച്ചേർക്കാൻ മലയാളികൾക്ക് പ്രത്യേകമൊരു മിടുക്കുണ്ട്. അത്തരത്തിൽ മലയാളികളുടെ സിനിമാസ്വാദനത്തിലേക്ക് ഒരുപിടി മികച്ച തഗ് ഡയലോഗുകളും ഗംഭീര റഫറൻസുകളുമായി എത്തിയ ചിത്രങ്ങളായിരുന്നു കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ഭരതനാട്യവും അതിന്‍റെ രണ്ടാം ഭാഗമായ മോഹിനിയാട്ടവും. അടുത്തകാലത്തൊന്നും മലയാള സിനിമയിൽ ഇത്രയും ബ്രില്ല്യന്‍റായി റഫറൻസുകൾ ഉപയോഗിച്ച ചിത്രങ്ങൾ ഉണ്ടായിട്ടില്ല. ചിരിയുടെ രസം ഒട്ടും ചോർന്നുപോകാതെ തന്നെ സമൂഹത്തിലെയും കുടുംബങ്ങളിലെയും പൊള്ളത്തരങ്ങളെ ചൂണ്ടിക്കാണിക്കുന്ന ശ്രീനിവാസൻ ശൈലിയാണ് ഈ ഫ്രാഞ്ചൈസി പിന്തുടരുന്നത്.

ചിത്രത്തിന്‍റെ മൂന്നാം ഭാഗവും ഇതിനോടകം പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞു. തിയെറ്ററുകളിൽ വലിയ ചലനമുണ്ടാക്കാതിരുന്ന ആദ്യ ഭാഗത്തിൽ നിന്ന് തിയെറ്ററുകളെ ഇളക്കിമറിച്ച രണ്ടാം ഭാഗത്തിലേക്കുള്ള മോഹിനിയാട്ടത്തിന്‍റെ യാത്രയെക്കുറിച്ചും തന്‍റെ സിനിമാജീവിതത്തെക്കുറിച്ചും സംവിധായകൻ കൃഷ്ണദാസ് മുരളി മനസ് തുറക്കുന്നു.

Q

രാസലീല എന്ന ചലഞ്ച്

A

ഭരതനാട്യം ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗം 'രാസലീല' പ്രഖ്യാപിച്ചു കഴിഞ്ഞു. ഭരതനാട്യം എഴുതുമ്പോൾ രണ്ടാം ഭാഗത്തെക്കുറിച്ച് ചിന്തിച്ചിട്ടേ ഇല്ലായിരുന്നു. എന്നാൽ, രണ്ടാം ഭാഗത്തിന്‍റെ തിരക്കഥ എഴുതുമ്പോൾ തന്നെ മൂന്നാം ഭാഗത്തേക്കുള്ള കഥാപരിസരം കൃത്യമായി ഒരുങ്ങുന്നുണ്ടായിരുന്നു. നിലവിൽ ചെയ്യുന്ന സിനിമകൾ പരമാവധി ഭംഗിയാക്കുക എന്നത് മാത്രമാണ് മുന്നിലുള്ള ലക്ഷ്യം. അത് വലിയൊരു ചലഞ്ചായി കാണുന്നു. കൂടുതൽ സിനിമാവിശേഷങ്ങൾ വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാം.

