'ധുരന്ധർ' രൺവീർ സിങ് യഥാർഥത്തിൽ ആര്? മേജർ മോഹിത് ശർമയുടെ അവിശ്വസനീയ ജീവിതം!

ചാരനായി പാക്കിസ്ഥാനിലേക്ക് നുഴഞ്ഞുകയറി; ഒടുവിൽ മാതൃരാജ്യത്തിനായി വീരമൃത്യു. ആദിത്യ ധർ ചിത്രം 'ധുരന്ധർ' പറയുന്നത് മോഹിത് ശർമയുടെ കഥ
Summary

ഇന്ത്യൻ സൈന്യത്തിന്‍റെ അഭിമാനമായിരുന്ന മേജർ മോഹിത് ശർമയുടെ ജീവിതം സിനിമയെ വെല്ലുന്നതാണ്. ഹിസ്ബുൾ മുജാഹിദീനിൽ ഇഫ്തിഖർ ഭട്ട് എന്ന പേരിൽ നുഴഞ്ഞുകയറിയ സാഹസികമായ ചാരപ്രവർത്തനവും കുപ് വാരയിലെ അവസാന പോരാട്ടവും. രൺവീർ സിംഗ് നായകനായ 'ധുരന്ധർ' എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളും സംവിധായകൻ ആദിത്യ ധറിന്റെ വിശദീകരണവും ഉൾപ്പെടുത്തിയ പ്രത്യേക അന്വേഷണം.

നെഞ്ചില്‍ വെടിയേറ്റിട്ടും, പരുക്കേറ്റ് കിടക്കുന്ന സഹപ്രവര്‍ത്തകര്‍ക്കു വേണ്ടി അയാൾ പോരാടി. നാല് ഭീകരരെ വകവരുത്തി, തനിക്കൊപ്പമുണ്ടായിരുന്ന സൈനികരെ രക്ഷിച്ചു. ഒടുവിൽ ചോര വാർന്ന് മരിച്ചുവീഴുമ്പോൾ, അയാൾക്ക് പ്രായം വെറും 31 വയസായിരുന്നു. കേള്‍ക്കുമ്പോള്‍ സിനിമാക്കഥ പോലെ തോന്നും. എന്നാൽ, ഇത് ഇന്ത്യന്‍ സൈനികനായിരുന്ന മേജര്‍ മോഹിത് ശര്‍മയുടെ ജീവിതമാണ്. ഈ പേര് നിങ്ങളില്‍ എത്ര പേര്‍ കേട്ടിട്ടുണ്ടാവുമെന്ന് എനിക്കറിയില്ല. പക്ഷേ, നിങ്ങളില്‍ ഭൂരിഭാഗം പേരും ഇതിനോടകം അദ്ദേഹത്തിന്‍റെ ജീവിതം കണ്ടുകഴിഞ്ഞു. എവിടെ എന്നല്ലേ, ധുരന്ധർ എന്ന സൂപ്പര്‍ഹിറ്റ് ബോളിവുഡ് സിനിമയിൽ!

രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത ധുരന്ധര്‍ എന്ന സ്‌പൈ ത്രില്ലറിന് ആധാരം, മേജര്‍ മോഹിത് ശര്‍മയുടെ ജീവിതമാണെന്ന് അദ്ദേഹത്തിന്‍റെ കുടുംബം അവകാശപ്പെടുന്നു. ഹംസ അലി മസാരി എന്ന പേരിൽ പാക്കിസ്ഥാനിലേക്ക് അണ്ടര്‍കവര്‍ ഓപ്പറേഷനു പോകുന്ന കഥാപാത്രമായാണ് ചിത്രത്തില്‍ രണ്‍വീര്‍ എത്തുന്നത്. അദ്ദേഹത്തിന്‍റെ ലുക്കും, നടത്തുന്ന അണ്ടര്‍കവര്‍ ഓപ്പറേഷനുമെല്ലാം മോഹിതിന്‍റേതിനു സമാനമാണെന്ന് അമ്മ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ചിത്രങ്ങൾ താരതമ്യം ചെയ്താൽ നമുക്കും അതു വ്യക്തമാകും. മോഹിതിന്‍റെ ജീവിതം പറഞ്ഞിട്ട്, അദ്ദേഹത്തിനു ക്രെഡിറ്റ് കൊടുത്തില്ലെന്നാരോപിച്ച് കുടുംബം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ചിത്രത്തിന്‍റെ സംവിധായകനും നിര്‍മാതാക്കളുമെല്ലാം പറയുന്നത്, മോഹിതിന്‍റെ ജീവിതകഥയല്ല ധുരന്ധർ എന്നാണ്.

