"മോനേ, നീയിത് കുടിച്ചോളൂ", മദ്യക്കുപ്പി എനിക്ക് തന്നിട്ട് അമ്മ പറഞ്ഞു, തോറ്റുപോയ ഒരു സ്ത്രീയുടെ നിസ്സഹായത; കുറിപ്പ്

ജീവിതത്തിന്‍റെ പ്രശ്നങ്ങൾ കൂടുമ്പോൾ, അത് വീട്ടിലായാലും ജോലിയിലായാലും ഒടുവിൽ എത്തിച്ചേരുന്നത് ലഹരിയുടെ ആ 'പുതപ്പിനുള്ളിലേക്കാണ്'
director M.B.Padmakumar about alcoholism

എം.ബി. പത്മകുമാർ

Updated on

ടുത്ത മദ്യപാനത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്നതിനെക്കുറിച്ച് സംവിധായകൻ എം.ബി. പത്മകുമാർ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. അച്ഛന്‍റെ മരണം തനിക്ക് മുന്നിൽ തുറന്നുതന്ന അനിയന്ത്രിതമായ സ്വാതന്ത്ര്യത്തിലാണ് മദ്യപാനത്തിലേക്ക് കടക്കുന്നത്. പിന്നീട് ജീവിതത്തിന്‍റെ പ്രശ്നങ്ങൾ കൂടുമ്പോൾ, അത് വീട്ടിലായാലും ജോലിയിലായാലും ഒടുവിൽ എത്തിച്ചേരുന്നത് ലഹരിയുടെ ആ 'പുതപ്പിനുള്ളിലേക്കാണ്'.

പട്ടാളക്കാരന്‍റെ ഭാര്യയായതിനാൽ അമ്മയ്ക്ക് ക്വാട്ട കിട്ടുമായിരുന്നു. ഒരിക്കൽ മദ്യക്കുപ്പി തനിക്ക് തന്നിട്ട് അമ്മ കുടിച്ചോളാൻ പറഞ്ഞെന്നും അത് തന്നെ തകർത്തെന്നുമാണ് പത്മകുമാർ കുറിച്ചത്. അതോടെ കുടി അവസാനിപ്പിക്കാൻ തീരുമാനിച്ചെന്നും എന്നാൽ അതിന് സാധിക്കാതെ വന്നു. എന്നാൽ ഇപ്പോൾ തന്‍റെ ജീവിതത്തിൽ താനല്ലാതെ മറ്റൊരു ലഹരിയുമില്ല എന്നാണ് പത്മകുമാർ കുറിച്ചത്.

പത്മകുമാറിന്‍റെ കുറിപ്പ് വായിക്കാം

ഒരു പട്ടാളക്കാരൻ മരിച്ചാൽ ഭാര്യക്ക് ക്വോട്ട കിട്ടും. അതൊരു പരസ്യമായ രഹസ്യമാണ്; പല പട്ടാള വീടുകളിലും മദ്യക്കുപ്പികൾ ഒരു 'എക്സ്ട്രാ വരുമാനം' കൂടിയാണ്.

എന്റെ അച്ഛൻ മരിച്ചപ്പോൾ അമ്മയ്ക്ക് ആ പേപ്പറൊക്കെ ശരിയായി കിട്ടി. അന്ന് ഓമല്ലൂരായിരുന്നു CSD ക്യാന്റീൻ. ഒരു കുടുംബത്തിന്റെ 'അച്ചുതണ്ട്' ആണ് ഗൃഹനാഥൻ. അതില്ലാതായാൽ പിന്നെ ആ വീട് ഗതികിട്ടാതെ കറങ്ങിക്കൊണ്ടിരിക്കും; അതിപ്പോൾ ഭൂമിയായാലും കുടുംബമായാലും.

അച്ഛന്റെ മരണം എനിക്ക് മുന്നിൽ തുറന്നത് അനിയന്ത്രിതമായ സ്വാതന്ത്ര്യത്തിന്റെ ലോകമായിരുന്നു. തിളച്ചു മറിയുന്ന മനസ്സിനെ ശാന്തമാക്കാൻ ചില കൂട്ടുകെട്ടുകൾ എനിക്ക് വെച്ചു നീട്ടിയ ആശ്വാസമരുന്നായിരുന്നു മദ്യം. ഭയം, വിഷമം, ആഘോഷം... എല്ലാത്തിനും ഒരൊറ്റ ഉത്തരം.

