

അനന്യ രാജ്
നടി അനന്യ രാജ് മരിച്ചുവെന്ന് സ്ഥിരീകരിച്ച് കുടുംബം. 27 വയസായിരുന്നു. നടി മരണപ്പെട്ട് ഒരു മാസത്തിനു ശേഷമാണ് കുടുംബം ഇക്കാര്യം സ്ഥിരീകരിക്കുന്നത്. മാനസികവും ശാരീരികവുമായ പ്രശ്നങ്ങളുമായി പൊരുതുന്നതിനിടയിൽ ജൂലൈ 15ന് നടി മരിച്ചുവെന്നാണ് സ്ഥിരീകരണം. നടിയുടെ ഔദ്യോഗിക സോഷ്യൽമീഡിയ പേജിലൂടെയാണ് കുടുംബം ഇക്കാര്യം പങ്കു വച്ചിരിക്കുന്നത്. അനന്യ ജൂലൈ 15ന് മരണപ്പെട്ടുവെന്ന് വളരെ വേദനയോടെ അറിയിക്കുകയാണ്. ശാന്തമായി ഉറങ്ങുന്നതിനിടെയാണ് അവൾ പോയത്. ഒരു വർഷത്തോളമായി ശാരീരികവും മാനസികവുമായ പ്രശ്നങ്ങളിലൂടെ അവൾ കടന്നു പോയിക്കൊണ്ടിരിക്കുകയായിരുന്നു.
ഒരു പോരാളിയെ പോലെ ആ പ്രശ്നങ്ങളെയെല്ലാം തരണം ചെയ്യാൻ അവൾ ശ്രമിച്ചു. അവൾ വളരെ ശക്തയായ റാണിയെ പോലെ ജീവിച്ച പെൺകുട്ടിയായിരുന്നു. മകളേ നിന്‍റെ അഭാവം ഞങ്ങളെ ഒരുപാട് ബാധിക്കും. അവളുടെ ആത്മാവിനു വേണ്ടി എല്ലാവരും പ്രാർഥിക്കണം. ഈ സമയത്ത് സ്വകാര്യതയും ശാന്തതയും ഉറപ്പാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും പ്രസ്താവനയിൽ കുറിച്ചിട്ടുണ്ട്. ആരാധകർ ഞെട്ടലോടെയാണ് ഇക്കാര്യത്തോട് പ്രതികരിച്ചിരിക്കുന്നത്.
ഇത് വളരെ ഞെട്ടിക്കുന്നതും ഹൃദയം തകർക്കുന്നതുമായ വാർത്തയാണെന്ന് ഒരാൾ കുറിക്കുന്നു. മുംബൈ സ്വദേശിയായ അനന്യ 2016ൽ 7 ഹവേഴ്സ് ടു ഗോ എന്ന സിനിമയിലൂടെയാണ് ബോളിവുഡിലെത്തിയത്. 2017ൽ ദി ഫൈനൽ എക്സിറ്റ്, 2019ൽ ഗോസ്റ്റ് എന്നീ സിനിമകളിലും അഭിനയിച്ചു. മദ്രാസി ഗ്യാങ് എന്ന സിനിമയിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിച്ചു. ഇൻസ്റ്റഗ്രാമിൽ ലക്ഷക്കണക്കിന് പേരാണ് അനന്യയെ ഫോളോ ചെയ്തിരുന്നത്. 2025 ഡിസംബറിൽ ക്രിക്കറ്റ് താരം ശുഭ്മാൻ ഗില്ലിനൊപ്പം പാർട്ടിയിൽ പങ്കെടുക്കുന്ന ചിത്രമാണ് അനന്യ ഏറ്റവും ഒടുവിൽ പങ്കു വച്ചത്.