

മമിത ബൈജു
തൊടുന്ന സിനിമകളെല്ലാം സൂപ്പർഹിറ്റാക്കി തെന്നിന്ത്യയിലെ സൂപ്പർനായികയായി മാറിയിരിക്കുകയാണ് മമിത ബൈജു. ചെറിയ വേഷങ്ങളിലൂടെ എത്തിയാണ് മമിത മുൻനിര താരമായത്. ഇപ്പോൾ മമിതയെക്കുറിച്ച് സംവിധായകൻ കമൽ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. മമിതയെ നായികയാക്കി സിനിമ ചെയ്യാൻ താൻ ആലോചിച്ചിരുന്നെന്നും എന്നാൽ നിർമാതാവും നായകനും സമ്മതിച്ചില്ല എന്നാണ് കമൽ പറയുന്നത്. മമിത വേണ്ടെന്നും വലിയ നായിക വേണമെന്നും നായകൻ തീർത്തു പറഞ്ഞു എന്നാണ് കമൽ ഒരു യൂട്യൂബിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
ഖോ ഖോയിലെ മമിതയുടെ അഭിനയം കണ്ടപ്പോൾ തന്നെ താൻ നടിയുടെ കഴിവ് തിരിച്ചറിഞ്ഞതാണ് എന്നാണ് കമൽ പറയുന്നത്. അതിനു ശേഷമാണ് തന്റെ സിനിമയിലേക്ക് മമിതയെ നായികയാക്കാമെന്ന് വിചാരിച്ചത്. എന്നാൽ നായകനോടും നിർമാതാവിനോടും പറഞ്ഞപ്പോൾ അവർക്ക് ഇഷ്ടപ്പെട്ടില്ല. പുതുമുഖ നായിക പോര, കുറച്ചുവലിയ നായികവേണം എന്നാണ് അവർ പറഞ്ഞത്. ഈ കുട്ടി നാളെ ഭാവിയിലെ വലിയ നായികയാവും എന്ന് താൻ അവരോട് പറഞ്ഞു എന്നാണ് കമലിന്റെ വാക്കുകൾ.
സൂപ്പർ ശരണ്യ കണ്ടതോടെ നായികയായി മമിത തന്നെ മതിയെന്ന് വീണ്ടും നിർമാതാവിന്റെ അടുത്ത് പറഞ്ഞു. നായകനെ കൺവിൻസ് ചെയ്യിക്കാം എന്നാണ് നിർമാതാവ് പറഞ്ഞത്. തുടർന്ന് മമിതയെ കണ്ട് കഥ പറഞ്ഞു. കുറച്ച് നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായതുകൊണ്ട് ഒന്നു രണ്ട് നായികമാർക്ക് വർക്കായിരുന്നില്ല. എന്നാൽ മമിതയ്ക്ക് അത് ഭയങ്കരമായി വർക്കായി. താൻ കഥ നറേറ്റ് ചെയ്യുമ്പോൾ മമിതയുടെ മുഖത്തുവന്ന എക്സ്പ്രഷൻസ് ഇപ്പോഴും ഓർമയുണ്ട്. സിനിമ ചെയ്യാൻ അവർ റെഡിയായിരുന്ന. ഡേറ്റ് നേരത്തെ പറയണമെന്ന് മമിതയുടെ അമ്മ പറഞ്ഞതുമാണ്.
എന്നാൽ മമിത പോര വലിയ നായിക വേണം എന്നുപറഞ്ഞ് നിർമാതാവും നായകനും അവരെ ഒഴിവാക്കുകയായിരുന്നു എന്നാണ് കമൽ പറയുന്നത്. എനിക്ക് ഭയങ്കര വിഷമം തോന്നി. കാരണം എന്റെ ജീവിതത്തിൽ അങ്ങനെ ഒരു അനുഭവമുണ്ടായിട്ടില്ല. ആനി അടക്കമുള്ള പുതുമുഖങ്ങളെ നമ്മൾ കൊണ്ടുവന്നിട്ടുണ്ട്. ഇതുവരെ എന്റെ സിനിമയിൽ ഒരു നിർമാതാവോ പ്രത്യേകിച്ച് നടനെ ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല. എന്തുകൊണ്ടോ ആ കുട്ടിയെ അവർക്ക് മനസിലായില്ല. അതിനുശേഷം മൂന്നാല് മാസം കഴിഞ്ഞപ്പോഴാണ് പ്രേമലു വരുന്നത്. ഇപ്പോൾ അവർ പിടിച്ചാൽ കിട്ടാത്ത നായികയായി മാറി. ആ പ്രൊഡ്യൂസർക്ക് ഇപ്പോൾ തോന്നുന്നുണ്ടാകും മമിതയെവച്ച് സിനിമ ചെയ്യാമായിരുന്നു എന്ന്.- കമൽ പറഞ്ഞു.