ജീവിതത്തിന്റെ പ്രശ്നങ്ങൾ കൂടുംപോൾ, അത് വീട്ടിലായാലും ജോലിയിലായാലും, നമ്മൾ ഒരു ഓട്ടം ഓടും. പലരും ഒടുവിൽ എത്തിച്ചേരുന്നത് ലഹരിയുടെ ആ 'പുതപ്പിനുള്ളിലേക്കാണ്'. ആ പുതപ്പിനുള്ളിൽ മുഖം മൂടി കിടന്നാൽ പിന്നെ ലോകം ആ ഇരുട്ടിൽ അവസാനിക്കും. വല്ലാത്തൊരു ശാന്തതയും, കള്ളസുഖവും.

ഞാനൊരു സ്ഥിരം മദ്യപാനിയായിരുന്നില്ല. എങ്കിലും, മദ്യം ഒരു ഒളിയമ്പാണ്; ഉപയോഗം വല്ലപ്പോഴായാലും ദിവസവും ആയാലും, നമ്മൾ പോലുമറിയാതെ അതിന്റെ വേരുകൾ നമ്മുടെ ഉള്ളിലേക്ക് ആഴത്തിൽ പടർന്നിറങ്ങും.

മദ്യം, അതൊരു ആഴമുള്ള സമുദ്രമാണ്. കരയിൽ നിന്ന് കണ്ടാൽ വെറുപ്പ് തോന്നും, രുചിച്ചാൽ അറപ്പ് തോന്നും... പക്ഷെ ഒന്ന് മുങ്ങിപ്പോയാൽ പിന്നെ പ്രജ്ഞയറ്റ് താഴേക്ക് താഴേക്ക് പോകും.

എന്റെ ജീവിതത്തെ പിടിച്ചുലച്ച ഒരു നിമിഷമുണ്ട്. ഒരിക്കൽ എന്റെ അമ്മ എന്റെ അടുത്തേക്ക് വന്നു. കയ്യിലൊരു പൊതിയുണ്ട്. തുറന്നു നോക്കിയപ്പോൾ ഒരു കുപ്പി മദ്യം! (ഇതെഴുതുമ്പോൾ അതിന്റെ പേര് ഓർമ്മയിൽ നിന്ന് മാഞ്ഞതുപോലെ). എന്നിട്ട് അമ്മ എന്നോട് പറഞ്ഞു: "മോനേ, നീയിത് കുടിച്ചോളൂ. രണ്ട് മാസം കൂടുമ്പോൾ അമ്മയ്ക്ക് കിട്ടുന്നതാണ്. നീ പുറത്ത് പോയി കുടിക്കണ്ട. ഇവിടെ ഇരുന്ന് കുടിച്ചാൽ മതി..."

ഞാൻ തകർന്നുപോയി. ഒരിക്കലും, ഒരമ്മയിൽ നിന്നും അത് പ്രതീക്ഷിക്കില്ലല്ലോ. അത് അമ്മയുടെ സമ്മതമായിരുന്നില്ല, മറിച്ച് മകനെ നഷ്ടപ്പെടുമോ എന്ന് ഭയന്ന, തോറ്റുപോയ ഒരു സ്ത്രീയുടെ നിസ്സഹായതയായിരുന്നു.

അന്നുമുതൽ നിർത്താൻ തീരുമാനിച്ചതാണ്. പക്ഷെ ഓരോ 'നിർത്തലിനും' ആയുസ്സില്ലാതെ വന്നു. മദ്യം എന്നെ വീണ്ടും വീണ്ടും വലിച്ചുകൊണ്ടിരുന്നു. പക്ഷെ ഇന്ന്, ഇതെഴുതുമ്പോൾ... എന്റെ ജീവിതത്തിൽ ഞാനല്ലാതെ മറ്റൊരു ലഹരിയുമില്ല.

ഇന്നലെ എന്റെ ഒരു കുടുംബ പോസ്റ്റിന് താഴെ, ഒരു അമ്മയുടെ കണ്ണീരിൽ കുതിർന്ന വാക്കുകൾ ഞാൻ കണ്ടു:

"എനിക്ക് നിങ്ങളോട് ആദരവ് തോന്നി, എനിക്കുമുണ്ട് ഒരു മകൻ അവനെയോർത്തു ദുഃഖം മാത്രം... മദ്യത്തിനടിമ. ചികിത്സ ചെയ്തു ഒരാഴ്ച മാറ്റം പിന്നെ പഴയപടി. നാട്ടുകാർ വീട്ടുകാർ മക്കൾ പോലും വെറുത്ത ജീവിതം ഞാൻ ഇന്നും പാടുപെടുന്നു കുടുംബം നോക്കാൻ. മക്കൾ മാതാപിതാക്കൾ ഇതുപോലെയുള്ള പോസ്റ്റുകൾ കാണുമ്പോൾ, തീരാത്ത വേദന എന്റെ മകനെ ഓർത്തു.... ഒരിക്കലെങ്കിലും മാറി ചിന്തിക്കുമോ അവൻ "

