

മോഹൻലാൽ, ദിലീഷ് പോത്തൻ
മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും, ജോജി തുടങ്ങി ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച സംവിധായകനാണ് ദിലീഷ് പോത്തൻ. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ പുതിയ ചിത്രത്തിന്‍റെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഷിബു ബേബി ജോൺ നിർമിക്കുന്ന ചിത്രത്തിൽ മോഹൻലാലാണ് മുഖ‍്യ വേഷം കൈകാര‍്യം ചെയ്യുന്നത്.
ആരാധകരോട് സംസാരിക്കവെ ആന്‍റണി പെരുമ്പാവൂരാണ് ഇക്കാര‍്യം സ്ഥിരീകരിച്ചത്. റിയലിസ്റ്റിക് ചിത്രങ്ങളൊരുക്കിയിട്ടുള്ള ദിലീഷ് പോത്തൻ മോഹൻലാലിനെ എങ്ങനെ അവതരിപ്പിക്കുമെന്നാണ് കണ്ടറിയേണ്ടത്. ഇതു സംബന്ധിച്ച് സമൂഹമാധ‍്യമങ്ങളിൽ വലിയ രീതിയിലുള്ള ചർച്ചകൾ നടക്കുന്നുണ്ട്.
ദിലീഷ് പോത്തനും ഫഹദ് ഫാസിലും ഒന്നിച്ചപ്പോളെല്ലാം മികച്ച ചിത്രങ്ങളാണ് ലഭിച്ചിട്ടുള്ളത്. അതേപോലെ മോഹൻലാൽ- ദിലീഷ് പോത്തൻ കൂട്ടുകെട്ടിലും മികച്ച ചിത്രം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.