
രാഞ്ജാന AI ക്ലൈമാക്സ് വിവാദം: സംവിധായകനെ പിന്തുണച്ച് ഫർഹാൻ അക്തർ | Video
ഹിന്ദി ചിത്രം രാഞ്ജനായുടെ തമിഴ് പതിപ്പായ അംബികാപതിയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളിൽ പ്രതികരിച്ച് നിർമാതാവായ ഫർഹാൻ അക്തറും ഋതേഷ് സിദ്ധ്വാനിയും. ആനന്ദ് എൽ. റായ് സംവിധാനം ചെയ്ത് ധനുഷ് അഭിനയിച്ച് 2013ൽ റിലീസ് ചെയ്ത രാഞ്ജനാ എന്ന ചിത്രം കഴിഞ്ഞയാഴ്ച തമിഴ്‌നാട്ടിൽ എഐ ഉപയോഗിച്ച് ക്ലൈമാക്സ് മാറ്റി റിലീസ് ചെയ്തിരുന്നു.
ചിത്രത്തിന്‍റെ ക്ലൈമാക്സ് സീന്‍ മാറ്റി എഡിറ്റ് ചെയ്ത പുതിയ പതിപ്പ് പ്രൊഡക്ഷൻ ഹൗസായ ഇറോസ് എന്‍റർടെയ്ൻമെന്‍റ്സായിരുന്നു റിലീസ് ചെയ്തത്. ചിത്രത്തിന് തമിഴ് നാട്ടിൽ വന്‍ അംഗീകാരം ലഭിച്ചു. തിയെറ്ററിൽ ആളുകൾ ആഘോഷിക്കുന്നതും തുള്ളിച്ചാടുന്നതിന്‍റെയുമെല്ലാം വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഫർഹാൻ അക്തറിന്‍റെ പ്രതികരണം.
മറ്റൊരാളുടെ ചിത്രം കൃത്രിമബുദ്ധി ഉപയോഗിച്ച് പരിഷ്കരിച്ച് പ്രദർശിപ്പിക്കാന്‍ ആർക്കും ഒരിക്കലും ഒരു അധികാരവുമില്ല. ഇത് സൃഷ്ടിപരമായ സമഗ്രതയുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
"സിനിമയുടെ യഥാർഥ സ്രഷ്ടാവിനൊപ്പമാണ് ഞാൻ എപ്പോഴും നിൽക്കുക. അവരുടെ സൃഷ്ടിയിൽ മാറ്റം വരുത്തുന്നതിൽ ഒരു സ്രഷ്ടാവ് അസന്തുഷ്ടനാണെങ്കിൽ, ഞാൻ എപ്പോഴും അവരെ പിന്തുണയ്ക്കും"- ഫർഹാൻ അക്തർ പറഞ്ഞു. തങ്ങളുടെ പുതിയ ചിത്രം 120 ബഹാദൂറിന്‍റെ പ്രസ് മീറ്റിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
ഫർഹാന്‍റെ അഭിപ്രായത്തോട് യോജിക്കുന്നതായി റിതേഷ് സിദ്ധ്വാനിയും പറഞ്ഞു. "അനുമതി ഇല്ലാതെ ഇത് ചെയ്യാൻ പാടില്ലാത്തതായിരുന്നു. ഫലപ്രദമായും ഉത്തരവാദിത്വത്തോടെയും ഉപയോഗിക്കാൻ നമ്മൾ പഠിക്കേണ്ട ഒരു ഉപകരണം മാത്രമാണ് എഐ. എന്നാൽ അത് ഒരിക്കലും ഒരു സമ്മതമില്ലാതെയുള്ള കടന്നുകയറ്റമാവരുത്"- അദ്ദേഹം പറഞ്ഞു.
നേരത്തെ ചിത്രത്തിന്‍റെ പുതുക്കിയ പതിപ്പ് റിലീസ് ചെയ്തതിനെ എതിർത്ത് ചിത്രത്തിന്‍റെ സംവിധായകന്‍ ആനന്ദ് എൽ. റായും നടന്‍ ധനുഷും രംഗത്തെത്തിയിരുന്നു.