പൂജാരി വേഷത്തിൽ ധ്യാൻ: തേവർ ഫസ്റ്റ് ലുക്ക്

മുഴുനീള ഫാന്‍റസി ഹ്യൂമർ ഴോണറിൽ അവതരിപ്പിക്കുന്ന ചിത്രം മൂന്നു ചെറുപ്പക്കാരെ കേന്ദ്രീകരിച്ചാണ് മുന്നോട്ടുപോകുന്നത്
Dhyan Sreenivasan Thevar movie first look poster

തേവർ ഫസ്റ്റ് ലുക്ക് പോസ്റ്റർ.

Updated on: 

പൂജാരി വേഷത്തിൽ കൗതുകത്തോടെ ധ്യാൻ ശ്രീനിവാസൻ, ഒരു പ്രതിമ കൈയിലേന്തി കള്ള ലക്ഷണത്തോടെ റോഷൻ രാജ്, വിനയ ഭാവത്തിൽ ഷഹീൻ സിദ്ദിക്ക്. തേവർ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ ചിത്രങ്ങളാണിത്. ആരെയും പെട്ടെന്ന് ആകർഷിക്കുന്ന ഈ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

നിജീഷ് സഹദേവൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഹൊറൈസൺ എന്‍റെർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ രാജൻ തളിപ്പറമ്പ് (ദോഹ) നിർമിക്കുന്നു. മുഴുനീള ഫാന്‍റസി ഹ്യൂമർ ഴോണറിൽ അവതരിപ്പിക്കുന്ന ചിത്രം മൂന്നു ചെറുപ്പക്കാരെ കേന്ദ്രീകരിച്ചാണ് മുന്നോട്ടുപോകുന്നത്.

കേരള - തമിഴ് നാട് അതിർത്തി പ്രദേശത്താണ് ചിത്രത്തിന്‍റെ കഥ നടക്കുന്നത്. വ്യത്യസ്ത സാഹചര്യത്തിൽ ഇവിടെയെന്നുന്ന മൂന്നു ചെറുപ്പക്കാർ. അദ്ഭുത സിദ്ധിയുള്ള ഒരു പ്രതിമ ഇവർക്കു ലഭിക്കുന്നതോടെ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം.

തലൈവാസിൽ വിജയ്, കലാഭവൻ ഷാജോൺ, ദേവൻ, ഹരീഷ് കണാരൻ, സുനിൽ സുഗത, ഷാജു ശ്രീധർ, മേജർ രവി, നിർമൽ പാലാഴി, ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ തുടങ്ങിയവരും പ്രധാന താരങ്ങളാണ്.

സംഗീതം - ഓസേപ്പച്ചൻ. ഛായാഗ്രഹണം- എൽദോ ഐസക്ക്. എഡിറ്റിങ് - അയൂബ് ഖാൻ.