
ഐശ്വര്യ റായ്
ന്യൂഡൽഹി: ഐശ്വര്യ റായിക്ക് ആശ്വാസം. അനധികൃതമായി പേരും ഫോട്ടോയും ഉപയോഗിക്കുന്നതിനെതിരായ ഹർജിയിലാണ് ഡൽഹി ഹൈക്കോടതിയുടെ ആശ്വാസ വിധി. പേരും ചിത്രവും അനധികൃതമായി ഉപയോഗിക്കുന്നത് നടിയുടെ സ്വകാര്യതയ്ക്കും അന്തസിനും മേലുള്ള അവകാശ ലംഘനമാണെന്നും ഇത് കർശനമായി വിലക്കുന്നതായും കോടതി വിധിച്ചു.
എഐ ഉൾപ്പെടെയുള്ള സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിച്ച് നടിയുടെ പേര്, പ്രതിച്ഛായ, ദൃശ്യം എന്നിവ ഉപയോഗിക്കുന്നത് വഴി നടിക്ക് സാമ്പത്തിക നഷ്ടം വരുത്തുക മാത്രമല്ല, അവരുടെ അന്തസിനും പ്രശസ്തിക്കും ദോഷം വരുത്തുമെന്നും കോടതി പറഞ്ഞു. സമ്മതമില്ലാതെ അവരുടെ പേരോ ചിത്രമോ അനധികൃതമായി സ്വീകരിക്കുന്നത് പൊതുജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയും തെറ്റു ധാരണ സൃഷ്ടിക്കുമെന്നും കോടതി നിരീക്ഷിച്ചു.
ഐശ്വര്യ റായ് ബച്ചൻ എന്ന പേരിന്‍റെ ചുരുക്കപ്പേരായ ARB എന്നതും ചിത്രങ്ങളും, ദൃശ്യങ്ങളും വാണിജ്യപരമോ വ്യക്തിഗതമോ ആയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നതിൽ നിന്ന് കോടതി കർശനമായി വിലക്കികൊണ്ട് ഒരു ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. എഐ, ഡീപ്ഫേക്കുകൾ, ഫേസ് മോർഫിങ്, മെഷീൻ ലേണിങ് എന്നിവയുൾപ്പെടെ ഏത് മാധ്യമത്തിലും എല്ലാ സാങ്കേതികവിദ്യകൾക്കും ഈ ഉത്തരവ് ബാധകമാണെന്നും കോടതി വ്യക്തമാക്കി.
പരസ്യങ്ങളിൽ തന്‍റെ ചിത്രങ്ങൾ ഉപയോഗിക്കുന്നത് വിലക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. കേസിൽ വിശദമായ വാദം കേൾക്കാനായി അടുത്ത വർഷം ജനുവരിയിലേക്ക് മാറ്റി. കാലതാമസം നേരിടുന്നതിനാലാണ് നിലവിൽ ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്.