

"ആരെയും അതിശയിപ്പിക്കുന്ന അത്ഭുത ബാലിക"; തരുണി മോളുടെ ഓർമ്മകളുമായി വിനയൻ
ഇന്ത്യൻ സിനിമാ പ്രേമികൾക്കിടയിൽ തീരാവേദനയായി നിറഞ്ഞു നിൽക്കുന്ന ബാലതാരമാണ് തരുണി സച്ച്ദേവ്. ചെറിയ പ്രായത്തിൽ സിനിമയിലേക്ക് എത്തിയ തരുണി വളരെ പെട്ടെന്നാണ് തന്‍റെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്നത്. എന്നാൽ ഒരു ഹെലികോപ്റ്റർ അപകടത്തിൽ 12ാം വയസ്സിൽ തരുണി ഈ ലോകത്തു നിന്ന് വിടപറയുകയായിരുന്നു. ഇപ്പോൾ തരുണിയുടെ ഓർമദിനത്തിൽ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ വിനയൻ.
ആരെയും അതിശയിപ്പിക്കുന്ന അഭിനയ ചാരുതയുള്ള ആ അത്ഭുത ബാലികയാണ് തരുണി എന്നാണ് വിനയൻ കുറിച്ചത്. ഓർമ്മപ്പൂക്കൾ.. നാലു വയസ്സുള്ളപ്പോഴാണ് തരുണി മോൾ “വെള്ളിനക്ഷത്രം “എന്ന എന്റെ സിനിമയിൽ അഭിനയിക്കുന്നത്..ആ വർഷം തന്നെ സത്യത്തിലും തരുണി അഭിനയിച്ചു..രണ്ടിലും പൃഥ്വിരാജായിരുന്നു നായകൻ..
ആരെയും അതിശയിപ്പിക്കുന്ന അഭിനയ ചാരുതയുള്ള ആ അത്ഭുത ബാലിക 12 വയസ്സുള്ളപ്പോൾ 2012 ൽ നേപ്പാളിൽ വച്ചുണ്ടായ ഹെലിക്കോപ്റ്റർ അപകടത്തിൽ അമ്മ ഗീതയോടൊപ്പം മരണപ്പെട്ടു..- വിനയൻ കുറിച്ചു. വെളളിനക്ഷത്ര’ത്തിന്‍റെ ചിത്രീകരണവേളയില്‍ കുഞ്ഞ് തരുണിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് വിനയന്റെ കുറിപ്പ്.
വ്യവസായിയായ ഹരീഷ് സച്ച് ദേവിന്‍റേയും ഗീതയുടെയും മകളായി 1998മെയ് 14ന് മുംബൈയിലാണ് തരുണി ജനിച്ചത്. കരിഷ്മ കപൂറിനൊപ്പം രസ്നയുടെ പരസ്യത്തിൽ അഭിനയിച്ചതോടെ രസ്ന ഗേൾ എന്നറിയപ്പെടാൻ തുടങ്ങി. അതോടെയാണ് അമിതാഭ് ബച്ചന്റെ പായിലേക്ക് അവസരം ലഭിക്കുന്നത്. 2014 ല്‍ പുറത്തിറങ്ങിയ തമിഴ് ത്രില്ലര്‍ ‘വെട്രി സെല്‍വനി’ലാണ് തരുണി അവസാനമായി അഭിനയിക്കുന്നത്. സിനിമയിലെ തന്റെ മിക്കവാറും പ്രധാനപ്പെട്ട സീനുകളെല്ലാം തരുണി അഭിനയിച്ച് പൂര്‍ത്തിയാക്കിയിരുന്നു.