ഡോ. കനക് റെലെ : കാവാലം മോഹിനിയാട്ട സേവയുടെ 'കൊട്ടിച്ചേതം'

ഡോ. കനക് റെലെ : കാവാലം മോഹിനിയാട്ട സേവയുടെ 'കൊട്ടിച്ചേതം'

#ഡോ. സഞ്ജീവൻ അഴീക്കോട്

അരനൂറ്റാണ്ടു മുമ്പ് മോഹിനിയാട്ടം പഠിച്ച് കേരള കലാമണ്ഡലത്തിലെത്തി, ഗവേഷണം നടത്തി, ഒടുവിൽ കാവാലം നാരായണ പണിക്കരിലൂടെ മോഹിനിയാട്ടത്തിന്‍റെ സോപാന ശൈലി ലോകവേദികളിൽ പകർന്നാടിയ വിഖ്യാത നർത്തകി ഡോ. കനക് റെലേ ബുധനാഴ്ച രാവിലെ മുംബൈയിൽ അരങ്ങൊഴിഞ്ഞു. കാവാലവും കനക് റെലേയും ചേർന്ന് ചിട്ടപ്പെടുത്തിയ മോഹിനിയാട്ട സേവയെക്കുറിച്ചുള്ള ഒരു അനുസ്മരണകുറിപ്പ്.

1983.

സ്ഥലം :മുംബൈ.

വേദി :ഷണ്മുഖാനന്ദ സഭ .

വിഷയം : തനതു നാടകം

അവതരണം: തിരുവനന്തപുരം സോപാനം.

നാട്യശാസ്ത്ര കുലപതിയും തനതുനാടകാചാര്യനുമായ കാവാലം നാരായണ പണിക്കർ രചനയും സംവിധാനവും നിർവഹിച്ച പ്രശസ്‌ത നാടകമാണ് തിരുവനന്തപുരം സോപാനം ഷണ്മുഖാനന്ദ സഭയിൽ അവതരിപ്പിക്കുന്നത്, അവനവൻ കടമ്പ.

മുൻ നിരയിൽ മുംബെയിലെ നാടക, കലാ, സാഹിത്യ പ്രവർത്തകരും സംഗീതജ്ഞരും നർത്തകരുമടങ്ങുന്ന ക്ഷണിക്കപ്പെട്ട പ്രൗഢ സദസ്സ് . വലം ഭാഗം മധ്യത്തിൽ വിഖ്യാത നർത്തകി ഡോ. കനക് റെലെയും സഹപ്രവർത്തകരും ഒപ്പം ശിഷ്യരും അക്കൂട്ടത്തിലുണ്ട്. അണിയറയിലും അരങ്ങിലും ഓടി നടന്ന് നിർദ്ദേശങ്ങൾ നല്കുന്ന ഊർജ്ജസ്വലനായ കാവാലം സദസ്സിനെ ശ്രദ്ധിച്ചതേയില്ല.

നാടകാചാര്യന്‍റെ ശരീര ചലനങ്ങളടക്കമുള്ള നാടക സംവിധാന ശിക്ഷണത്തെ സദസ്സിലിരുന്ന് വിഖ്യാത നർത്തകി വീക്ഷിക്കുന്നുണ്ടായിരുന്നു, നാടകം കഴിഞ്ഞയുടനെ ഡോ. കനക്റെലെയും ശിഷ്യരും ഓടിയെത്തി നാടകാചാര്യനെ വന്ദിച്ചു. അഭിനന്ദനങ്ങളറിയിച്ചു. കാവാലത്തിൻ്റെ സഹധർമ്മ ചാരി ശാരദാമണിയമ്മയേയും മക്കളെയും സോപാനം കുടുംബത്തേയും ദാദറിലെ വീട്ടിലേക്ക് ക്ഷണിച്ചു. കനക് റെലെയുടെ ദാദറിലെ കൂടിക്കാഴ്ച മോഹിനിയാട്ടത്തിൻ്റെ അവനവൻ കടമ്പ കടക്കലായിരുന്നു.!!

