"ഓരോ പരീക്ഷയ്ക്ക് പിന്നിലും നമ്മൾ കാണാത്ത കഥകളുണ്ട്, വർഷങ്ങളുടെ തയാറെടുപ്പും ത്യാഗങ്ങളുമുണ്ട്"; അച്ഛനെ തള്ളി അഹാന കൃഷ്ണ

"ഓരോ വാർത്താ തലക്കെട്ടുകൾക്ക് പിന്നിലും നിഷ്കളങ്കമായ സ്വപ്നങ്ങളുള്ള കുറച്ച് ചെറുപ്പക്കാരും, അവരുടെ മികച്ചൊരു ഭാവി പ്രതീക്ഷിച്ച് കഴിയുന്ന കുടുംബങ്ങളുമുണ്ട്"
ahaana krishna reacted cjp protest

അഹാന കൃഷ്ണ | കൃഷ്ണകുമാർ

Updated on

ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി സമരത്തിൽ നിലപാട് വ്യക്തമാക്കി നടി അഹാന കൃഷ്ണ. അച്ഛനും നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാർ പറഞ്ഞ വാക്കുകളെ തള്ളിയാണ് അഹാനയുടെ പ്രതികരണം. രാജ്യവ്യാപകമായി ഡൽഹിയിൽ പ്രതിഷേധം തുടരുന്നതിനിടെ സമരത്തിനെതിരേ പ്രതികരിച്ചും പൊലീസ് അടിച്ചമർത്തലിനെയും ന്യായീകരിച്ചുമാണ് കൃഷ്ണ കുമാർ പ്രതികരിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് "കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ... പിന്നെയാ ഡൽഹി..."എന്നാണ് കൃഷ്ണകുമാർ കുറിച്ചത്. ഇതിന് പിന്നാലെ കൃഷ്ണ കുമാറിനെതിരേ വലിയ വിമർശനമാണുയർന്നത്.

ഇതിനിടെയാണ് തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങൾ കാരണം ഒരു കുട്ടിയുടെ പ്രതീക്ഷകൾ തകർന്നടിയുന്നത് കാണുന്നത് തികച്ചും വേദനാജനകമാണെന്ന് പ്രതികരിച്ച് അഹാന രംഗത്തെത്തിയത്.

കുറിപ്പ് ഇങ്ങനെ...

ചിലരുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങൾ കാരണം ഒരു കുട്ടിയുടെ പ്രതീക്ഷകൾ തകർന്നടിയുന്നത് കാണുന്നത് തികച്ചും വേദനാജനകമാണ്. ഓരോ പരീക്ഷയ്ക്ക് പിന്നിലും നമ്മൾ എപ്പോഴും കാണാത്ത ഒരു കഥയുണ്ട്. വർഷങ്ങളുടെ തയ്യാറെടുപ്പുകൾ, ത്യാഗങ്ങൾ, കഠിനാധ്വാനം നമ്മെ എവിടെയെങ്കിലും എത്തിക്കുമെന്ന ഉറച്ച വിശ്വാസം.

ഓരോ വാർത്താ തലക്കെട്ടുകൾക്ക് പിന്നിലും നിഷ്കളങ്കമായ സ്വപ്നങ്ങളുള്ള കുറച്ച് ചെറുപ്പക്കാരും, അവരുടെ മികച്ചൊരു ഭാവി പ്രതീക്ഷിച്ച് കഴിയുന്ന കുടുംബങ്ങളുമുണ്ട്. വർഷങ്ങളോളം പരീക്ഷയ്ക്കായി തയ്യാറെടുത്തിട്ട്, പരീക്ഷയുടെ തലേദിവസം അത് റദ്ദാക്കപ്പെട്ടപ്പോൾ തളർന്നുപോയ സുഹൃത്തുക്കളെ ഞാൻ വളരെ അടുത്തറിഞ്ഞിട്ടുണ്ട്.

എന്നാൽ വളരെ പരിമിതമായ സാഹചര്യങ്ങളിൽ ജീവിക്കുന്ന ഒരു കുടുംബത്തിലെ കുട്ടിയെ സംബന്ധിച്ച്, അവരുടെ ജീവിതം തന്നെ മാറ്റിമറിക്കാൻ സാധിക്കുമെന്ന് വിശ്വസിക്കുന്ന ഒരേയൊരു വഴിയാണ് വിദ്യാഭ്യാസം. ആ വിശ്വാസം തകരുമ്പോൾ, അവിടെ നഷ്ടപ്പെടുന്നത് വെറുമൊരു പരീക്ഷ മാത്രമല്ല... ഒരു കുടുംബത്തിന്‍റെ പ്രതീക്ഷകൾ കൂടിയാണ്.

ഇത്തരം വീഴ്ചകൾക്ക് ഉത്തരവാദികളായവർ ആരായാലും, യാതൊരു ഇളവുകളുമില്ലാതെ അവർ വിചാരണ ചെയ്യപ്പെടുകയും ശിക്ഷിക്കപ്പെടുകയും വേണം. സുതാര്യവും നീതിയുക്തവും തങ്ങളുടെ വിശ്വാസത്തിന് അർഹവുമായ ഒരു സംവിധാനം നമ്മുടെ കുട്ടികൾ അർഹിക്കുന്നുണ്ട്.

ഒരു കുട്ടിക്കും ഇനി ഇത്തരം ഭാരങ്ങൾ പേറേണ്ടി വരരുതെന്ന് ഞാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു... ഒരിക്കൽ നൽകിയ പ്രതീക്ഷകൾ ഇത്ര എളുപ്പത്തിൽ ഇല്ലാതാകാതിരിക്കുന്ന ഒരു നാളേക്ക് വേണ്ടി.

logo
Metro Vaartha
www.metrovaartha.com