സൂപ്പർസ്റ്റാറുമായി ഏറ്റുമുട്ടാൻ ഇല്ല, 'ഓം' റിലീസ് മാറ്റി ധനുഷ്

ഒക്‌ടോബർ 15ന് ജയിലറും ഒക്‌ടോബർ 16ന് ഓം: ചാപ്റ്റർ 1 ഉും റിലീസ് പ്രഖ്യാപിച്ചത് ആരാധകരെ ആവേശത്തിലാക്കിയിരുന്നു
dhanush movie om chapter 1 release postponed

സൂപ്പർസ്റ്റാറുമായി ഏറ്റുമുട്ടാൻ ഇല്ല, ഓം റിലീസ് മാറ്റി ധനുഷ്

Updated on

തമിഴ് സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ് രജനീകാന്തിന്‍റെ ജയിലർ 2, ധനുഷിന്‍റെ ഓം: ചാപ്റ്റർ 1. ഒക്‌ടോബർ 15ന് ജയിലറും ഒക്‌ടോബർ 16ന് ഓം: ചാപ്റ്റർ 1 ഉും റിലീസ് പ്രഖ്യാപിച്ചത് ആരാധകരെ ആവേശത്തിലാക്കിയിരുന്നു. രജനീകാന്തും ധനുഷും ഏറ്റുമുട്ടുന്നു എന്നതാണ് വലിയ ചർച്ചകൾക്ക് കാരണമായത്. എന്നാൽ ഈ ക്ലാഷ് ഒഴിവാക്കാനായി റിലീസ് മാറ്റിയിരിക്കുകയാണ് ഓം. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെ ധനുഷ് തന്നെയാണ് റിലീസ് മാറ്റിയ വിവരം ആരാധകരെ അറിയിച്ചത്.

രജനീകാന്തിനോടുള്ള ബഹുമാനത്തിന്‍റെ പേരിലാണ് റിലീസ് മാറ്റുന്നത് എന്നാണ് ധനുഷ് കുറിപ്പിൽ പറയുന്നത്. ദീപാവലിക്ക് സൂര്യ ചിത്രം റിലീസ് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ദീപാവലി റിലീസായും ചിത്രം തിയറ്ററിലെത്തിക്കാനാവില്ലെന്നും താരം കൂട്ടിച്ചേർത്തു. പുതിയ റിലീസ് തിയതി ഉടൻ പ്രഖ്യാപിക്കുമെന്നും ധനുഷ് കുറിപ്പിൽ പറയുന്നു.

ധനുഷിന്‍റെ കുറിപ്പ് വായിക്കാം

ഇങ്ങനെയുള്ള സമയത്ത് സിനിമയുടെ റിലീസ് മാറ്റുന്നതിൽ വെല്ലുവിളികളുണ്ട്.

നമ്മളെല്ലാം വളരെ അധികം ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന നമ്മുടെ സൂപ്പർസ്റ്റാർ രജനീകാന്തിന്‍റെ സിനിമ ഒക്‌ടോബർ 15ന് എത്തുകയാണ്. ഞങ്ങളുടെ സിനിമ വരുന്നതിന് തൊട്ടു മുൻപത്തെ ദിവസമാണ് റിലീസ്. അദ്ദേഹത്തോടുള്ള ബഹുമാനത്തിന്‍റെ പേരിൽ ഞങ്ങളുടെ ചിത്രം ഓം റിലീസ് മാറ്റുകയാണ്.

അതേസമയം ഞങ്ങൾക്ക് ഈ വർഷത്തെ ദീപാവലിക്കും എത്താനാവില്ല. സൂര്യ സാറിന്‍റെ ചിത്രം ഇതേ ദിവസം റിലീസ് പ്രഖ്യാപിച്ചു കഴിഞ്ഞു. അവരാണ് ആദ്യം റിലീസ് പ്രഖ്യാപിച്ചത്. വലിയ സിനിമകൾ പരസ്പര ധാരണയോടെ മുന്നോട്ടുപോകണമെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ചിത്രത്തിന്‍റെ റിലീസ് തിയതി വൈകാതെ പുറത്തുവിടും.

logo
Metro Vaartha
www.metrovaartha.com