കേരളത്തിൻ്റെ സ്വന്തം സംഗീതമായ സോപാന വഴിയിൽ മോഹിനിയാട്ട നൃത്തരൂപത്തിൻ്റെ പ്രസക്തി ബോദ്ധ്യപ്പെടുത്തിയ കൂടിക്കാഴ്ച.1967 മുതൽ മോഹിനിയാട്ടം പഠിച്ച നർത്തകിയാണ് ഡോ. കനക് റെലെ.

15 വർഷം പിന്നിട്ടു. ഗവേഷണ പഠനവും നടത്തി പക്ഷേ, അവർ തൃപ്തയായിരുന്നില്ല. മോഹിനിയാട്ടത്തിന്‍റെ കർണാടക സംഗീത അകമ്പടി അവർക്ക് ബോധിച്ചിരുന്നില്ല. കലാമണ്ഡലത്തിലടക്കം പര്യടനം നടത്തി പഠിച്ചാണ് തിയറി ഓഫ് ബോഡി കിനിറ്റിക്സ് ഇൻ മോഹിനിയാട്ടം ( Theory of Body Kinetics in Mohiniattam)എന്ന തന്‍റെ ഗവേഷണ പഠനം ഡോ. കനക് റെലെ പൂർത്തിയാക്കിയത്. തുടർന്നാണ് ബോംബെ സർവകലാശാലയിൽ മോഹിനിയാട്ടം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത്.

മോഹിനിയാട്ടത്തിൻ്റെ മൂന്നുമുഖങ്ങൾ

മോഹിനിയാട്ടത്തിൽ മൂന്നു പ്രധാന ശൈലികൾ ഉണ്ടെന്നാണ് കനക് റെലേ അന്ന് കണ്ടെത്തിയത്.

1 കുഞ്ഞിക്കുട്ടിയമ്മയുടെ വഴിയിൽ നങ്ങ്യാർ കൂത്ത് ശൈലി

2 ചിന്നമ്മു അമ്മയുടെ വഴിയിൽ തിരുവാതിരക്കളി ശൈലി

3. കല്യാണി കുട്ടിയമ്മയുടെ പാരദൈശിക ശൈലി. അഥവാ ഭരതനാട്യ ശൈലിയിൽ നിന്ന് മോഹിനിയാട്ടത്തെ വികസിപ്പിച്ചെടുത്ത കലാമണ്ഡലം ശൈലി. ഈ മൂന്ന് ശൈലികളും മോഹിനിയാട്ടത്തിൻ്റെ വ്യക്തമായ മൂന്നു മുഖങ്ങളാണ്. മോഹിനിയാട്ടത്തിൻ്റെ തനതു വഴി കേരളത്തിൻ്റെ മണ്ണുമായും പെണ്ണുമായും ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കാവാലം നാരായണ പണിക്കർ സോദോഹാരണം വിശദീകരിച്ചു.

ഡോ. കനക് റെലേ കണ്ടെത്തിയ മോഹിനിയാട്ടത്തിൻ്റെ മൂന്നു ഘടകങ്ങളിൽ കേരളീയഗ്രാമീണതയും നങ്ങ്യാരമ്മ സ്വാധീനവും ഒന്നിപ്പിക്കുന്ന ഒരു കർമ്മ പദ്ധതി നിർമ്മല പണിക്കർ ആവിഷ്ക്കരിച്ച് നടപ്പാക്കിയ കാര്യവും കാവാലം എടുത്തു പറഞ്ഞു. (വേണു ജി യുടെയും സഹധർമ്മിണി നിർമ്മല പണിക്കരുടെയും മകളാണ് കൂടിയാട്ട മടക്കമുള്ള കലകളിൽ പ്രാവീണ്യം തെളിയിച്ച പ്രശസ്ത നർത്തകി കപില വേണു).

