വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ്‌യുടെ പേരിൽ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ; ഔദ്യോഗിക അക്കൗണ്ടുകളുടെ പട്ടിക പുറത്തുവിട്ടു

തന്‍റെ പേരിൽ നിലവിൽ ഔദ്യോഗിക ഫാൻ ക്ലബ്ബോ സംഘടനയോ പ്രവർത്തിക്കുന്നില്ലെന്നും ജേസൺ അറിയിച്ചു
Joseph Vijay, Jason Sanjay

ജോസഫ് വിജയ്, ജേസൺ സഞ്ജയ്

Updated on: 

ചെന്നൈ: തന്‍റെ പേരിൽ പ്രവർത്തിക്കുന്ന വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരേ മുന്നറിയിപ്പുമായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ മകനും സംവിധായകനുമായ ജേസൺ സഞ്ജയ്. തന്‍റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കി അദ്ദേഹം ഇൻസ്റ്റഗ്രാമിലൂടെ പ്രസ്താവന പുറത്തിറക്കി.

ഇൻസ്റ്റഗ്രാം, എക്സ്, ഫെയ്സ്ബുക്ക് എന്നീ പ്ലാറ്റ്‌ഫോമുകളിലെ ഔദ്യോഗിക അക്കൗണ്ടുകളുടെ പേരും ലിങ്കുകളും പ്രസ്താവനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ പരാമർശിച്ചിട്ടില്ലാത്ത മറ്റ് അക്കൗണ്ടുകളോ പേജുകളോ പ്രൊഫൈലുകളോ വ്യാജമാണെന്ന് ജേസൺ വ്യക്തമാക്കി. തന്‍റെ പേരോ ചിത്രമോ വ്യക്തിത്വവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളോ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇത്തരം അക്കൗണ്ടുകളിൽ നിന്നുള്ള പോസ്റ്റുകൾ, കമന്‍റുകൾ, സന്ദേശങ്ങൾ, ബിസിനസ് ആവശ്യങ്ങൾക്കായുള്ള ബന്ധപ്പെടലുകൾ എന്നിവയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം അറിയിച്ചു. ഇത്തരം അക്കൗണ്ടുകളുടെ പ്രവർത്തനങ്ങൾക്കോ അവ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾക്കോ താൻ ഉത്തരവാദിയായിരിക്കില്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

Official statement released by Jason Sanjay

ജേസൺ സഞ്ജയ് പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവന

തന്‍റെ പേരിൽ നിലവിൽ ഔദ്യോഗിക ഫാൻ ക്ലബ്ബോ സംഘടനയോ പ്രവർത്തിക്കുന്നില്ലെന്നും ജേസൺ അറിയിച്ചു. ഔദ്യോഗിക ഫാൻ ക്ലബ്ബാണെന്നോ അംഗീകൃത കൂട്ടായ്മയാണെന്നോ അവകാശപ്പെടുന്ന ഗ്രൂപ്പുകൾക്കും പേജുകൾക്കും അക്കൗണ്ടുകൾക്കും തന്‍റെ അംഗീകാരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്തിടെ 'സിഗ്മ' എന്ന ചിത്രത്തിലൂടെയാണ് സംവിധായകൻ എന്ന നിലയിൽ ജേസൺ അരങ്ങേറ്റം കുറിച്ചത്. ഒക്റ്റോബർ രണ്ടിനായിരുന്നു ചിത്രം തിയെറ്ററുകളിലെത്തിയത്. ചിത്രത്തിന്‍റെ റിലീസ് ദിനത്തിൽ പിതാവും നടനും രാഷ്ട്രീയ നേതാവുമായ വിജയ് മകനെ പരസ്യമായി പിന്തുണച്ചിരുന്നു. മധുരാന്തകത്ത് നടന്ന റോഡ് ഷോയ്ക്കിടെ 'സിഗ്മ'യുടെ പോസ്റ്റർ ഉയർത്തിക്കാട്ടിയാണ് വിജയ് പിന്തുണ അറിയിച്ചത്.

അതേസമയം, ചെന്നൈയിലെ കമലാ സിനിമാസിൽ ജേസന്‍റെ അമ്മ സംഗീത, സഹോദരി സാഷ എന്നിവർ ചിത്രത്തിന്‍റെ ആദ്യ പ്രദർശനം കാണാനെത്തിയിരുന്നു.