ഒടിടിയിലെങ്കിലും കരകയറുമോ? ഭഭബ 16 മുതൽ സ്ട്രീമിങ് ആരംഭിക്കും
ഒടിടിയിലെങ്കിലും കരകയറുമോ? ഭഭബ 16 മുതൽ സ്ട്രീമിങ് ആരംഭിക്കും
നടിയെ ആക്രമിച്ച കേസിൽ നിന്ന് കുറ്റവിമുക്തനാക്കപ്പെട്ടതിന് ശേഷമുള്ള ദിലീപിന്‍റെ ആദ്യ റിലീസായ ഭഭബ ഒടിടിയിലേക്ക്. ഡിസംബർ 18 ന് തിയെറ്ററുകളിലെത്തിയ ചിത്രത്തിന് വേണ്ടത്ര സ്വകാര്യത ലഭിച്ചില്ല. വലിയ ഹൈപ്പോടെ ഇറങ്ങിയ ചിത്രമായിട്ടും മോഹൻലാൽ ചിത്രത്തിലുണ്ടായിട്ട് പോലും തിയെറ്ററിൽ പിടിച്ചു നിൽക്കാൻ ചിത്രത്തിനായില്ല.
ഒടിടിയിൽ എന്താവും പ്രതികരണമെന്നാണ് ഇനി അറിയേണ്ടത്. ജനുവരി 16 മുതൽ സീ5 ലാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുക. ഇംഗ്ലീഷ് സബ്ടൈറ്റിലോടെയാണ് ചിത്രമെത്തുന്നത്. മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിൽ ചിത്രം ലഭ്യമാകുമോ എന്നത് വ്യക്തമല്ല.
റിലീസിന് ശേഷം വലിയ വിമർശനങ്ങളാണ് ചിത്രം നേരിട്ടത്. റേപ്പ് ജോക്കുകളെ സാധാരണ വത്ക്കരിക്കുന്ന ഡയലോഗുകളും മറ്റും ചിത്രത്തിലുണ്ടെന്ന് കാട്ടി വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. അതുകൊണ്ട് തന്നെ ആദ്യ രണ്ട് മൂന്ന് ദിവസങ്ങൾക്കിപ്പുറം പ്രേക്ഷകർ ചിത്രത്തെ കൈയൊഴിഞ്ഞിരുന്നു.
നടിയെ ആക്രമിച്ച കേസിലെ വിധി അംഗീകരിക്കാനാവാത്തവർ ചിത്രം ബഹിഷ്ക്കരിക്കുക കൂടി ചെയ്തതോടെ ചിത്രത്തിനത് വലിയ തിരിച്ചടിയായി. ആദ്യ മൂന്ന് ദിവസം കൊണ്ട് 33 കോടി നേടിയ ചിത്രം പിന്നീട് കലക്ഷന്‍റെ കാര്യത്തിൽ വലിയ തിരിച്ചടി നേരിട്ടു. 50 കോടിയിലേക്ക് കടക്കുകയാണെന്ന് നിര്‍മാതാക്കള്‍ അറിയിച്ചിരുന്നെങ്കിലും 50 കോടി തൊടാനായില്ലെന്നാണ് റിപ്പോർട്ടുകൾ.