മോഹിനിയാട്ടത്തിന് പ്രാദേശിക സംഗീതവുമായുള്ള നാഭീനാള ബന്ധം -, തനിമ -തിരിച്ചറിയാൻ, തിരുവനന്തപുരത്തെ സോപാനം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർഫോമിംഗ് ആർട്സ് റിസർച്ച് സെന്‍ററിന്‍റെ സാരഥി കൂടിയായ കാവാലം നാരായണ പണിക്കരും ശിഷ്യരും സോപാനം നാടകകളരിയിൽ ഗവേഷണം തുടങ്ങിയ കാര്യങ്ങൾ വിശദീകരിച്ചു. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ അംഗീകാരത്തോടെയുള്ള ഗവേഷണത്തിൽ പഠിതാവായി ഭാരതി ശിവജി വന്നതും തുടർന്നുള്ള പഠനവും ചർച്ചയിൽ വ്യക്തമാക്കി.

ഭാരതി ശിവജിക്കൊപ്പം സോപാനത്തിലെ നടിയും നർത്തകിയുമായ വസന്ത ഗോപാലകൃഷ്ണനും ലീല പണിക്കരുമൊക്കെ ചേർന്നാണ് ആദ്യ കാലത്ത്ഗവേഷണ പ്രവർത്തനം തുടങ്ങിയത്. കാവാലം ചിട്ടപ്പെടുത്തിയ സോപാനം ശൈലി മോഹിനിയാട്ടം (പ്രാരംഭ പരീക്ഷണം) രംഗാവതരണം നടത്തി ഭാരതി ശിവജിയാണ് ആദ്യമായി ഭാരതമെങ്ങും പ്രചരിപ്പിച്ചത്. പിന്നീട് ഡോ. കനക് റെലെ വഴി ലോകമെമ്പാടും പ്രചരിച്ചു.

സോപാന സംഗീതത്തിലെ പാരമ്പര്യ കുലപതികളായ ഞരളത്തു രാമപൊതുവാൾ, ഗുരുവായൂർ ജനാർദ്ദൻ നെടുങ്ങാടി തുടങ്ങിയ കലാകാരന്മാരുമായുള്ള നിരന്തര ചർച്ചകൾ. കാവാലത്തിന്‍റെ മകൻ പ്രശസ്ത സംഗീതജ്ഞൻ കാവാലം ശ്രീകുമാറും ജ്യേഷ്ഠപുത്രൻ കാവാലം പദ്മനാഭനും സോപാനം ഗായകരും ഒക്കെ ചേർന്ന് ഒരു വർഷത്തെ ഗവേഷണ പഠന ശേഷമാണ് കാവാലം തൻ്റെ മോഹിനിയാട്ട സേവ, രൂപപ്പെടുത്തിയത്.

ആ ഗവേഷണ പ്രവർത്തനങ്ങൾക്ക് അക്കാദമിക് തലത്തിൽ അംഗീകാരം ലഭിക്കാൻ ഡോ. കനക് റെലേയുമായുള്ള 1983 ലെ കൂടിക്കാഴ്ച വഴിയൊരുക്കി. ഭരതനാട്യത്തിലെ ശക്തവും ചടുലവുമായ നൃത്തത്തിലെ ഗാനരീതിയും ചൊല്ലുകളും മോഹിനിയാട്ട ചലനങ്ങളെ വ്യാഖ്യാനിക്കാൻ അപര്യാപ്തമാണെന്ന് കാവാലവുമായുള്ള ചർച്ചയ്ക്ക് ശേഷം ഒടുവിൽ ഡോ കനക് റെലേയ്ക്കു മനസ്സിലായി.

സോപാന സംഗീതവഴിയാണ് മോഹിനിയാട്ടത്തിന്‍റെ തനതു ശൈലിയെന്ന കാവാലത്തിന്‍റെ ഗവേഷണ നിഗമനത്തോട് അവർ യോജിച്ചു. കഥകളി ആചാര്യൻ പാഞ്ചാലി കരുണാകരപ്പണിക്കരിൽ നിന്നു കുട്ടിക്കാലത്ത് കഥകളി അഭ്യസിച്ച കലാകാരി കൂടിയാണ് ഡോ. കനക് റെലെ .