Q

പേരിലുമുണ്ട് കഥ

A

ഭരതനാട്യം, മോഹിനിയാട്ടം എന്നീ പേരുകൾ കേൾക്കുമ്പോൾ ഇതൊരു നൃത്തപ്രധാനമായ സിനിമയാണെന്ന് ഒറ്റനോട്ടത്തിൽ തോന്നാമെങ്കിലും യാഥാർഥ്യം അതല്ല. സിനിമകൾക്ക് ഈ പേരുകൾ വെറുതെ നൽകിയതല്ല. സായികുമാർ അതിഗംഭീരമായി അവതരിപ്പിച്ച ഭരതൻനായർ എന്ന കഥാപാത്രം തന്‍റെ കുടുംബത്തിൽ വർഷങ്ങളായി നടത്തിവരുന്ന ഒരഭിനയമുണ്ട്. തനിക്ക് മറ്റൊരു കുടുംബം കൂടിയുണ്ടെന്ന കാര്യം പൂർണമായി മറച്ചുവെച്ചുകൊണ്ടുള്ള അയാളുടെ ജീവിതം ഒരർഥത്തിൽ വലിയൊരു നാട്യമായിരുന്നു. സ്വന്തം വീട്ടിലെ ഭക്ഷണത്തിന്‍റെ കാര്യത്തിൽ പോലും രണ്ട് തരത്തിലാണ് അയാൾ പെരുമാറുന്നത്. ഭരതൻ എന്ന കഥാപാത്രത്തിന്‍റെ നാട്യമാണ് 'ഭരതനാട്യം'. അയാളുടെ ജീവിതം മൊത്തത്തിൽ അങ്ങനെയായിരുന്നു.

അതിന്‍റെ തുടർച്ചയായതുകൊണ്ടാണ് സ്വാഭാവികമായും രണ്ടാം ഭാഗത്തിന് 'മോഹിനിയാട്ടം' എന്ന പേര് തെരഞ്ഞെടുത്തത്. മോഹിനീശ്വരി എന്നൊരു ദേവി സങ്കൽപ്പവും അങ്ങനെയൊരു കഥാപാത്രത്തിന്‍റെ ആവശ്യകതയും ഈ കഥയിൽ നിലനിന്നിരുന്നു. ചുരുക്കത്തിൽ ശാസ്ത്രീയ നൃത്തവുമായി ഈ സിനിമകൾക്ക് യാതൊരു ബന്ധവുമില്ല.

Q

ഡാർക്ക് കോമഡിയിലേക്കുള്ള വഴിമാറ്റം

Bharthanatyam, Mohiniyattam director Krishnadas Murali interview

മോഹിനിയാട്ടത്തിന്‍റെ സെറ്റിൽ  ജഗദീഷും കൃഷ്ണദാസ് മുരളിയും.

A

കുടുംബ രഹസ്യം ഒളിപ്പിക്കാൻ ശ്രമിക്കുന്ന ഒരു സാധാരണ ഫാമിലി ഡ്രാമയിൽ നിന്ന് ഡാർക്ക് കോമഡി ത്രില്ലറിലേക്കാണ് മോഹിനിയാട്ടം സഞ്ചരിക്കുന്നത്. വ്യക്തിപരമായി ഏറെ ഇഷ്ടമുള്ളതും കൂടുതൽ പരീക്ഷണങ്ങൾ നടത്താൻ ആഗ്രഹിക്കുന്നതുമായ ഒരു ഴോണറാണ് ഡാർക്ക് കോമഡി. ഭരതനാട്യത്തിന്‍റെ ആദ്യ ഡ്രാഫ്റ്റിൽ തന്നെ ഈ ഡാർക്ക് ഹ്യൂമർ സ്വഭാവം ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, ആദ്യ സിനിമ എന്ന നിലയിൽ അത് ആളുകൾക്ക് ദഹിക്കുമോ എന്ന ആശങ്ക കാരണം പ്രോജക്റ്റ് നടക്കാൻ വേണ്ടി അതൊരു 'ഫീൽ ഗുഡ്' ഫാമിലി സിനിമയാക്കി മാറ്റുകയായിരുന്നു. എന്നിരുന്നാലും അതിലും ഡാർക്ക് ഹ്യൂമർ ഘടകങ്ങൾ ഉണ്ടായിരുന്നു. അത് മനസിലാക്കിയ പ്രേക്ഷകർ അക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്.