പഠനത്തിൽ അതി സമർഥനായിരുന്ന, വിവിധ സംഗീതോപകരണങ്ങൾ വായിച്ചിരുന്ന, സാഹസികത ഇഷ്ടപ്പെട്ടിരുന്ന യുവാവ്. എന്‍ജിനീയറിങ് പഠനം പാതിവഴിക്ക് ഉപേക്ഷിച്ച് ഡിഫൻസ് അക്കാഡമിയിൽ പഠിക്കാൻ ചേർന്നവൻ. 1978ല്‍ ജനുവരി 13ന് ഹരിയാനയിലെ റൊഹ്തകിലാണ് മോഹിത് ജനിച്ചത്. വീട്ടുകാര്‍ സ്‌നേഹത്തോടെ ചിണ്ടു എന്ന് വിളിച്ചു. സഹപ്രവര്‍ത്തകര്‍ക്ക് അദ്ദേഹം മൈക്ക് ആയിരുന്നു.

ഡല്‍ഹി പബ്ലിക് സ്‌കൂളില്‍ നിന്ന് പഠിച്ചിറങ്ങിയതിനു പിന്നാലെയാണ് മഹാരാഷ്ട്രയിലെ ഒരു എന്‍ജിനീയറിങ് കോളജില്‍ രോഹിത്തിന് അഡ്മിഷന്‍ ലഭിക്കുന്നത്. പഠിക്കാന്‍ ചേര്‍ന്നെങ്കിലും തന്‍റെ വഴി ഇതല്ലെന്നു രോഹിത്തിന് അറിയാമായിരുന്നു. അങ്ങനെയാണ് കോഴ്‌സ് ഒരു വര്‍ഷം തികയ്ക്കും മുന്‍പ് എൻഡിഎയിലേക്കു പോകുന്നത്. രോഹിത്തിന്‍റെ ജീവിതം മാറ്റുന്നത് ഈ തീരുമാനമാണ്.

എന്‍ഡിഎ ട്രെയിനിങ്ങിന് ശേഷം അദ്ദേഹം ഇന്ത്യന്‍ മിലിറ്ററി അക്കാഡമിയില്‍ ചേര്‍ന്നു. പരിശീലനം പൂര്‍ത്തിയാക്കി 1999ല്‍ സര്‍വീസില്‍ കയറി. രണ്ട് വര്‍ഷത്തില്‍ തന്നെ ചീഫ് ഓഫ് ആര്‍മി സ്റ്റാഫിന്‍റെ പ്രശംസാപത്രത്തിന് അർഹനായി. 2003ലാണ് സ്‌പെഷ്യല്‍ ഫോഴ്‌സില്‍ ചേരുന്നത്. ഈ സമയത്താണ് മോഹിത്, രാജ്യത്തിന്‍റെ സ്‌പൈ ആയി മാറുന്നത്. തീവ്രവാദ സംഘടനയായ ഹിസ്ബുള്‍ മുജാഹിദീനിൽ അവരുടെ ആളായി രോഹിത് നുഴഞ്ഞുകയറി. ഇഫ്തിഖര്‍ ഭട്ട് എന്ന പേരിലായിരുന്നു ചാര പ്രവര്‍ത്തനം. ആ സമയത്തെ താടിയും മുടിയും നീട്ടി വളര്‍ത്തിയ രോഹിതിന്‍റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. അതീവ അപകടകരമായ ഈ ഓപ്പറേഷനില്‍ രണ്ട് തീവ്രവാദികളെ മോഹിത് വധിച്ചു.

