അവരുടെ വിശ്വാസ്യത അതായിരുന്നു 'തങ്കം'

റിയലിസ്റ്റിക്ക് ആഖ്യാനങ്ങളിലൂടെ മലയാള സിനിമയ്ക്ക് പുതിയ മുഖം ചാര്‍ത്തിക്കൊടുത്ത ഭാവനസ്റ്റുഡിയോയുടെ ബാനറില്‍, പ്രേക്ഷകര്‍ക്ക് വേറിട്ട അനുഭവം സമ്മാനിക്കുകയാണ് സഹീദ്
അവരുടെ വിശ്വാസ്യത അതായിരുന്നു 'തങ്കം'

സിനിമയില്‍ മുഴുനീളെ ത്രില്ലര്‍ സ്വഭാവം സൂക്ഷിക്കുകയും എന്നാല്‍ പതിവ് വഴിവിട്ട് സഞ്ചരിക്കുന്ന സിനിമാനുഭവമാണ് തങ്കം. ഭാവനസ്റ്റുഡിയോസിന്‍റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്ന ചിത്രത്തിലൂടെ വരവറിയിച്ചിരിക്കുകയാണ് സംവിധായകന്‍ സഹീദ് അറാഫത്ത്. റിയലിസ്റ്റിക്ക് ആഖ്യാനങ്ങളിലൂടെ മലയാള സിനിമയ്ക്ക് പുതിയ മുഖം ചാര്‍ത്തിക്കൊടുത്ത ഭാവനസ്റ്റുഡിയോയുടെ ബാനറില്‍, പ്രേക്ഷകര്‍ക്ക് വേറിട്ട അനുഭവം സമ്മാനിക്കുകയാണ് സഹീദ്. നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്ന തങ്കത്തിന്‍റെ സംവിധായകന്‍ തിരുവനന്തപുരം പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസില്‍ മനസ് തുറന്നപ്പോള്‍. 

ഇത് സ്വര്‍ണക്കടത്ത് കഥയല്ല
മലയാളികള്‍ സമീപകാലത്ത് ഏറെ ചര്‍ച്ച ചെയ്ത സ്വര്‍ണക്കടത്തിന്‍റെ കഥയല്ല തങ്കത്തിലൂടെ പറയുന്നത്. എന്നാല്‍ സാധാരണ രീതിയില്‍ സ്വര്‍ണത്തിന്‍റെ ഇടപാടുകള്‍ നടക്കുന്ന ഒരു സ്ഥലം തൃശൂരിന്‍റെ പരിസരങ്ങളിലുണ്ട്. അവിടെ നിന്നാണ് രാജ്യത്തിന്‍റെ വിവിധ മേഖലകളിലുള്ള ചെറിയ ചെറിയ ജ്വല്ലറികളിലേക്കുള്ള സ്വര്‍ണാഭരണങ്ങള്‍ നിര്‍മിച്ച് കൊണ്ടുപോകുന്നത്. ഈ നാട്ടിലെ ജനങ്ങള്‍ ഒരു കുടില്‍ വ്യവസായം പോലെയാണ് ഈ ജോലി തുടരുന്നത്. അത് നിയമവിരുദ്ധമാണോയെന്ന് ചോദിച്ചാല്‍ കൃത്യമായൊരു ഉത്തരമില്ല. സാധാരണ ആളുകള്‍ പണം കൈകാര്യം ചെയ്യുന്നത് പോലെയാണ് ഇവര്‍ ഇവിടെ ഈ ഇടപാടുകള്‍ നടത്തുന്നതെന്നാണ് എനിക്ക് ബോധ്യപ്പെട്ടിട്ടുള്ളത്. ഇപ്പോള്‍ ജിഎസ്ടി ഒക്കെ വന്നതിന് ശേഷം അങ്ങനെയായിരിക്കില്ലെന്നാണ് തോന്നുന്നത്. അവരില്‍ നിന്നാണ് ഈ കഥയുടെ ആദ്യരൂപം ലഭിക്കുന്നത്.


കഥയുടെ ആദ്യരൂപം  എന്‍റേതാണ്
തങ്കത്തിന്‍റെ ബേസിക് സബ്ജകറ്റ് എന്റേതാണ്. എനിക്ക് ഇങ്ങനൊരു ഐഡിയ തോന്നിയപ്പോള്‍ ഞാന്‍ ശ്യാമിനോടാണ് ആദ്യമായി സംസാരിക്കുന്നത്. കേട്ടപ്പോള്‍ തന്നെ ശ്യാം എനിക്ക് വേണ്ടി അതിന്‍റെ തിരക്കഥ എഴുതാമെന്ന് സമ്മതിച്ചു. അവര്‍ അപ്പോള്‍
'കുമ്പളങ്ങി നൈറ്റ്‌സി'ന്‍റെ ഷൂട്ടിലായിരുന്നു. അവിടെ വച്ചാണ് 'ഭാവനസ്റ്റുഡിയോ' എന്ന പ്രൊഡക്ഷന്‍ കമ്പനി ആരംഭിക്കുന്നത്. പിന്നാലെ ഇവര്‍ തന്നെ ഈ ചിത്രം ചെയ്യാമെന്ന് സമ്മതിച്ചു. പിന്നെ ഞങ്ങളൊക്കെ നേരത്തെ തന്നെ സുഹൃത്തുക്കളാണ്. ഒരുമിച്ച് കുറേ ചിത്രങ്ങള്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. ആ സൗഹൃദത്തില്‍ നിന്ന് തന്നെയാണ് അവര്‍ എനിക്കൊപ്പം സിനിമയിലേക്ക് എത്തുന്നത്.

