

അഹാന കൃഷ്ണകുമാർ
ഇൻഫ്ലുവൻസർ ദിയ കൃഷ്ണയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് നടിയും ദിയയുടെ സഹോദരിയുമായ അഹാന കൃഷ്ണ. ഒരാളുടെ അഭിപ്രായം കുടുംബത്തിന്‍റെ മുഴുവൻ അഭിപ്രായമാക്കി മാറ്റരുതെന്നും വിഷയത്തിലേക്ക് കുടുംബത്തിലുള്ളവരുടെ മുഴുവൻ പേരും വലിച്ചിഴയ്ക്കുന്നത് ശരിയല്ലെന്നുമാണ് അഹാന കുറിച്ചിരിക്കുന്നത്. ഫോർട്ട് കൊച്ചിയിൽ മുസ്ലീമുകളുടെ എണ്ണം കൂടുന്നുവെന്ന വിവാദ പോസ്റ്റിനു താഴെ ദിയ സാഡ് റിയാലിറ്റി എന്ന് കുറിച്ചതാണ് വിവാദങ്ങൾക്കു തുടക്കം കുറിച്ചത്. വിഷയത്തിൽ ദിയ വിശദീകരണം നൽകിയിരുന്നെങ്കിലും സൈബർ ആക്രമണം ശക്തമായിരുന്നു.
തുടർന്ന് ദിയ കൃഷ്ണ ഇൻസ്റ്റഗ്രാം താത്കാലികമായി ഉപേക്ഷിക്കുന്നുവെന്നും പ്രഖ്യാപിച്ചു. അതിനു ശേഷമാണ് അഹാന മറുപടിയുമായി എത്തിയിരിക്കുന്നത്. അഹാനയുടെ പ്രതികരണത്തിനു താഴെ വർഗീയ വിഷം തുപ്പരുതെന്ന് അഭിപ്രായം രേഖപ്പെടുത്തിയയാൾക്ക് പറയേണ്ടിടത്ത് പോയി പറയൂ എന്നാണ് അഹാന മറുപടി നൽകിയിരിക്കുന്നത്.
അഹാനയുടെ പോസ്റ്റ് വായിക്കാം.
ഒരുപാട് നാളായി പറയണമെന്ന് ആഗ്രഹിച്ചിരുന്ന ഒരു കാര്യമാണിത്. ഞാൻ എന്തെങ്കിലും പറഞ്ഞതിലോ ചെയ്തതിലോ നിങ്ങൾക്ക് പ്രശ്നമുണ്ടെങ്കിൽ, അത് എന്നോട് നേരിട്ട് പറയുക. അത് എന്‍റെ അച്ഛനെക്കുറിച്ചുള്ള കാര്യമാണെങ്കിൽ അദ്ദേഹത്തോട് പറയാം. എന്‍റെ അമ്മയോ സഹോദരിമാരിൽ ആരെങ്കിലുമോ പറഞ്ഞ കാര്യങ്ങളാണെങ്കിൽ അവരോടുതന്നെ പറയുക.
ഞങ്ങൾ ആറുപേരടങ്ങുന്ന ഒരു അടുത്ത കുടുംബമാണെങ്കിലും, ഞങ്ങൾ ആറുപേരും വ്യത്യസ്ത വ്യക്തികളാണ്. ഓരോരുത്തർക്കും അവരുടേതായ ചിന്തകളും ആശയങ്ങളും അഭിപ്രായങ്ങളും കാഴ്ചപ്പാടുകളുമുണ്ട്. ഒരു കുടുംബത്തിലെ അംഗമാണെന്നതുകൊണ്ട് എല്ലാവർക്കും ഒരേ അഭിപ്രായമായിരിക്കണമെന്നില്ല. അതുപോലെ, ഒരാളുടെ അഭിപ്രായത്തിന്‍റെ പേരിൽ കുടുംബത്തിലെ എല്ലാവരും കൂട്ടായി ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അർഥമില്ല. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ ഓരോ വ്യക്തികൾ ആയി നിലനിൽക്കുമ്പോൾ കൂടി ഞങ്ങൾ തമ്മിലുള്ള ഒരുമ ഇല്ലാതാകില്ല. സാഹചര്യം എന്തു തന്നെയായാലും പരസ്പരം പിന്തുണയ്ക്കുകയും ഓരോരുത്തർക്കും വേണ്ടി നിലകൊള്ളുകയും ചെയ്യും.