ഭരതനാട്യം തിയെറ്ററിൽ പരാജയപ്പെടുകയും പിന്നീട് ഒടിടിയിൽ വലിയ സ്വീകാര്യത നേടുകയും ചെയ്ത ചിത്രമാണ്. അതുകൊണ്ട് തന്നെ രണ്ടാം ഭാഗവും അതേ അച്ചിൽ വാർത്താൽ വർക്ക് ചെയ്യില്ലെന്ന് ഉറപ്പായിരുന്നു. പ്രൊഡക്ഷൻ പക്ഷത്തുനിന്ന് രണ്ടാം ഭാഗത്തിന്‍റെ ആലോചന വന്നപ്പോൾ ആദ്യം നിരസിക്കുകയാണ് ചെയ്തത്. പിന്നീട് തനിക്കിഷ്ടപ്പെട്ട ഡാർക്ക് ഹ്യൂമർ ട്രാക്കിലേക്ക് കഥയെ മാറ്റാമെന്ന നിബന്ധനയിലാണ് സംവിധായകൻ സമ്മതം മൂളുന്നത്. നമ്മൾ എടുത്ത എഫർട്ട് തിയെറ്ററിൽ കാണുന്നവർക്ക് ഫീൽ ചെയ്യണമെങ്കിൽ ഈ ജോണർ ഷിഫ്റ്റ് ആവശ്യമായിരുന്നു. ആ മാറ്റമാണ് സിനിമയെ കൂടുതൽ ജനങ്ങളിലേക്ക് എത്തിച്ചത്.

Q

മരണാനന്തരം ഭരതൻ

A

ആദ്യ ഭാഗത്തിന്‍റെ റിവ്യൂസ് വന്നപ്പോൾ ഭരതൻ നായർ എന്ന കഥാപാത്രത്തെക്കുറിച്ച് വലിയ രീതിയിലുള്ള ചർച്ചകൾ നടന്നിരുന്നു. പലരും കരുതിയത് രണ്ടാം ഭാഗം ഭരതൻ നായരുടെ ഫ്ലാഷ്ബാക്ക് ആയിരിക്കുമെന്നാണ്. എന്നാൽ ഫ്ലാഷ്ബാക്ക് മാത്രമായി അവതരിപ്പിച്ചാൽ കഥയ്ക്ക് വേണ്ടത്ര ഭംഗിയുണ്ടാകില്ലെന്ന തിരിച്ചറിവാണ് പുതിയൊരു പ്ലോട്ടിലേക്ക് നയിച്ചത്.

ഭരതൻ നായരില്ലാതെ എന്ത് ഭരതനാട്യം ഫ്രാഞ്ചൈസി എന്ന ചോദ്യവും മുന്നിലുണ്ടായിരുന്നു. അങ്ങനെയാണ് അയാളുടെ സാന്നിധ്യം മരണശേഷവും സിനിമയിൽ നിലനിർത്താൻ തീരുമാനിച്ചത്. ഭരതനാട്യത്തിലേതിനെക്കാൾ സായികുമാറിന്‍റെ കഥാപാത്രം ചർച്ചയായത് മോഹിനിയാട്ടത്തിലാണ്. അയാൾ ഒളിച്ചു വച്ച കള്ളത്തരങ്ങൾ ഓരോന്നായി പുറത്തുവരുന്ന രീതിയിൽ കഥ മാറ്റിയെഴുതുകയായിരുന്നു.

Q

പരാജയത്തിൽ നിന്നുള്ള ഫീനിക്സ് കുതിപ്പ്

Bharthanatyam, Mohiniyattam director Krishnadas Murali interview

മോഹിനിയാട്ടത്തിന്‍റെ സെറ്റിൽ  സുരാജ് വെഞ്ഞാറമൂടും കൃഷ്ണദാസ് മുരളിയും.