ഗുജറാത്തിൽ ജനിച്ച കനക് റെലെ, വിശ്വകവി രവീന്ദ്രനാഥ് ടാഗോറിന്‍റെ ശാന്തിനികേതനിലെ പഠനം കലാജീവിതത്തെ മാറ്റിമറിച്ചു. കഥകളിയടക്കമുള്ള കലാരൂപങ്ങൾ പഠിക്കാൻ സാഹചര്യമൊരുക്കി. ആ ശിക്ഷണം കാവാലത്തിന്‍റെ നിഗമനം വേഗത്തിൽ മനസ്സിലാക്കാൻ അവരെ സഹായിക്കുകയും ചെയ്തു. ഭാരതീയ നൃത്ത കലാചരിത്രത്തിൽ സുവർണമുഹൂർത്തമായി ആ ദാദർ കൂടിക്കാഴ്ച മാറി. ഡോ. കനക് റെലേയുടെ നളന്ദ നൃത്ത മഹാവിദ്യാലയവും തിരുവനന്തപുരം സോപാനവും ചേർന്ന് പഠന ഗവേഷണങ്ങൾക്ക് ധാരണയായി.

മോഹിനിയാട്ടസേവ

നളന്ദയും സോപാനവും ചേർന്ന് 40 ഓളം നൃത്ത ഇനങ്ങൾ തനതു കേരളീയ സംഗീത ശൈലിയിൽ മാർഗി താളത്തിൽ വാർത്തെടുത്തു. ഇതിൻ്റെ ഭാഗമായി 1983 ൽ നളന്ദയും സോപാനവും ചേർന്ന് മുംബെ ഭാരതീയ വിദ്യാ ഭവനിൽ ശില്പശാല ഒരുക്കി. ഡോ. കനക് റെലേയും ശിഷ്യഗണങ്ങളും ചേർന്ന് അവതരിപ്പിച്ച ശാസ്ത്രീയ നൃത്തവും തിരുവനന്തപുരം സോപാനത്തിൻ്റെ സോപാന സംഗീതവും ചേർത്ത മനോഹരമായ കലാവിരുന്ന് സോപാനത്തിലെ വസന്ത ഗോപാലകൃഷ്ണൻ നൃത്തവും വായ്പാട്ട് കാവാലം ശ്രീകുമാറും മദ്ദളം കാവാലം പദ്മനാഭനുമാണ് നിർവഹിച്ചിരുന്നത്.

അങ്ങിനെ കാവാലം നാരായണ പണിക്കരുടെ സോപാനവും ഡോ. കനക് റെലെയുടെ നളന്ദയും ചേർന്ന് ഒരു പുതിയ പാഠ്യപദ്ധതിക്ക് രൂപം നല്കി. സോപാന മോഹിനിയാട്ട പഠന പദ്ധതി നളന്ദ വഴി മുംബൈ സർവകലാശാല പാഠ്യവിഷയവുമാക്കി. മോഹിനിയാട്ടം എന്നല്ല മോഹിനിയാട്ട സേവ എന്ന പേരാണ് ഇതിനു കാവാലം നല്കിയത്.

സോപാന സംഗീത ശൈലിയിലുള്ള മോഹിനിയാട്ട സേവയ്ക്ക് ഡോ. കനക് റെലെ വഴി ലോകമെങ്ങും പ്രചാരം ലഭിക്കുകയും ചെയ്തു. ഗണപതി, മുഖചാലം, മണിപ്രവാള പദം, അഷ്ടപദി, ജീവ എന്നീ ഇനങ്ങളാണ് ആദ്യം ചിട്ടപ്പെടുത്തി അവതരിപ്പിച്ചിരുന്നത്. തിരുവനന്തപുരം സോപാനത്തിൻ്റെ കേരള താളങ്ങളിൽ ഡോ കനക് റെലേ ആകൃഷ്ടയായി. അവർ പിന്നെ സോപാനത്തിന്‍റെ നൃത്ത പഠന ഗവേഷണ പരീക്ഷണങ്ങളുടെ ഭാഗമായി മാറി.