ഇത് വായിച്ചപ്പോൾ എന്റെ ഉള്ളൊന്നു പിടഞ്ഞു. കാരണം, ഒരുകാലത്ത് ഞാനും ആ മകന്റെ സ്ഥാനത്തായിരുന്നു. എന്റെ അമ്മയും ഇതുപോലെ എത്രയോ വട്ടം കരഞ്ഞിട്ടുണ്ടാകില്ലേ? എന്റെ അമ്മ മാത്രമല്ല... ഈയിടെ ഒരു സഹോദരി എനിക്കൊരു ഫോട്ടോ അയച്ചു തന്നു; തലേരാത്രി തീൻമേശയിൽ ഭർത്താവ് കുടിച്ചുതീർത്ത മദ്യത്തിന്റെ കാലിക്കുപ്പി. മദ്യത്തിനും കള്ളങ്ങൾക്കും നടുവിൽ, തന്നെ മനസ്സിലാക്കാത്ത ഭർത്താവിന് മുന്നിൽ ഏകാന്തതയിൽ സ്വയം ഉരുകിത്തീരുന്ന ഒരു സ്ത്രീജന്മം. സമാധാനം ഉണ്ടായിരിക്കേണ്ട ആ വീട് ഇന്ന് അസ്വസ്ഥതകൾ മാത്രം നിറഞ്ഞാടുന്ന ഒരു രംഗവേദിയായി മാറിയിരിക്കുന്നു...

മദ്യപിച്ച് നടക്കുന്ന സമയത്ത് നമ്മൾ ഇതൊന്നും കാണില്ല. നമ്മുടെ ലോകം ആ കുപ്പിയുടെ വട്ടത്തിലേക്ക് ചുരുങ്ങിപ്പോകും. ആരും നമ്മളെ സ്നേഹിക്കുന്നില്ലെന്നും, എല്ലാവരും ശത്രുക്കളാണെന്നും നമ്മൾ തെറ്റിദ്ധരിക്കും.

സത്യത്തിൽ ഒരു മദ്യപാനി അവനെ മാത്രമല്ല കൊല്ലുന്നത്. അവനെ ജീവന് തുല്യം സ്നേഹിക്കുന്നവരെ കൂടിയാണ്. ചികിത്സിച്ചിട്ടും മാറാത്തത് മരുന്ന് ഇല്ലാത്തതുകൊണ്ടല്ല, മാറണം എന്ന 'തീരുമാനം' സ്വന്തം ഉള്ളിൽ നിന്ന് വരാത്തതുകൊണ്ടാണ്.

ഇന്ന്, മദ്യമില്ലാത്ത എന്റെ പ്രഭാതങ്ങൾക്ക് വല്ലാത്തൊരു ഭംഗിയാണ്. ചിന്തകൾക്ക് ഇന്ന് സ്ഫടികം പോലെ വ്യക്തതയുണ്ട്; ബന്ധങ്ങളിൽ പഴയതിനേക്കാൾ തെളിച്ചമുണ്ട്.

അന്ന് അമ്മ എനിക്ക് നീട്ടിയ ആ മദ്യക്കുപ്പിയുടെ പേര്, എത്ര ശ്രമിച്ചിട്ടും ഇന്ന് എന്റെ ഓർമ്മയിലേക്ക് വരുന്നില്ല. അത് മറന്നുപോയിരിക്കുന്നു... ചില മറവികൾ അങ്ങനെയാണ്; അതാണ് ജീവിതത്തിന്റെ പുതിയ മേച്ചിൽപ്പുറങ്ങൾ നമുക്ക് മുന്നിൽ തുറന്നു തരുന്നത്.

ആ നല്ല മറവിയിൽ നിന്നുകൊണ്ട്, ആ അമ്മയുടെ മകനോട് (അല്ലെങ്കിൽ അവനെപ്പോലെയുള്ള ആയിരക്കണക്കിന് മക്കളോട്) ഞാൻ പറയുന്നു:

ലോകം മുഴുവൻ നിങ്ങളെ വെറുത്താലും, നിങ്ങളെ വെറുക്കാത്ത, ഉപേക്ഷിക്കാത്ത ഒരേയൊരു കരം ആ അമ്മയുടേതാണ്. ആ കണ്ണീരിന് നിങ്ങൾ കുടിക്കുന്ന മദ്യത്തേക്കാൾ വിലയുണ്ട്. ആ മുഖത്തേക്ക് ഒന്ന് നോക്കൂ... എന്നിട്ട് ആ കുപ്പി താഴെ വെക്കൂ.

വരൂ... നമുക്ക് തിരിച്ചു നടക്കാം, ജീവിതത്തിലേക്ക്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com