
കൽക്കി 2898 എഡി ഒന്നാം ഭാഗത്തിൽ ദീപിക പദുകോൺ.
ദിവസം എട്ടു മണിക്കൂർ മാത്രമേ ജോലി ചെയ്യൂ എന്ന നിബന്ധന നിരാകരിക്കപ്പെട്ടതോടെ സ്പിരിറ്റ് എന്ന സിനിമയിൽ നിന്നു ദീപിക നേരത്തെ പിൻമാറിയിരുന്നു. കൽക്കിയിലെ സഹതാരം പ്രഭാസുമായി ദീപികയ്ക്കു പ്രശ്നങ്ങൾ ഉള്ളതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
കൽക്കി 2898 എഡി എന്ന ബ്രഹ്മാണ്ഡ സിനിമയുടെ രണ്ടാം ഭാഗത്തിൽനിന്ന് ബോളിവുഡിന്‍റെ ലേഡി സൂപ്പർ സ്റ്റാർ ദീപിക പദുക്കോണിനെ പുറത്താക്കി. ചിത്രത്തിന്‍റെ പ്രൊഡക്ഷൻ ബാനറായ വൈജയന്തി മൂവീസാണ് ഇക്കാര്യം എക്സിലൂടെ പുറത്തുവിട്ടത്.
ആദ്യ സിനിമ പൂർത്തിയാക്കിയത് സുദീർഘമായൊരു യാത്രയായിരുന്നു. എന്നിട്ടും ദീപികയുമായൊരു പങ്കാളിത്തം സാധ്യമായില്ല. ആദ്യ ഭാഗത്തിലേതു പോലെയോ അതിലേറെയോ സമർപ്പണം ആവശ്യപ്പെടുന്നതാണ് രണ്ടാം ഭാഗം എന്നും പോസ്റ്റിൽ വിശദീകരിക്കുന്നു.
കഴിഞ്ഞ മേയിൽ സന്ദീപ് വംഗ റെഡ്ഡിയുടെ 'സ്പിരിറ്റ്' എന്ന സിനിമയിൽനിന്ന് ദീപിക പിൻമാറിയിരുന്നു. ദിവസം എട്ടു മണിക്കൂർ മാത്രമേ ജോലി ചെയ്യൂ എന്ന നിബന്ധന സിനിമയുടെ അണിയറ പ്രവർത്തകർ നിരാകരിച്ചതായിരുന്നു കാരണം. കൽക്കിയിലെ സഹതാരം പ്രഭാസുമായി ദീപികയ്ക്കു പ്രശ്നങ്ങൾ ഉള്ളതായി കഴിഞ്ഞ ജൂണിലും റിപ്പോർട്ടുകൾ വന്നിരുന്നു.
കഴിഞ്ഞ ഡിസംബറിൽ ദീപികയും ഭർത്താവ് രൺവീർ സിങ്ങും മകൾ ദുവയെ ലോകത്തിനു പരിചയപ്പെടുത്താൻ സംഘടിപ്പിച്ച പരിപാടിയിൽ തന്നെ കൽക്കിയിൽ നിന്നു പിൻമാറിയേക്കുമെന്ന സൂചന ലഭിച്ചിരുന്നു. ദുവയ്ക്കാണ് ഇപ്പോൾ പ്രഥമ പരിഗണനയെന്നും, വീണ്ടും ജോലി ചെയ്തു തുടങ്ങാൻ തിടുക്കമൊന്നുമില്ലെന്നുമാണ് ദീപിക അന്നു മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോടു പ്രതികരിച്ചത്.
''എന്‍റെ അമ്മ എന്നെ വളർത്തിയതു പോലെ എന്‍റെ മകളെ ഞാൻ തന്നെ വളർത്തണം എന്നാണ് ആഗ്രഹം. ഞാൻ ജോലിക്കു പോകുമ്പോൾ മകളെ ഒറ്റയ്ക്കാക്കാൻ ആഗ്രഹിക്കുന്നില്ല''- ദീപിക ആ സമയത്ത് വ്യക്തമാക്കി.
കൽക്കിയുടെ ആദ്യ ഭാഗത്തിൽ അവതാരപ്പിറവിക്കു ജന്മം നൽകുന്ന യുവതിയുടെ നിർണായക വേഷമാണ് ദീപിക അവതരിപ്പിച്ചത്. ഈ റോൾ ഇനി മറ്റൊരാളെ ഉപയോഗിച്ച് രണ്ടാം ഭാഗത്തിൽ കൈകാര്യം ചെയ്യുന്നത് അണിയറ പ്രവർത്തകർക്ക് വലിയ വെല്ലുവിളിയായിരിക്കും.