
'കാന്താര 2' വിന്‍റെ വിലക്ക് പിൻവലിച്ചു; ഒക്‌ടോബർ 2 ന് ചിത്രം തിയെറ്ററുകളിലെത്തും
തിരുവനന്തപുരം: പ്രേക്ഷകർ ഏറ്റെടുത്ത ‘കാന്താര’ ചിത്രത്തിന്‍റെ രണ്ടാം പതിപ്പ് കാന്താര 2 ന് കേരളത്തിൽ വിലക്കേർപ്പെടുത്തിയ നടപടി പിൻവലിച്ച് ഫിയോക്ക്. ഒക്ടോബർ 2 ന് കേരളത്തിലടക്കം വേൾഡ് വൈഡ് ആയി ചിത്രം തിയെറ്ററുകളിലെത്തും. ഫിലിം ചേമ്പറിന്‍റെ നേതൃത്വത്തില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും ഫിയോക്കും നടത്തിയ ചർച്ചയുടെ ഭാഗമായാണ് തീരുമാനം.
വിതരണക്കാർ കൂടുതൽ വിഹിതം ആവശ്യപ്പെട്ടതോടെയാണ് ഫിയോക്ക് ഇടഞ്ഞത്. കളക്ഷന്‍റെ 55 ശതമാനം വിഹിതമാണ് വിതരണക്കാർ ആവശ്യപ്പെട്ടിരുന്നത്. ഇത് എതിർത്ത് തിയെറ്റർ ഉടമകളുടെ സംഘടന ഫിയോക്ക് കാന്താര 2 കേരളത്തിൽ പ്രദർശിപ്പിക്കില്ലെന്ന തീരുമാനത്തിലേക്ക് എത്തുകയുമായിരുന്നു.
എന്നാൽ ആദ്യത്തെ രണ്ട് ആഴ്ച ഹോള്‍ഡ് ഓവര്‍ ഇല്ലാതെ 55 ശതമാനവും രണ്ടാമത്തെ ആഴ്ചയില്‍ 50 ശതമാനം വീതവും വിതരണക്കാര്‍ക്ക് നല്‍കാമെന്ന് ധാരണയിലെത്തി. ഹോള്‍ഡ് ഓവര്‍ ഇല്ലാതെ പ്രദര്‍ശിപ്പിക്കാമെന്ന നിലപാടിനെ സ്വാഗതം ചെയ്താണ് പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ഈ തീരുമാനം അംഗീകരിച്ചതോടെ കേരളത്തിലെ വിലക്ക് പിൻവലിക്കാൻ ഫിയോക്ക് തയാറാവുകയായിരുന്നു.