2009 മാര്‍ച്ച് 21 നായിരുന്നു മോഹിതിന്‍റെ കരിയറിലെയും ജീവിതത്തിലെയും അവസാന ഓപ്പറേഷൻ. കശ്മീരിലെ കുപ് വാര ജില്ലയില്‍ തീവ്രവാദികള്‍ക്കെതിരായ പോരാട്ടത്തിനിടെ അദ്ദേഹം സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ചു. നെഞ്ച് തുളച്ചുകയറിയ വെടിയുണ്ടയെ പോലും വകവയ്ക്കാതെ നാല് തീവ്രവാദികളെ കൊന്നു തള്ളിയ മോഹിത്, തന്‍റെ സഹപ്രവര്‍ത്തകരെ സുരക്ഷിതരാക്കിയ ശേഷമാണ് സ്വന്തം ജീവൻ വെടിഞ്ഞത്. അദ്ദേഹത്തിന്‍റെ ധീരതയ്ക്ക് രാജ്യം മരണാനന്തര ബഹുമതിയായി അശോകചക്ര നല്‍കി ആദരിച്ചു.

ഒരാള്‍ക്ക് സ്വന്തം രാജ്യത്തിനു വേണ്ടി ഏതറ്റം വരെ പോകാനാവും എന്നതിനു തെളിവാണ് മേജർ മോഹിത് ശർമയുടെ ജീവിതം. പത്ത് വര്‍ഷം മാത്രമാണ് മോഹിത് ഇന്ത്യന്‍ സൈന്യത്തിന്‍റെ ഭാഗമായിരുന്നത്. ആ ചെറിയ കാലംകൊണ്ട് അദ്ദേഹം രാജ്യത്തിനായി ചെയ്ത കാര്യങ്ങള്‍ ആരെയും അമ്പരപ്പിക്കുന്നതാണ്.

എന്നാൽ, നമ്മള്‍ മോഹിത് ശര്‍മയുടെ ജീവിതം അറിയേണ്ടിയിരുന്നത് ഇങ്ങനെയായിരുന്നോ? ധുരന്ധര്‍ ആരുടെയും ജീവിതകഥയല്ലെന്നും ഭാവനാസൃഷ്ടി മാത്രമാണെന്നുമാണ് സംവിധായകന്‍ ആദിത്യ ധറിന്‍റെ വാദം. എന്നാല്‍, ചിത്രത്തിലെ പല കഥാപാത്രങ്ങളും യഥാര്‍ത്ഥത്തിലുള്ളതാണെന്നാണ് പറയപ്പെടുന്നത്. മാധവൻ അവതരിപ്പിച്ച അജയ് സന്യാൽ എന്ന ഇന്‍റലിജന്‍റ്സ് മേധാവിയുടെ കഥാപാത്രം, ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ആസ്പദമാക്കിയുള്ളതാണ്. കൂടാതെ അക്ഷയ് ഖന്ന ചെയ്ത വില്ലന്‍ വേഷവും അർജുൻ രാംപാലിന്‍റെ ഐഎസ്ഐ മേധാവിയും അടക്കം പാക്കിസ്ഥാനി കഥാപാത്രങ്ങളെല്ലാം യഥാർഥ പേരുകളിൽ തന്നെയാണ് സിനിമയിലും എത്തുന്നത്. മുംബൈ ആക്രമണത്തിൽ പങ്കെടുത്ത അജ്മൽ കസബ് അതേ റോളിൽ അതേ പേരിൽ ചിത്രത്തിലെ കഥാപാത്രമാണ്.

ഏതായാലും, ധുരന്ധര്‍ വിവാദമായതോടെ മോഹിത് ശര്‍മയുടെ ജീവിതത്തെ ആസ്പദമാക്കി സിനിമ ഒരുക്കുമെന്ന് കുടുംബത്തിന് ഉറപ്പു നല്‍കിയിരിക്കുകയാണ് ആദിത്യ ധര്‍. ധീര രക്തസാക്ഷിയുടെ ജീവിതത്തോടു നീതി പുലര്‍ത്തുന്നതാകുമോ ആ ചിത്രം എന്നറിയാന്‍ കാത്തിരിക്കാം....

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com