

അനൂപ് മേനോന്‍റെ 'ഈ തനിനിറം' തിയെറ്ററിലേക്ക്
അനൂപ് മേനോൻ ഇൻവസ്റ്റിഗേറ്റീവ് ഓഫീസറായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ തനിനിറം എന്ന ചിത്രം റിലീസിനൊരുങ്ങുന്നു. ധനുഷ് ഫിലിംസിന്‍റെ ബാനറിൽ എസ്. മോഹൻ നിർമ്മിച്ച് രതീഷ്നെടുമങ്ങാട് സംവിധാനം ചെയ്യുന്ന ഈ ചിത്രം ജനുവരി പതിനാറിന് പ്രദർശനത്തിനെത്തും. മഹാരാജാ ടാക്കീസ്, അഡ്വ.ലക്ഷ്മണൻ ലേഡീസ് ഒൺലി, എന്നീ ചിത്രങ്ങൾക്കു ശേഷം ധനുഷ് ഫിലിംസിന്‍റെ ബാനറിൽ എസ്. മോഹനൻ നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.
രതീഷ് നെടുമങ്ങാട് , ഗുഡ് ബാഡ് അഗ്ളി, ഡയൽ 100 എന്നീ ചിത്രങ്ങൾക്കു ശേഷമാണ് ഇപ്പോൾ ഈ തനിനിറം എന്ന ചിത്രം ഒരുക്കുന്നത്. പതിവായി ക്യാമ്പ് വിത്ത് സ്ട്രെയിഞ്ചേഴ്സ് പ്രോഗ്രാമുകൾ നടന്നു വരുന്ന ഒരു റിസോർട്ടിൽ ഒരു ക്യാമ്പിൽ പങ്കെട്ടുക്കാനായി നാടിന്‍റെ നാനാഭാഗത്തു നിന്നും നിരവധി ചെറുപ്പക്കാർ ഇല്ലിക്കൽ ഹോളിഡേയ്സ് എന്ന റിസോർട്ടിൽ ഒത്തുചേരുന്നു. ഇവിടുത്തെ പ്രോഗാമുകൾ നടക്കുന്നതിനിടയിലാണ് ഒരു പെൺകുട്ടിക്ക് ഒരു ദുരന്തം സംഭവിക്കുന്നത്. അതേക്കുറിച്ചുള്ള അന്വേഷണമാണ് ഈ ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്.
പൂർണ്ണമായും ഇൻവെസ്റ്റിഗേറ്റീവ് തില്ലറായിട്ടാണ് ചിത്രത്തിന്‍റെ പിന്നിട്ടുള്ള കഥാ പുരോഗതി. അന്വേഷണത്തിന്‍റെ ഓരോ ഘട്ടങ്ങൾ പിന്നീടുമ്പോഴും വലിയ ദുരൂഹതകളുടെ ചുരുളുകളാണ് നിവരുന്നത്. ഈ കുറ്റാന്വേഷണ ചിത്രത്തിന്‍റെ ആകർഷണീയവും പുതിയ പുതിയ വഴിഞ്ഞിരിവുകൾ തന്നെയാണ്.
എസ്.ഐ. ഫെലിക്സ് ലോപ്പസാണ് ഈ കേസന്വേഷണത്തിന്‍റെ ചുക്കാൻ പിടിക്കുന്നത്.
അനൂപ് മേനോൻ ഈ കഥാപാത്രത്തെ ഏറെ ഭദ്രമാക്കുന്നു. രമേഷ് പിഷാരടി, ഇന്ദ്രൻസ്, നോബി പ്രസാദ് കണ്ണൻ, ജി.സുരേഷ് കുമാർ, ദീപക് ശിവരാജൻ (അറബിക്കഥ ഫെയിം), അജിത്, രമ്യാ മനോജ്, അനഘാ രോഹൻ, ആദർശ് ഷേണായ്, ബാലു ശ്രീധർ ആദർശ് ഷാനവാസ്, വിജീഷ, ഗൗരി ഗോപൻ, ആതിരഎന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. തിരക്കഥ -അംബികാ കണ്ണൻ ബായ്, ഗാനങ്ങൾ - അനൂപ് മേനോൻ, രാജീവ് ആലുങ്കൽ, വിഷ്ണു,സംഗീതം - ബിനോയ് രാജ് കുമാർ, ഛായാഗ്രഹണം - പ്രദീപ് നായർ, എഡിറ്റിംഗ് - അജു അജയ്