ഞങ്ങൾ എല്ലാവരും പൊതുജനശ്രദ്ധയിലുള്ള വ്യക്തികളായതിനാൽ, ഞങ്ങളിൽ ഒരാൾ പറയുന്നതോ ചെയ്യുന്നതോ എല്ലാവർക്കും ഇഷ്ടപ്പെടാത്ത സാഹചര്യങ്ങൾ സ്വാഭാവികമായും ഉണ്ടാകാം. അതിൽ തെറ്റൊന്നുമില്ല. വിമർശനവും അഭിപ്രായവ്യത്യാസവും ജീവിതത്തിന്‍റെ ഭാഗമാണ്. പക്ഷേ, ഒരാളുമായുള്ള പ്രശ്നം എന്തിനാണ് ആ വ്യക്തിയുടെ കുടുംബത്തെ മുഴുവൻ വലിച്ചിഴയ്ക്കാനുള്ള അവസരമായി മാറ്റുന്നത്? ഒരാളുടെ അഭിപ്രായവ്യത്യാസം എങ്ങനെയാണ് ഒരു കുടുംബത്തിന്‍റെ മുഴുവൻ ആശയമായി ചിത്രീകരിക്കപ്പെടുന്നത്?
കൂടുതൽ പേരുകൾ ചർച്ചകളിലേക്ക് വലിച്ചിഴയ്ക്കുന്നത്, കാര്യം വ്യക്തമാക്കുന്നതിനെക്കാൾ ശ്രദ്ധ നേടാനുള്ള ശ്രമമാണോ എന്ന് ചിലപ്പോഴൊക്കെ ആത്മാർഥമായി ഞാൻ ചിന്തിക്കാറുണ്ട്.
എന്നെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ച് വിചിത്രമായി തോന്നുന്ന മറ്റൊരു കാര്യമുണ്ട്. എന്‍റെ വിവാഹത്തെ അതുമായി യാതൊരു ബന്ധവുമില്ലാത്ത ചർച്ചകളിലേക്ക് വലിച്ചിഴയ്ക്കുന്നതാണത്. പുരോഗമനപരവും യുക്തിചിന്തയുള്ളതുമായ നിലപാടുകളെക്കുറിച്ച് ഏറെ സംസാരിക്കുന്നവർ, വ്യക്തിപരമായതും വിഷയവുമായി ബന്ധമില്ലാത്തതുമായ കാര്യങ്ങൾ ചർച്ചകളിലേക്ക് കൊണ്ടുവരുമ്പോൾ അത് അവരെക്കുറിച്ചുതന്നെ പലതും പറയുന്നുണ്ട്. വിമർശനം ഒരു കാര്യമാണ്; എന്നാൽ ഒരാളുടെ ജീവിതത്തിലെ ബന്ധമില്ലാത്ത കാര്യങ്ങളിലേക്ക് ചർച്ചകളെ വലിച്ചിഴയ്ക്കുന്നത് തികച്ചും മറ്റൊരു കാര്യമാണ്.
ഇത്തരം പെരുമാറ്റം പെട്ടെന്നൊന്നും മാറാൻ പോകുന്നില്ലെന്ന് എനിക്കറിയാം. എങ്കിലും ഒരു കാര്യം ഒരിക്കലെങ്കിലും പറയണമെന്ന് തോന്നി. ഒരാളുടെ വാക്കുകൾക്കും പ്രവൃത്തികൾക്കും അവരെ ഉത്തരവാദിയാക്കുന്നതും അതിന്‍റെ പേരിൽ അവരുമായി ബന്ധമുള്ള എല്ലാവരെയും കുറ്റപ്പെടുത്തുന്നതും രണ്ടും രണ്ടാണ്.
ഒരു കുടുംബമെന്ന നിലയിൽ ഞങ്ങൾ ഒരുമിച്ചാണ് നിൽക്കുന്നത്. എന്നാൽ ചിന്തിക്കുന്നതും സംസാരിക്കുന്നതും പ്രവർത്തിക്കുന്നതും ഓരോ വ്യക്തികളെന്ന നിലയിലാണ്.
ഞങ്ങളിൽ ആരുടെയെങ്കിലും അഭിപ്രായത്തോട് വിയോജിക്കണമെങ്കിൽ അങ്ങനെ ചെയ്യാം. അതിൽ തെറ്റില്ല. പക്ഷേ, ചർച്ച ആ വ്യക്തിയെക്കുറിച്ചോ പ്രസക്തമായ വിഷയത്തെക്കുറിച്ചോ ആയിരിക്കട്ടെ. കുടുംബത്തിലെ ഒരാളുടെ നിലപാടിന്‍റെ പേരിൽ കുടുംബവുമായി ബന്ധപ്പെട്ട എല്ലാവരെയും അതിലേക്ക് വലിച്ചിഴയ്ക്കേണ്ടതില്ല.
എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു നീതിയുടെ മാത്രം പ്രശ്നമാണ്.