

താര സുതാരിയ
കന്നഡ സൂപ്പർതാരം യഷ് നായകനായി എത്തിയ ചിത്രം ടോക്സിക്കിലെ അഞ്ച് നായികമാരിൽ ഒരാളാണ് ബോളിവുഡ് നടി താര സുതാരിയ. ചിത്രം തീയെറ്റുകളിൽ തരംഗം സൃഷ്ടിക്കവേ തന്‍റെ വ്യക്തി ജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താര. ജീവിതത്തിൽ തനിക്ക് ആദ്യമായി ആർത്തവം ഉണ്ടായ അനുഭവമാണ് താര പങ്കുവച്ചത്. ഒരു ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താര തന്‍റെ അനുഭവങ്ങൾ തുറന്നുപറഞ്ഞത്.
പെൺകുട്ടികൾ മാത്രമുള്ള സ്‌കൂളിലായിരുന്നു പഠനം. അമ്മ ആർത്തവത്തെക്കുറിച്ചും ശരീരത്തിലെ മാറ്റങ്ങളെക്കുറിച്ചും തുറന്ന് സംസാരിച്ചിരുന്നു. 14ാം വയസിലായിരുന്നു ആദ്യ ആർത്തവം. അന്ന് താൻ വേദിയിൽ പാടിക്കൊണ്ടിരിക്കുകയായിരുന്നുവെന്നും ഉടൻ തന്നെ അമ്മയോട് വിവരം പറഞ്ഞുവെന്നും താര ഓർത്തെടുത്തു. അമ്മ പിന്തുണ നൽകുകയും പാഡ് എങ്ങനെ ഉപയോഗിക്കണമെന്ന് പഠിപ്പിക്കുകയും ചെയ്തു. തുടർന്ന് അമ്മൂമ്മയെയും വിളിച്ച് ഈ വിവരം അറിയിക്കാൻ അമ്മ ആവശ്യപ്പെട്ടതായും താര പറഞ്ഞു.
ചിത്രീകരണത്തിനിടെ ആർത്തവം ഉണ്ടാകുമ്പോൾ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും താര സംസാരിച്ചു. പാട്ട് രംഗങ്ങളിലോ മറ്റോ മനോഹരമായി കാണപ്പെടേണ്ട സമയത്ത് ആർത്തവം മൂലം വയറുവീക്കം, ക്ഷീണം, അസ്വസ്ഥത, മാനസിക അസ്വസ്ഥത തുടങ്ങിയവ അനുഭവപ്പെടാറുണ്ടെന്ന് താര പറഞ്ഞു.
ഇത്തരം സാഹചര്യങ്ങളിൽ തനിക്ക് ഇടവേള ആവശ്യമുണ്ടെന്ന് സംവിധായകനോടും അണിയറപ്രവർത്തകരോടും പറയാൻ മടിക്കാറില്ലെന്നും താര വ്യക്തമാക്കി. അതേസമയം ജോലിയെ ബാധിക്കാതിരിക്കാനും ശ്രദ്ധിക്കാറുണ്ട്.
‘തടപ്’ എന്ന ചിത്രത്തിനായി മസൂറിയിൽ മഴയത്ത് ഒരു രംഗം ചിത്രീകരിക്കുമ്പോഴും തനിക്ക് ആർത്തവമായിരുന്നുവെന്ന് താര വെളിപ്പെടുത്തി. എന്നാൽ ഷൂട്ടിങ് അനിവാര്യമായതിനാൽ ആ സാഹചര്യത്തെ നേരിട്ടുകൊണ്ടുതന്നെ ജോലി പൂർത്തിയാക്കിയെന്നും അവർ പറഞ്ഞു.
ആർത്തവത്തെ ‘ആ മാസത്തിലെ ആ സമയം’ തുടങ്ങിയ പരോക്ഷമായ വാക്കുകളിൽ വിളിക്കേണ്ട ആവശ്യമില്ലെന്നും താര അഭിപ്രായപ്പെട്ടു. “പിരിയഡ് എന്നത് പിരിയഡ് തന്നെയാണ്. അതിനെക്കുറിച്ച് ഒളിച്ചുവയ്ക്കേണ്ടതില്ല. ഇത് 2026 ആണ്, നമ്മൾ എല്ലാ കാര്യങ്ങളെക്കുറിച്ചും സംസാരിക്കണം”- താരയുടെ വാക്കുകൾ.