

സായ് പല്ലവി, ധനുഷ്
നിതീഷ് തിവാരിയുടെ രാമായണ പ്രഖ്യാപനം മുതൽ വലിയ വിവാദമായത് നടി സായ് പല്ലവിയുടെ കാസ്റ്റിങ്ങായിരുന്നു. സായ് പല്ലവിയെ സീതയാക്കിയതിനെ വിമർശിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോൾ വിവാദത്തിൽ പ്രതികരണവുമായി നടൻ ധനുഷ് രംഗത്തെത്തിയിരിക്കുകയാണ്. സായ് പല്ലവിയെക്കാൾ മികച്ച സീതയെ കണ്ടെത്താനാവില്ല എന്നാണ് ധനുഷ് പറഞ്ഞത്.
ധനുഷും സായ് പല്ലവിയും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം ഓമിന്‍റെ പ്രമോഷൻ ചടങ്ങിനിടെയാണ് സഹതാരത്തെ പ്രശംസിച്ചുകൊണ്ട് ധനുഷ് എത്തിയത്. സായ് പല്ലവി സീതയാകുന്നതിനെതിരായ വിമർശം ശ്രദ്ധിച്ചിരുന്നു. എനിക്ക് അത് മനസിലാവുന്നില്ല. ഷോട്ടിന് ഇടയിലുള്ള ഇടവേളകളിൽ പോലും അവൾ പ്രാർഥിച്ചുകൊണ്ടിരിക്കുകയായിരിക്കും. ഇന്ത്യയിൽ മുഴുവൻ തെരഞ്ഞാലും ഇവളെ പോലെ ഒരു സീതയെ നിങ്ങൾക്ക് കണ്ടെത്താനാവില്ല. ദൈവത്തോട് അത്രത്തോളം ആരാധനയുള്ള ഒരാളാണ് സായ്. നിർമലമായ ഹൃദയമുള്ളവളാണ്. അവൾ അതിമനോഹരിയും മികച്ച പെർഫോർമറുമാണ്.- ധനുഷ് പറഞ്ഞു.
മാരി 2ന്‍റെ ഷൂട്ടിങ്ങിനിടെ ആദ്യമായി സായ് പല്ലവിയെ കാണുമ്പോൾ അവർ വളരെ നിഷ്കളങ്കയും വളരെ കുറച്ചുമാത്രം സംസാരിക്കുന്ന ഒരാളുമായിരുന്നു എന്നാണ് ധനുഷ് പറയുന്നത്. ഒൻപതു വർഷം കഴിഞ്ഞ് കണ്ടപ്പോൾ സായ് പല്ലവി പൂർണമായി മാറിപ്പോയെന്നും താരം പറഞ്ഞു. സിനിമയെ സമഗ്രമായി പഠിച്ച ഒരാളെപ്പോലെയാണ് തോന്നിയത്. അവളുടെ സംസാരത്തിലും നടത്തത്തിലും മുഖഭാവത്തിലുമെല്ലാം ആത്മവിശ്വാസം പ്രതിഫലിച്ചു. അത് ശരിക്കും അതിശയിപ്പിക്കുന്നതായിരുന്നു എന്നാണ് ധനുഷ് പറഞ്ഞത്.