വിജയത്തിന് അവരുടെ വിശ്വാസ്യത
ഈ പ്രൊജക്റ്റുമായി മുന്നോട്ട് പോകുമ്പോള്‍ തന്നെ ഫഹദും, ദിലീഷും, ശ്യാം അടങ്ങുന്ന ഭാവന സ്റ്റുഡിയോസിന് മലയാള പ്രേക്ഷകരിലുള്ള വിശ്വാസ്യത തന്നെയാണ് ഏറ്റവും വലിയ കാര്യം. എന്നാല്‍ ആ വിശ്വാസ്യത നഷ്ടപ്പെടുത്താതിരിക്കുക എന്ന വലിയ ഉത്തരവാദിത്വമാണ് എനിക്കുണ്ടായിരുന്നത്. സിനിമയ്ക്ക് തിയറ്ററില്‍ നിന്ന് ലഭിക്കുന്ന പ്രതികരണം കാണുമ്പോള്‍ അത് നിലനിര്‍ത്താനുള്ള എന്‍റെ ശ്രമങ്ങള്‍ ഒരു പരിധിവരെ വിജയിച്ചിട്ടുണ്ടെന്നാണ് തോന്നുന്നത്.

അദ്യ കാസ്റ്റ് വിനീത്
സിനിമയിലേക്ക് ആദ്യം കാസ്റ്റ് ചെയ്യുന്നത് വിനീത് ശ്രീനിവാസനെയാണ്. 2020 മേയില്‍ ഷൂട്ട് ചെയ്യാനിരുന്ന സിനിമയാണിത്. എന്നാല്‍  കൊവിഡ് മൂലമാണ് പ്രൊജക്റ്റ് നീണ്ടു പോകുകയായിരുന്നു. കേരളത്തിന് പുറമേ, തമിഴ്‌നാട്, മുംബൈ തുടങ്ങിയിടങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ ഷൂട്ടുണ്ടായിരുന്നു. അതുകൊണ്ട് മാറ്റിവയ്ക്കാതെ രക്ഷയില്ലായിരുന്നു. എന്നാല്‍ ഹൃദയത്തിന്‍റെ ഷൂട്ടും മറ്റ് ചില കുടുംബകാര്യങ്ങളുണ്ടെന്ന് പറഞ്ഞ് പിന്നീട് വിനീത് ഈ ചിത്രത്തില്‍ നിന്ന് ഒഴിവായി. പിന്നാലെ ഫഹദിനെ വച്ച് തുടങ്ങാമെന്ന് കരുതി. എന്നാല്‍ കൊവിഡിന് ശേഷം സിനിമയെ കുറിച്ച് വീണ്ടും ആലോചിച്ചപ്പോള്‍ വിനിതീലേക്ക് തിരികെ പോകുകയായിരുന്നു. ചിത്രം തിയറ്ററില്‍ കണ്ടപ്പോള്‍ തങ്കത്തില്‍ ഞങ്ങള്‍ എടുത്ത ഏറ്റവും മികച്ച തിരുമാനമായിരുന്നു വിനീത് എന്നാണ് തോന്നുന്നത്. സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ വച്ച് നോക്കുകയാണെങ്കില്‍ അപര്‍ണാ ബാലമുരളിയ്ക്ക് സ്‌ക്രീന്‍ ടൈം കുറവാണ്. പക്ഷേ, കഥയ്ക്കുടനീളം അവരുടെ സാന്നിധ്യം അവശ്യമാണ്. അതുകൊണ്ടാണ് അപര്‍ണയെ പോലുള്ള മികച്ച ഒരു നടിയിലേക്ക് ഞങ്ങള്‍ എത്തിയത്. അപര്‍ണ ഏറ്റവും മികച്ച രീതിയില്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

മറാഠ നടനിലേക്ക്
സിനിമയില്‍ ഒരു മറാഠ പൊലീസ് ഉദ്യോഗസ്ഥനാണ് കേസ് അന്വേഷിക്കുന്നത്. ഇവിടെയുള്ള കഥാപാത്രങ്ങളെ കുറിച്ചും അവരുടെ രീതികളെ കുറിച്ചും നമുക്ക് കൃത്യമായി അറിയാം. എന്നാല്‍ ഒരു മറാഠ പൊലീസ് ഓഫീസര്‍ എങ്ങനെയാണെന്ന് നമുക്ക് വ്യക്തമായ ധാരണയില്ല. അതിനെ കുറിച്ച് കുറച്ച് കൂടെ അറിയാവുന്ന ഒരാളെ കണ്ടെത്തണമെന്ന തീരുമാനമാണ് ഗിരീഷ് കുല്‍ക്കര്‍ണിയില്‍ എത്തിയത്. പോരാത്തതിന് ഗിരീഷ് സാര്‍ ഒരു എഴുത്തുകാരന്‍ കൂടിയാണ്. അതുകൊണ്ട് അദ്ദേഹത്തിന്‍റെ ഒരു ഒബ്‌സര്‍വേഷന്‍ ആ ക്യാരക്റ്ററിലുണ്ട്. അതാകാം പ്രേക്ഷകര്‍ക്ക് അദ്ദേഹത്തെ അത്രയേറെ ഇഷ്ടപ്പെട്ടത്.

ആവേശം അടങ്ങട്ടെ
പുതിയ ചിത്രങ്ങളെ കുറിച്ചുള്ള ആലോചനകള്‍ നടക്കുന്നു. ഇപ്പോള്‍ ഈ ചിത്രം വിജയിച്ചതിന്‍റെ ആവേശത്തില്‍ നടക്കുകയാണ്. അപ്പോള്‍ ഇതൊന്ന് അവസാനിച്ചിട്ടേ പുതിയ ചിത്രത്തിലേക്ക് കടക്കുന്നുള്ളൂ.    

Trending

No stories found.

Latest News

No stories found.