

"എനിക്ക് വീട്ടിൽ കരഞ്ഞിരിക്കാനാവില്ല, ഞാനും മോളും വിജേഷേട്ടൻ പാതിയിൽ നിർത്തിയ നാടകത്തിന്റെ പൂർത്തീകരണത്തിലാണ്"
നാടക പ്രവർത്തകൻ കെ.വി. വിജേഷിന്‍റെ അപ്രതീക്ഷിത വിയോഗം കലാരംഗത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ഇപ്പോൾ വിജേഷ് തുടങ്ങിവെച്ച നാടകം പൂർത്തിയാക്കുമെന്ന് അറിയിച്ചിരിക്കുകയാണ് അദ്ദേഹത്തിന്‍റെ ഭാര്യയും നടിയുമായ കബനി. താനും മകളും കൂട്ടുകാരും തേവരയിൽ വിജേഷ് നിർത്തിയ നാടകത്തിന്റെ പൂർത്തീകരണത്തിലാണ് എന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
നാടകം ഉയിർത്തെഴുന്നേൽപിന്‍റേതുകൂടിയാണ്. മരണമെന്നത് യാഥാർഥ്യത്തിലുള്ള ഒരു നാടകമാണ് എന്നത് വിജേഷേട്ടൻ എനിക്ക് തന്ന പുതിയ പാഠം. ഇവിടെമരണപ്പെട്ട നടൻ ഉടലോടെ സ്റ്റേജിൽ നിന്നുപുറത്തുവരില്ല. അവൻ ജീവിക്കുക കാണികളുടെ മനസിലാണ്.- കബനി കുറിച്ചു. നിരവധി പേരാണ് പോസ്റ്റിന് താഴെ ആശംസകളുമായി എത്തിയത്. ജനുവരി 23ന് എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളെജിൽ നാടക പരിശീലനത്തിനിടെ വിജേഷ് കുഴഞ്ഞുവീണ് മരിച്ചത്.
കബനിയുടെ കുറിപ്പ്
പ്രിയരേ ഞാനും മോളും കൂട്ടുകാരുമിവിടെ തേവരയിൽ വിജേഷേട്ടൻ പാതിയിൽ നിർത്തിയ നാടകത്തിന്റെ പൂർത്തീകരണത്തിലാണ്. നിങ്ങളുടെ എല്ലാവരുടെയും സ്നേഹം ഒപ്പം ഉണ്ടെന്നറിയാം. നാടകം ഉയിർത്തെഴുന്നേൽപിന്‍റേതുകൂടിയാണ്. മരണമെന്നത് യാഥാർഥ്യത്തിലുള്ള ഒരു നാടകമാണ് എന്നത് വിജേഷേട്ടൻ എനിക്ക് തന്ന പുതിയ പാഠം. ഇവിടെ മരണപ്പെട്ട നടൻ ഉടലോടെ സ്റ്റേജിൽ നിന്നുപുറത്തുവരില്ല. അവൻ ജീവിക്കുക കാണികളുടെ മനസിലാണ്. അവരിലൂടെ അവൻ ശ്വസിക്കും, അവനെയോർത്തവർ കരയും, ആളുകളവനെ പ്രണയിച്ചുകൊണ്ടേയിരിക്കും. വീണ്ടും വികാരങ്ങളുടെ വിസ്ഫോടനങ്ങൾ ജനഹൃദയങ്ങളിൽ അവൻ തീർക്കും.. അവനാണ് ക്രിയേറ്റർ. മരണമില്ലാത്തവൻ.
നിങ്ങൾ വിജേഷേട്ടന്റെ പാട്ടുകളെയും വരകളെയും നാടകങ്ങളെയും ഇത്രത്തോളം ചേർത്തുപിടിക്കുമ്പോൾ എനിക്ക് വീട്ടിൽ കരഞ്ഞിരിക്കാനാവില്ല. നാടകക്കാരിയാവാൻ ഞാൻ എടുത്ത തീരുമാനം ചിലപ്പോൾ ഈ ദിവസത്തിനുകൂടി വേണ്ടിയാവും. സ്നേഹം പ്രിയരേ.