ഗണപതി, ജീവ, നൃത്തം, ചെമ്പട താളം, എന്നിങ്ങനെ മോഹിനിയാട്ട സേവയുടെ പാഠ്യപദ്ധതി പരിഷ്ക്കരിക്കുകയും ചെയ്തു. ആരഭി രാഗത്തിൽ ചെമ്പട താളത്തിലുള്ള ഗണപതി തൊട്ട് ചെമ്പട താളത്തിൽ തേജസ്വിനി എന്ന പേരിലുള്ള സ്ത്രീ കഥാപാത്രങ്ങളെ ആവിഷ്കരിക്കുന്ന കൃതികൾ. സീതാകാന്ത് മഹാപാത്രയുടെ കവിത - കുബ്ജ - അടന്ത താളത്തിൽ യദുകുല കാംബോജി രാഗത്തിൽ അയ്യപ്പ പണിക്കരുടെ കവിത രാധ - സിന്ധു ഭൈരവി , മോഹനം, കാപി രാഗങ്ങൾ, ചെമ്പട താളത്തിൽ. മോഹിനിയാട്ട സേവയിൽ ഉൾപ്പെടുത്തിയിരുന്നു. നൃത്തത്തിൽ മുഖചാലം, കൊട്ടിച്ചേതം, പഞ്ചാരിക്കട്ടള, തത്ത്വം, തുടങ്ങി 17 ഇനങ്ങൾ.

നളന്ദയും സോപാനവും ചേർന്ന് 1989 ൽ തിരുവനന്തപുരം കാർത്തിക തിരുനാൾ തിയേറ്ററിൽ നടത്തിയ പഠനശിബിരവും എടുത്തു പറയേണ്ട കാര്യമാണ് . ( വന്ദ്യ പിതാവ് നാടൻ കലാ ഗവേഷകൻ സി. എം.എസ്. ചന്തേര മാഷിനൊപ്പം ലേഖകന് തിരുവനന്തപുരത്തെത്തിയ വിഖ്യാത നർത്തകി ഡോ. കനക് റെലെയെ ആദ്യമായി പരിചയപ്പെടാൻ ഭാഗ്യം ലഭിച്ച കാര്യവും ഓർക്കട്ടെ ) പടേനി, മുടിയേറ്റ് , കൈകൊട്ടിക്കളി, കളമെഴുത്തും പാട്ടും അർജ്ജുന നൃത്തം തുടങ്ങിയ കേരളീയ അനുഷ്ഠാനങ്ങളുമായി മോഹിനിയാട്ടത്തിൻ്റെ സ്വഭാവമാണ് തിരുവനന്തപുരം ശില്പശാലയിൽ പരിശോധിക്കപ്പെട്ടത്. നൃത്തത്തിനോട് ഇണങ്ങുന്ന സാഹിത്യരൂപങ്ങളിൽ നിന്നും പുനസൃഷ്ടി നടത്താനാണ് കാവാലം അന്ന് ശ്രദ്ധയൂന്നിയതെന്നു വിലയിരുത്തട്ടെ.

സോപാന സംഗീത കുലപതി ഞെരളത്തു രാമപൊതുവാൾ പാടി കേൾപ്പിച്ച ഒരു ത്യാണി യിൽ നിന്ന് മധ്യമാവതി രാഗത്തിൽ ചെമ്പടയിൽ ഒരു ഗണപതിയിനം കാവാലം ചിട്ടപ്പെടുത്തിയിരുന്നു. (1992 ൽ) അത് ഡോ. കനക് റെലേയ്ക്ക് ഏറെ ഇഷ്ടപ്പെട്ടു. കൂടാതെ ഡോ. റെലെ പ്രത്യേകമായി ആവശ്യപ്പെട്ട ചില കൃതികൾ കൂടി കാവാലം ഗുരുനാഥൻ രചിച്ചിട്ടുണ്ട്.

