

കൊച്ചി: യുവനടിയെ ലൈംഗികമായി അതിക്രമിച്ച കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന് കുരുക്കായി ഫോൺ രേഖകൾ. അതിക്രമത്തിനു പിന്നാലെ രഞ്ജിത്ത് യുവനടിയെ ഫോണിൽ വിളിച്ചു. എന്നാൽ യുവതി ഫോൺ എടുത്തില്ല എന്നാണ് പൊലീസ് കണ്ടെത്തൽ. രഞ്ജിത്ത് നടിയെ ഭീഷണിപ്പെടുത്തിയതായി പരാതിയില്ലെന്ന് അന്വേഷണത്തിനു നേതൃത്വം നൽകുന്ന ഡിസിപി അശ്വതി ജിജി വ്യക്തമാക്കി.
രഞ്ജിത്തിന്റെ ഫോൺ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല. യുവതി പരാതി നൽകാൻ വൈകിയതിൽ അസ്വാഭാവികത ഇല്ല. കേസുമായി ബന്ധപ്പെട്ട് നടൻ ബോബി കുര്യനേയും അസിസ്റ്റന്‍റ് ഡയറക്‌ടർ ശാലിനിയേയും വീണ്ടും ചോദ്യം ചെയ്യുമെന്നും ഡിസിപി അറിയിച്ചു. എന്നാൽ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല. സെറ്റിൽ ഉണ്ടായിരുന്നവരുടെ മൊഴി രേഖപ്പെടുത്തുന്നത് തുടരുകയാണെന്നും ഡിസിപി വ്യക്തമാക്കി. യുവനടി പരാതി നൽകാൻ വൈകിയതിൽ അസ്വാഭാവികത ഇല്ലെന്നും അവർ പറഞ്ഞു.
ഡിജിറ്റൽ രേഖകൾ ശേഖരിച്ച ശേഷം രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്ന് എറണാകുളം സിറ്റി പൊലിസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ വ്യക്തമാക്കി. രഞ്ജിത്തിനെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സംഭവത്തെക്കുറിച്ച് സെറ്റിൽ ഉണ്ടായിരുന്ന ചിലർക്ക് അറിയാമായിരുന്നുവെന്നും കമ്മിഷണർ പറഞ്ഞു. രഞ്ജിത്ത് ഒളിവിൽ പോകാൻ ശ്രമിച്ചതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും കമ്മിഷണർ വ്യക്തമാക്കി. അതോടൊപ്പം, പരാതി നൽകിയ അതിജീവിതയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തുന്ന രീതിയിൽ വിഡിയോ ചിത്രീകരണം നടത്തിയ ഒരാളെ അറസ്റ്റ് ചെയ്തെന്നും കമ്മിഷണർ പറഞ്ഞു.