

ദിയ കൃഷ്ണ
വിവാദങ്ങള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേളയെടുത്ത് ദിയ കൃഷ്ണ. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാറിന്‍റെ മകളുമാണ് ദിയ കൃഷ്ണ എന്ന ഓസി. കേരളത്തിനെതിരായ വിദ്വേഷം പ്രചരിപ്പിക്കുന്ന വിഡിയോയ്ക്ക് താഴെ ദിയ പിന്തുണച്ച് കമന്‍റിട്ടത് വലിയ വിവാദമായിരുന്നു.
ഇതിനു പിന്നാലെ ദിയ വിശദീകരണവുമായി എത്തിയിരുന്നു. ജിന്നയെക്കുറിച്ചുള്ള ഭാഗം മാത്രമാണ് താൻ കണ്ടതെന്നും അതിനെക്കുറിച്ചാണ് കമന്‍റ് ചെയ്തതെന്നുമായിരുന്നു ദിയയുടെ പ്രതികരണം. ഇതിനു പിന്നാലെയാണ് താൻ ഇൻസ്റ്റഗ്രാമിൽ നിന്ന് താത്ക്കാലിക ബ്രേക്ക് എടുക്കുന്നുവെന്ന് ദിയ വ്യക്തമാക്കിയത്.
''എത്ര സത്യസന്ധതയുള്ള ആളാണെങ്കിലും, നല്ല ഹൃദയത്തിന് ഉടമയുമായാലും ഇഷ്ടമല്ലെങ്കില്‍ സോഷ്യല്‍ മീഡിയയിലെ ചില ആളുകള്‍ക്ക് നമ്മളെ പിച്ചിച്ചീന്താനാകുമെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ബന്ധങ്ങളെപ്പോലും തകര്‍ക്കാനാകും. കുറച്ച് സമയത്ത് ഇന്‍സ്റ്റഗ്രാമിനോട് ഗുഡ് ബൈ പറയുന്നു. ഈ നെഗറ്റിവിറ്റിയില്‍ നിന്ന് എന്നെ ഡിടോക്‌സിഫൈ ചെയ്യാനുണ്ട്. എന്നെ ഇതുവരെ സ്‌നേഹിച്ച എല്ലാവര്‍ക്കും നന്ദി. ഞാന്‍ എന്നും നിങ്ങളോട് കടപ്പെട്ടിരിക്കും. '' എന്നാണ് ദിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചത്.