

പാക്കിസ്ഥാനിൽ ട്രെൻഡിങ്ങായി 'ധുരന്ധർ', ഏറ്റവും മികച്ച ബോളിവുഡ് ചിത്രമെന്ന് പാക് പ്രേക്ഷകർ
ഇന്ത്യൻ ബോക്സ്ഓഫിസിൽ തരംഗം തീർത്ത ചിത്രമാണ് ധുരന്ധർ. രൺവീർ സിങ്ങിനെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയ ചിത്രം പാക്കിസ്ഥാനിലും മിഡിൽ ഈസ്റ്റിലും റിലീസിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതിലൂടെ വൻ നഷ്ടം ചിത്രത്തിനുണ്ടായെന്നാണ് വിതരണക്കാർ പറഞ്ഞത്. ഒടിടിയിൽ എത്തിയതോടെ കഥ മാറിയിരിക്കുകയാണ്. നെറ്റ്ഫ്ലിക്സ് പാക്കിസ്ഥാനിൽ ട്രെൻഡിങ്ങായിരിക്കുകയാണ് ധുരന്ധർ.
ഒടിടിയിൽ എത്തി ദിവസങ്ങൾക്കുള്ളിലാണ് ചിത്രം വമ്പൻ മുന്നേറ്റം നടത്തിയത്. നെറ്റ്ഫ്ലിക്സ് പാക്കിസ്ഥാനിൽ നമ്പർ വൺ ആയി നിൽക്കുന്ന ധുരന്ധറിന്‍റെ സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വെള്ളിയാഴ്ചയാണ് ചിത്രം ഒടിടിയിൽ എത്തിയത്. ശനിയാഴ്ച മുതൽ ചിത്രം ട്രെൻഡിങ്ങാണ് എന്നാണ് റിപ്പോർട്ടുകൾ. ധുനുഷ്- കൃതി സനൺ ചിത്രം തേരെ ഇഷ്ക് മേൻ ആണ് രണ്ടാം സ്ഥാനത്തുള്ളത്.
ചിത്രത്തേക്കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് പുറത്തുവരുന്നത്. ധുരന്ധർ എങ്ങനെയാണ് ഇത്ര വിവാദമായത് എന്നാണ് പാക്കിസ്ഥാനിലെ പ്രേക്ഷകർ ചോദിക്കുന്നത്. താൻ കണ്ടതിൽവെച്ച് ഏറ്റവും മികച്ച ബോളിവുഡ് ചിത്രമാണ് ധുരന്ധർ എന്നായിരുന്നു ഒരാളുടെ കമന്‍റ്. ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണെന്നും പലരും കുറിക്കുന്നത്.