മഹാഭാരതത്തിലെ യമ - സാവിത്രി സംവാദത്തെ ആധാരമാക്കി കേദാരഗൗളവ രാഗത്തിൽ ചെമ്പട താളത്തിലുള്ള കൃതിയും യദുകുലകാംബോജിയിൽ അയ്യടി താളത്തിൽ ഒറിയകവി സീതാകാന്ത് മഹാപത്രയുടെ കുബ്ജ മലയാളത്തിലേക്ക് മൊഴിമാറ്റിയതും കനക് റെലേയ്ക്ക് വേണ്ടിയായിരുന്നു. സത്യവതി, ഗാന്ധാരി, കുന്തി, അംബ, ദ്രൗപദി എന്നീ അഞ്ച് മഹാഭാരത സ്ത്രീ കഥാപാത്രങ്ങളുടെ ജീവിതകഥ കാച്ചിക്കുറുക്കിയ കൃതികളും ഡോ. കനക് റെലെയുടെ അഭ്യർത്ഥന പ്രകാരം കാവാലം രചിച്ച കൃതികളിൽ പ്രധാനപ്പെട്ടവയാണ്.

ഭാരതം കഥയിൽ ആഴത്തിലുള്ള അറിവും നൃത്ത സംവിധാനത്തിലുള്ള മികവും രചിത പാഠ്യത്തിന്‍റെ ധ്വനിപാഠം സൃഷ്ടിക്കാനുള്ള വിരുതും ജന്മസിദ്ധമായി ലഭിച്ച പ്രതിഭയും ചേർന്നപ്പോൾ ഡോ. കനക് റെലെയുടെ അരങ്ങിലാട്ടത്തിന് പരഭാഗശോഭ പരത്തിയെന്ന് കാവാലം രേഖപ്പെടുത്തിയതും സ്മരിക്കാം. മോഹിനിയാട്ട സേവയിൽ ഡോ. കനക് റെലെയുടെ ഗാന്ധാരിയാണ് വിജയ പദത്തിൽ ഏറെ മുന്നിലെന്ന് കാവാലം സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്.

"കണ്ണില്ലെങ്കിലും ഉൾക്കണ്ണാൽ കണ്ടേ നൂറു മക്കളേ...

എണ്ണിയൊടുങ്ങാതണിയിടും പാപ സന്തതികളെ ,

അറിവെഴാത്ത മകനൊടു താതനു സ്നേഹം

മോഹാന്ധതയായ്

ധർമ്മജനോട് നിർമ്മായം മൊഴിയുന്നു

എങ്ങു ധർമ്മം അങ്ങു വിജയം

യതോ ധർമ്മ സ്തതോ ജയ:

അപരിഗ്രഹഭാവത്തിൽ അഭാവത്തിൻ പരകോടിയിലായ് ഗാന്ധാരി....!

ഗാന്ധാരിയുടെ ആ ദുഃഖഭാവം പകർന്നാടി രചിത പാഠ്യത്തിൻ്റെ ധ്വനി പാഠം സഹൃദയമനസ്സിലേക്ക് ആവാഹിച്ച, ഭാരതീയ നൃത്ത ഇതിഹാസം - ചമ്പതാളത്തിൽ തോടി രാഗത്തിൽ മോഹിനിയാട്ട കൊട്ടിച്ചേതനൃത്തവുമായി വിണ്ണരങ്ങിലേക്ക് ..

ഭാരത വിശ്വനർത്തകിയെ

വരവേല്ക്കാൻ വിണ്ണരങ്ങിന്‍റെ സോപാനപ്പടിയിൽ

ഇടയ്ക്ക കൊട്ടി

തത്ത്വം പാടി കാവാലം ഗുരുനാഥനും...!!!

"തത്ത്വം

അറിയാത്ത തത്ത്വം

തന്നെ താനറിയാത്ത തത്ത്വം

മനുജ നിലമ നിറയും മഹിത തത്ത്വം "

ആത്മശാന്തി.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com