പ്രായം കുറഞ്ഞ പുരുഷൻമാരെ മലൈക അറോറ ഡേറ്റ് ചെയ്യുന്നതിന്‍റെ കാരണം അറിയണോ?

വർഷങ്ങളായി ബോളിവുഡിലെ സ്ഥിരം ചർച്ചാവിഷയമാണ് മലൈക അറോറയുടെ പ്രണയജീവിതം
Malaika Arora

മലൈക അറോറ

Updated on

ബോളിവുഡ് താരം മലൈക അറോറയുടെ വ്യക്തിജീവിതം പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. പ്രത്യേകിച്ച് തന്നേക്കാൾ പ്രായം കുറഞ്ഞ പുരുഷന്മാരുമായുള്ള താരത്തിന്‍റെ ബന്ധങ്ങൾ സമൂഹമാധ്യമങ്ങളിലും ആരാധകർക്കിടയിലും ചർച്ചയായിട്ടുണ്ട്. ഇപ്പോഴിതാ, മലൈകയുടെ പ്രണയബന്ധങ്ങളെക്കുറിച്ച് മാധ്യമപ്രവർത്തക ആസ്ഥാ അത്രേ നടത്തിയ പരാമർശങ്ങളാണ് ശ്രദ്ധ നേടുന്നത്.

പുരുഷന്മാർ തന്നേക്കാൾ പ്രായം കുറഞ്ഞ സ്ത്രീകളുമായി ബന്ധത്തിലാകുമ്പോൾ സമൂഹം അതിനെ ഇതേ രീതിയിൽ ചോദ്യം ചെയ്യാറില്ലെന്നാണ് ആസ്ഥാ അത്രേ ചൂണ്ടിക്കാട്ടിയത്. എന്നാൽ പ്രായം കുറഞ്ഞ പുരുഷനുമായി ബന്ധത്തിലാകുന്ന സ്ത്രീകൾക്ക് പലപ്പോഴും പ്രത്യേക വിശേഷണങ്ങൾ നൽകുന്നതായി അവർ പറഞ്ഞു.

മലൈക സ്വയംപര്യാപ്തയും സാമ്പത്തികമായി സ്വതന്ത്രയുമായ സ്ത്രീയാണെന്നും അതിനാൽ ഒരു ബന്ധത്തിൽ മറ്റൊരാളുടെ നിയന്ത്രണമോ അമിതമായ ഇടപെടലുകളോ അവർ ആഗ്രഹിക്കണമെന്നില്ലെന്നും ആസ്ഥാ അഭിപ്രായപ്പെട്ടു. തന്‍റെ നിലവാരത്തിനും ആത്മവിശ്വാസത്തിനും ഒത്ത പുരുഷനെ കണ്ടെത്തുന്നതാണ് മലൈകയുടെ കാര്യത്തിൽ പ്രധാനമെന്നും അവർ വിലയിരുത്തി.

പ്രായം കൂടിയ പുരുഷന്മാരുമായി ബന്ധത്തിലാകുന്നതിനു പകരം തന്നേക്കാൾ പ്രായം കുറഞ്ഞ പുരുഷന്മാരെ തെരഞ്ഞെടുക്കുന്നതിന് മലൈകയ്ക്ക് വ്യക്തിപരമായ കാരണങ്ങളുണ്ടാകാമെന്നും ആസ്ഥാ പറഞ്ഞു. സാമ്പത്തികമായും വ്യക്തിപരമായും സ്വതന്ത്രയായ ഒരു സ്ത്രീയോട് പല പുരുഷന്മാർക്കും ആത്മവിശ്വാസത്തോടെ ഇടപെടാൻ കഴിയണമെന്നില്ലെന്നും അവർ അഭിപ്രായപ്പെട്ടു.

മലൈക അറോറയുടെ പ്രണയജീവിതം വർഷങ്ങളായി ബോളിവുഡിലെ സ്ഥിരം ചർച്ചാവിഷയമാണ്. മലൈക അറോറയും അർജുൻ കപൂറും തമ്മിലുള്ള ദീർഘകാല ബന്ധം അവസാനിച്ചതിന് പിന്നാലെയും താരത്തിന്‍റെ പ്രണയജീവിതം സംബന്ധിച്ച അഭ്യൂഹങ്ങൾ സജീവമാണ്. എന്നാൽ പുതിയ ബന്ധങ്ങളെക്കുറിച്ച് മലൈക ഔദ്യോഗികമായി സ്ഥിരീകരണം നൽകിയിട്ടില്ല.

1998ൽ ബോളിവുഡ് നടൻ അർബാസ് ഖാനെ വിവാഹം കഴിച്ച മലൈക 2017ൽ വിവാഹമോചനം നേടുകയും ചെയ്തിരുന്നു. ഇരുവർക്കും അർഹാൻ ഖാൻ എന്ന മകനുമുണ്ട്. തുടർന്ന് നടൻ അർജുൻ കപൂറുമായുള്ള ബന്ധമാണ് മലൈകയുടെ സ്വകാര്യ ജീവിതത്തെ വീണ്ടും വാർത്തകളിൽ നിറച്ചത്. 2018ൽ ആരംഭിച്ച ബന്ധം ആറ് വർഷത്തിനുശേഷം 2024ൽ അവസാനിച്ചു. വേർപിരിഞ്ഞതിനു ശേഷവും അർജുൻ തന്‍റെ ജീവിതത്തിലെ പ്രധാനപ്പെട്ട വ്യക്തിയാണെന്ന് മലൈക പറഞ്ഞിരുന്നു. അതേസമയം തന്‍റെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള തുടർച്ചയായ അഭ്യൂഹങ്ങളോട് പ്രതികരിച്ച മലൈക വ്യക്തിജീവിതത്തെക്കുറിച്ചുള്ള അമിതമായ മാധ്യമശ്രദ്ധയെ വിമർശിക്കുകയും ചെയ്തിരുന്നു.

ഹർഷ് മേത്തയുമായുള്ള ബന്ധവും ചർച്ചയിൽ

അർജുൻ കപൂറുമായുള്ള ബന്ധം അവസാനിച്ചതിന് പിന്നാലെ 52കാരിയായ മലൈക അറോറയുടെ പേരിനൊപ്പം ഇപ്പോൾ ഉയർന്നുകേൾക്കുന്ന പേരാണ് 33കാരനായ യുവവ്യവസായി ഹർഷ് മേത്തയുടേത്. 2026ൽ ഇരുവരും ഒരുമിച്ച് വിവിധ പരിപാടികളിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്. ഫെബ്രുവരിയിൽ ഇറ്റലിയിൽ ഇരുവരും ഒരുമിച്ച് സമയം ചെലവഴിച്ചതായുള്ള റിപ്പോർട്ടുകളും ചിത്രങ്ങളും പുറത്തുവന്നിരുന്നു.

മെയ് മാസത്തിലും ഹർഷ് മലൈകയെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയതായും മലൈകയുടെ മകൻ അർഹാൻ ഖാനും ഇവർക്കൊപ്പം ഉണ്ടായിരുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നു. ജൂലൈയിലും മലൈകയും ഹർഷും അർഹാൻ ഖാനും സുഹൃത്തുക്കളും ഒരുമിച്ച് മുംബൈയിൽ സമയം ചെലവഴിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇതോടെ ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ വീണ്ടും ശക്തമായെങ്കിലും, മലൈകയോ ഹർഷ് മേത്തയോ തങ്ങളുടെ ബന്ധം ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

logo
Metro Vaartha
www.metrovaartha.com