

മമ്മൂട്ടി, മാളവിക മോഹനൻ,മോഹൻലാൽ
തെന്നിന്ത‍്യയിലും മലയാളത്തിലുമായി നിരവധി ആരാധകരുള്ള നടിയാണ് മാളവിക മോഹനൻ. മോഹൻലാൽ സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ അണിയറയിൽ ഒരുങ്ങുന്ന ഇരുപതാമത്തെ ചിത്രമായ ഹൃദയപൂർവമാണ് മാളവികയുടേതായി പുറത്തുവരാനിരിക്കുന്ന ചിത്രം. കഴിഞ്ഞ ദിവസം മാളവിക എക്സിൽ പങ്കുവച്ച ആസ്ക് മാളവിക ചോദ‍്യോത്തര പരിപാടിയിൽ ആരാധകരുടെ ചോദ‍്യത്തിന് മാളവിക നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ‍്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
മമ്മൂട്ടിയോ മോഹൻലാലോ എന്നായിരുന്നു ചോദ‍്യം. ''ഒരാൾ സിനിമയുടെ മനോഹരമായ ലോകത്തേക്ക് എന്നെ കൊണ്ടുവന്നു. മറ്റൊരാളോടൊപ്പം ഞാൻ മനോഹരമായ ഒരു ചിത്രം ചെയ്തു. അപ്പോൾ ഇത് അൽപ്പം അന‍്യായമായ ചോദ‍്യമാണ് അല്ലേ?'' ഇതായിരുന്നു മാളവികയുടെ മറുപടി.
ഹൃദയപൂർവം ഷൂട്ട് കഴിഞ്ഞോയെന്നായിരുന്നു മറ്റൊരാൾ മാളവികയോട് ചോദിച്ചത്. മൂന്നു ദിവസം മുമ്പ് ചിത്രീകരണം പൂർത്തിയാക്കിയെന്നും എന്നാൽ ചിത്രീകരണം പൂർത്തിയാക്കിയെന്ന കാര‍്യം ഇപ്പോഴും ഞാൻ ഉൾകൊണ്ടിട്ടില്ലെന്നും മനോഹരമായ ടീമായിരുന്നു ഹൃദയപൂർവത്തിന്‍റേതെന്നും മാളവിക മറുപടി നൽകി.
'ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമ ചെയ്യാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്. ആ സെറ്റ് നന്നായി മിസ് ചെയ്യുന്നുണ്ട്'. മാളവിക കുറിച്ചു.
ദുൽഖർ സൽമാൻ ചിത്രം പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് മാളവിക സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിലേക്ക് തന്‍റെ പേര് നിർദേശിച്ചത് മമ്മൂട്ടിയാണെന്ന് മാളവിക പല അഭിമുഖങ്ങളിലൂടെയും വ‍്യക്തമാക്കിയിരുന്നു.