

ശിൽപ ഷിൻഡെ
നിർമാതാവിനെതിരേ വ്യാജ ലൈംഗികാരോപണം ഉന്നയിച്ച നടി ശിൽപ്പ ഷിൻഡെയ്ക്കെതിരേ വിമർശനം രൂക്ഷമാകുന്നു. നടിയെ അറസ്റ്റ് ചെയ്യണം എന്ന ആവശ്യവുമായി പുരുഷാവകാശ സംഘടന രംഗത്തെത്തി. പുരുഷന്മാരുടെ അവകാശങ്ങൾക്കായി ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻസിഎം ഇന്ത്യ കൗൺസിൽ ഫോർ മെൻ എഫയേഴ്സ് എന്ന എൻജിഒ ആണ് നടിക്കെതിരേ രംഗത്തെത്തിയത്. വ്യാജ ലൈംഗിക ആരോപണം ഉന്നയിച്ച നടിയെ അറസ്റ്റ് ചെയ്യണമെന്ന് മുംബൈ പൊലീസിനോട് എക്സിലൂടെ അവർ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് നടിയുടെ വെളിപ്പെടുത്തൽ പുറത്തുവന്നത്. ഒരു പോട്കാസ്റ്റിലൂടെ ആണ് നടി തുറന്നു പറച്ചിൽ നടത്തിയത്. നിർമാതാവ് സഞ്ജയ് കോലിക്കെതിരേ ഉന്നയിച്ച് ലൈംഗികാരോപണം വ്യാജമായിരുന്നു എന്നാണ് നടി പറഞ്ഞത്. ആരോപണം ഉന്നയിച്ച് പത്ത് വർഷങ്ങൾക്ക് ശേഷമാണ് നടിയുടെ കുറ്റസമ്മതം. ഭാഭിജി ഘർ പർ ഹേ എന്ന ടെലിവിഷൻ സിറ്റ്കോമുമായി ബന്ധപ്പെട്ടാണ് വിവാദം ഉയർന്നത്.
ഇതിലെ കഥാപാത്രത്തിലൂടെ നടി വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ 2016ൽ നടി ഷോ അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കി. മറ്റ് ഷോകൾ ചെയ്യാൻ തന്നെ അനുവദിക്കുന്നില്ല എന്ന് പറഞ്ഞാണ് ഷോ അവസാനിപ്പിക്കുന്നത്.
എന്നാൽ, നടിയുടെ ആരോപണം തെറ്റാണ് എന്ന് വ്യക്തമാക്കിക്കൊണ്ട് നിർമാണ കമ്പനി രംഗത്തെത്തുകയും കരാർ ലംഘിച്ചതിന് ലീഗൽ നോട്ടീസ് നൽകുകയും ചെയ്തു. ഇതിനു പിന്നാലെയാണ് നിർമാതാവിനെതിരേ ലൈംഗിക പീഡന ആരോപണവുമായി നടി രംഗത്തെത്തിയത്.
താൻ അഭിനയിച്ചതിന്‍റെ പണം നൽകാത്തതിനാലാണ് പീഡന ആരോപണം ഉന്നയിച്ചത് എന്നാണ് നടി നൽകുന്ന വിശദീകരണം. എഫ്ഐആർ രജിസ്റ്റർ ചെയ്യണമെങ്കിൽ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കണമെന്ന് പൊലീസ് തന്നോട് പറഞ്ഞെന്നും അതുകൊണ്ടാണ് അത്തരമൊരു ആരോപണം ഉന്നയിച്ചത് എന്നുമാണ് നടി പറയുന്നത്. താൻ എന്താണ് ചെയ്യുന്നതെന്ന ബോധ്യമുണ്ടോ എന്ന് തന്‍റെ സുഹൃത്തുക്കൾ പോലും അന്ന് ചോദിച്ചിരുന്നെന്നും നടി കൂട്ടിച്ചേർത്തു.
അതിനിടെ ശിൽപയ്ക്കെതിരേ രൂക്ഷ വിമർശനമാണ് ഉയരുന്നത്. സ്വാർഥയായ സ്ത്രീയാണെന്നും ഒരു പുരുഷന്റെ ജീവിതം തകർത്തുവെന്നും ഇപ്പോൾ മുതലക്കണ്ണീർ പൊഴിക്കുന്നുവെന്നുമാണ് ഒരാൾ കുറിച്ചത്. നടിക്കെതിരേ നിർമാതാവ് മാനനഷ്ടത്തിന് കേസ് കൊടുക്കണമെന്നും പറയുന്നവരുണ്ട്.