A

തിയെറ്ററിൽ വലിയ ചലനമുണ്ടാക്കാത്ത ഒരു സിനിമയുടെ രണ്ടാം ഭാഗം വൻ വിജയമായി മാറുന്നത് അപൂർവമാണ്. ആദ്യഭാഗം പരാജയപ്പെടുകയും രണ്ടാം ഭാഗം വിജയമാവുകയും ചെയ്ത ചരിത്രത്തിൽ 'ആട്' എന്ന സിനിമ മാത്രമായിരുന്നു ഇതിനു മുൻപ് മലയാളത്തിൽ എടുത്തുപറയാനുള്ളത്. എന്നാൽ, അവിടെ ജനങ്ങൾ ആവശ്യപ്പെട്ട, വലിയ ഫാൻബേസുള്ള കഥാപാത്രങ്ങൾ ഉണ്ടായിരുന്നു. മോഹിനിയാട്ടത്തിന് അതില്ലായിരുന്നു. ഒടിടിയിൽ വിജയിച്ചു എന്ന് കരുതി തിയെറ്ററിൽ ആളുകയറണമെന്നില്ലല്ലോ.

വിഷു സീസണിൽ വമ്പൻ സിനിമകൾക്കൊപ്പമാണ് മോഹിനിയാട്ടം എത്തിയത്. ഈ മത്സരത്തിനിടയിൽ സിനിമ ഇറക്കേണ്ടിയിരുന്നോ എന്ന് ചോദിച്ച് പല വിമർശനങ്ങളും വന്നിരുന്നു. എന്നാൽ ലഭ്യമായ എല്ലാ വഴികളും നോക്കിയിട്ടാണ് ആ തീരുമാനത്തിൽ എത്തിയത്. വെക്കേഷൻ അല്ലാത്ത സമയത്ത് ഇറക്കിയാൽ ആദ്യ ഭാഗത്തിന്‍റെ അവസ്ഥയാകുമോ എന്ന പേടിയുണ്ടായിരുന്നു. അതുകൊണ്ടാണ് റിസ്ക് എടുത്ത് വിഷുവിന് തന്നെ റിലീസ് ചെയ്തത്. റിലീസ് ചെയ്ത് പതിനേഴാം ദിവസമാണ് സിനിമയ്ക്ക് ഏറ്റവും ഉയർന്ന കളക്ഷൻ ലഭിച്ചത് എന്നത് ആ തീരുമാനത്തിന്‍റെ വിജയത്തെ സൂചിപ്പിക്കുന്നു. ഭരതനാട്യത്തിന്‍റെ സമയത്തുണ്ടായ സങ്കടങ്ങൾക്കെല്ലാം ബദലായി ലഭിച്ച വലിയൊരു സന്തോഷമാണ് മോഹിനിയാട്ടത്തിന്‍റെ ഈ തിയെറ്റർ വിജയം.

Q

സിനിമയ്ക്ക് കരുത്തായ പിന്നണിപ്രവർത്തകർ

Bharthanatyam, Mohiniyattam director Krishnadas Murali interview

മോഹിനിയാട്ടത്തിന്‍റെ സെറ്റിൽ  നന്ദു പൊതുവാളും കൃഷ്ണദാസ് മുരളിയും.

A

ബാബ്ലു അജുവിന്‍റെ ഛായാഗ്രഹണവും വി.ബി. ഷഫീഖിന്‍റെ എഡിറ്റിങ്ങും സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിന്‍റുകളാണ്. കഥയും സീനും കൃത്യമായി മനസിലാക്കി, സ്ക്രിപ്റ്റിനെ പൂർണമായി ഫോളോ ചെയ്ത് വർക്ക് ചെയ്യുന്ന ബാബ്ലു നൽകിയ ഇൻപുട്ടുകൾ സിനിമയ്ക്ക് വലിയ ഗുണം ചെയ്തിട്ടുണ്ട്. സ്വന്തം പണി മാത്രം നോക്കാതെ സിനിമയ്ക്ക് വേണ്ടി സംസാരിക്കുന്ന ഒരാൾ കൂടെയുള്ളത് സംവിധായകന് വലിയ ധൈര്യമാണ്.

ഷോർട്ട് ഫിലിം കാലം തൊട്ടേയുള്ള സുഹൃത്തായ ഷഫീക്കിന്‍റെ ഹ്യൂമർ സെൻസ് എടുത്തുപറയേണ്ടതാണ്. മനസിലുള്ളത് കൃത്യമായി പറഞ്ഞുകൊടുത്തില്ലെങ്കിൽപ്പോലും സംവിധായകന്‍റെ മനസ് മനസിലാക്കി എഡിറ്റ് ചെയ്യാൻ അവന് കഴിയാറുണ്ട്. ചില സീനുകളൊക്കെ ഉദ്ദേശിച്ചതിലും മുകളിൽ എഡിറ്റിങ് ടേബിളിൽ അവൻ ചെയ്യുമ്പോൾ അത് സിനിമയ്ക്ക് മാജിക്കായി മാറാറുണ്ട്.

അതുപോലെ തന്നെ ഇലക്ട്രോണിക് കിളി (സ്റ്റെഫിൻ) ചെയ്ത പശ്ചാത്തല സംഗീതവും പാട്ടുകളുമാണ് ചിത്രത്തിന് വ്യത്യസ്തമായ മൂഡ് നൽകിയത്. ആദ്യ ഭാഗം തിയെറ്റർ എക്സ്പീരിയൻസ് നൽകിയില്ല എന്ന പോരായ്മ പരിഹരിക്കാൻ ഇത്തവണ മ്യൂസിക്കിൽ നന്നായി വർക്ക് ചെയ്യണമായിരുന്നു. യാതൊരു റഫറൻസുമില്ലാതെ സ്വന്തം ശൈലിയിലാണ് സ്റ്റെഫിൻ ഈ മാന്ത്രികത തീർത്തത്. മെയിൻസ്ട്രീം സിനിമകളിലേക്ക് ഉയർന്നു വരാൻ എല്ലാ കഴിവും ആ ചെറുപ്പക്കാരനുണ്ട്.

Q

സിനിമാമോഹങ്ങളും യാതനകളും

A

2015-16 കാലഘട്ടത്തിലാണ് കൃഷ്ണദാസ് ആദ്യമായി കഥയെഴുതുന്നതും സിനിമയ്ക്ക് വേണ്ടി കഥ പറഞ്ഞുതുടങ്ങുന്നതും. തുടക്കത്തിൽ സിനിമയുടെ വഴികൾ അറിയാത്തതുകൊണ്ട് കാണുന്നവരെയൊക്കെ വിശ്വസിച്ചു. പല വ്യാജ ഓഡിഷനുകളിലും ചെന്നുപെട്ട് ഒരുപാട് പൈസ നഷ്ടപ്പെടുകയും പറ്റിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇതിനിടയിൽ സഹായിച്ച നല്ല മനുഷ്യരുമുണ്ട്.

പിന്നീട് സ്വന്തമായി ഒരു പ്രൊഫൈൽ ഉണ്ടാക്കാൻ വേണ്ടി ഷോർട്ട് ഫിലിമുകൾ ചെയ്യാനും അഭിനയിക്കാനും തുടങ്ങി. കൊറോണ കാലത്ത് ചെയ്ത ഒരു ഷോർട്ട് ഫിലിം ശ്രദ്ധിക്കപ്പെടുകയും തുടർന്ന് 'കരിക്ക്' വെബ് സീരീസിന്‍റെ ഭാഗമാവുകയും ചെയ്തു. കരിക്കിലെ വർക്കുകൾ ജനപ്രീതി നേടിയതോടെയാണ് സിനിമയിലേക്കുള്ള വഴിതുറന്നത്. ഒരു പ്രൊഡക്ഷൻ ഫ്രണ്ട്‌ലി സിനിമ ചെയ്യാം എന്ന ചിന്തയാണ് ഒടുവിൽ 'ഭരതനാട്യ'ത്തിൽ എത്തിച്ചത്.

logo
Metro Vaartha
www.metrovaartha.com